KeralaLatest NewsNews

കേരളത്തിലോടുന്ന ട്രെയിനുകളുടെ കോച്ചുകള്‍ പിന്‍വലിക്കുന്ന നടപടി റെയില്‍വേ അവസാനിപ്പിക്കണം – കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം • മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16549) എക്സ്പ്രസ്സ് ട്രെയിനിന്‍റെ 4 കോച്ചുകള്‍ വെട്ടിക്കുറച്ച നടപടിയില്‍ സതേണ്‍ റെയില്‍വേ ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ അനന്തരാമനെ തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ എം.പിമാരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതിഷേധം അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എം.പിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പരശുറാം എക്സ്പ്രസ്സ് ട്രെയിനുകളിലെ ഏതാനും കോച്ചുകള്‍ തകരാറിലായതിനാലാണ് 4 കോച്ചുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നതെന്ന് സതേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ എം.പിയെ അറിയിച്ചു. എന്നാല്‍ പരശുറാം എക്സ്പ്രസ്സില്‍ നിന്നും പിന്‍വലിച്ച കോച്ചുകളില്‍ 3 എണ്ണം സെപ്റ്റംബര്‍ 23ന് തന്നെ പുന:സ്ഥാപിച്ചതായും അവശേഷിക്കുന്ന ഒരു കോച്ച് രണ്ട് ദിവസത്തിനകം പൂന:സ്ഥാപിക്കുമെന്നും അദ്ദേഹം എം.പിയെ അറിയിച്ചു.

പരശുറാം എക്സ്പ്രസ്സ് പോലെയുള്ള തിരക്കേറിയ ട്രെയിനുകളിലെ കോച്ചുകള്‍ വെട്ടിക്കുറയ്ക്കുന്നത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. സതേണ്‍ റെയില്‍വേയുടെ ഈ നടപടി അംഗീകരിക്കാനാവില്ല. പരശുറാം എക്സ്പ്രസ്സ് കേരളത്തില്‍ ഓടുന്നത് യാത്രക്കാര്‍ തിങ്ങി നിങഞ്ഞാണ്. ഈ സാഹചര്യത്തില്‍ കോച്ചുകള്‍ വെട്ടിക്കുറച്ചാലുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാതെയാണ് റെയില്‍വേ യാത്രക്കാര്‍ക്ക് നിരന്തരം ഇരുട്ടടി നല്‍കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ ഓടുന്ന ഇന്‍റര്‍സിറ്റി, ദീര്‍ഘദൂര ട്രെയിനുകള്‍, പാസഞ്ചര്‍, എക്സ്പ്രസ്സ് ട്രെയിനുകളിലും മതിയായ കോച്ചുകള്‍ ഏര്‍പ്പെടുത്താത്തത് മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാദുരിതം റെയില്‍വേ മന്ത്രിയേയും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനേയും, ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കേരളത്തിലെ പതിനായിരക്കണക്കിന് റെയില്‍വേ യാത്രക്കാരരെ നിരന്തരം പീഢിപ്പിക്കുന്ന റെയില്‍വേ ട്രെയിനുകളുടെ വൈകിയോട്ടം മൂലം പൊറുതി മുട്ടിക്കുകയാണ്. സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്മാരുടെ മനുഷ്യത്വ രഹിതമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button