Latest NewsKeralaNews

നായ്ക്കളെ അഴിച്ചു വിട്ടു, ഗ്ലാസുകളും ബിയര്‍ കുപ്പികളും തല്ലിത്തകര്‍ത്തു, വടിവാള്‍ വിശി ജീവനക്കാരെ ആക്രമിച്ചു; ബില്‍തുക അടയ്ക്കാനില്ലാതെ വന്നതോടെ ബാര്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

പഴയന്നൂര്‍: വടിവാളുമായി എത്തി ബാര്‍ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാക്കള്‍. പഴയന്നൂരിലെ രാജ് റീജന്‍സി ഹോട്ടലിലാണ് സംഭവം. ബില്‍ തുക നല്‍കാനില്ലാതെ വന്നതോടെ യുവാക്കളില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരന്‍ ഫോണ്‍ പിടിച്ചു വാങ്ങിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിയ രണ്ട് യുവാക്കളും ചേര്‍ന്ന് നാല് ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കളെ ഹോട്ടലിലേക്ക് അഴിച്ചു വിട്ടു. ഷര്‍ട്ട് ധരിക്കാതെ നായ്ക്കളുമായി ഹോട്ടലിലെത്തിയ ഇവര്‍ വടിവാള്‍ ഉപയോഗിച്ചു കംപ്യൂട്ടര്‍, നൂറു കണക്കിനു ഗ്ലാസുകള്‍, ബീയര്‍-സോഡാക്കുപ്പികള്‍, ഫര്‍ണിച്ചര്‍ എന്നിവ വെട്ടിനശിപ്പിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ALSO READ: ഊര്‍ജ്ജരംഗത്ത് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടു :ഇറക്കുന്നത് 50ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം, മുതല്‍മുടക്കാന്‍ തയ്യാറായി നിരവധി കമ്പനികൾ

വെള്ളി രാത്രി പത്തേമുക്കാലോടെയാണ് സംഭവം. വൈകിട്ടു നാലുമുതല്‍ രാത്രി ഒന്‍പതുവരെ യുവാക്കള്‍ ബാറിലിരുന്നു മദ്യപിച്ചതായി ജീവനക്കാര്‍ പറയുന്നു. ബില്‍തുകയായ 950 രൂപ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നായിരുന്നു ഇവരുടെ മറുപടി. യുവാക്കളുടെ മൊബൈല്‍ ഫോണ്‍ പരിചാരകന്‍ പിടിച്ചുവെച്ചതോടെ ഉന്തും തള്ളും ഉണ്ടായി. ഭീഷണി മുഴക്കിയ യുവാക്കള്‍ ഹോട്ടലില്‍ നിന്നും പോവുകയും ചെയ്തു. എന്നാല്‍ രാത്രി പത്തേമുക്കാലോടെ ഇവര്‍ വീണ്ടുമെത്തി. ഷര്‍ട്ട് ധരിക്കാതെ കയ്യില്‍ വടിവാളുമായി നായ്ക്കളെയും കൊണ്ടായിരുന്നു വരവ്. ലോക്കല്‍ ബാറിനുള്ളില്‍ കയറിയശേഷം ഇവര്‍ നായ്ക്കളെ അഴിച്ചുവിട്ടു. നായ്ക്കള്‍ കുരച്ചുചാടി പാഞ്ഞതോടെ മദ്യപിക്കാനെത്തിയവരും ജീവനക്കാരും ജീവനുംകൊണ്ടോടി.

യുവാക്കള്‍ ജീവനക്കാരെ ആക്രമിക്കുകയും കണ്ണില്‍ കണ്ടതെല്ലാം വടിവാള്‍ ഉപയോഗിച്ചു നശിപ്പിക്കുകയും ചെയ്തു. ബാറില്‍നിന്നു റസ്റ്ററന്റിലേക്കു നീങ്ങിയ ഇവര്‍ മുന്നിലെ വലിയ ഗ്ലാസ്വാതില്‍ വടിവാള്‍കൊണ്ട് തകര്‍ത്തു. പോലീസ് എത്തുമ്പോഴേക്കും ഇവര്‍ രക്ഷപെട്ടിരുന്നു. ഹോട്ടലിലെ പാചകക്കാരനായ ഒഡീഷ സ്വദേശി സുഭാഷിന്റെ (45) കയ്യില്‍ വാള്‍കൊണ്ടു വെട്ടേറ്റു. പരിചാരകന്‍ കൃഷ്ണന്‍കുട്ടി (45), സെക്യൂരിറ്റി ജീവനക്കാരന്‍ രാധാകൃഷ്ണന്‍ (55) എന്നിവര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. വെള്ളപ്പാറയില്‍ നായ്ക്കളെ പരിശീലിപ്പിക്കാന്‍ എത്തിയവരാണ് അക്രമികളെന്നാണ് നിഗമനം. ഇവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ALSO READ: ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല, ഇതുവരെ സംഘടന നിർദ്ദേശിച്ചത് അനുസരിച്ചു, ഇനിയും അങ്ങനെ തന്നെ ആയിരിക്കും : കുമ്മനം

shortlink

Related Articles

Post Your Comments

Related Articles


Back to top button