KeralaLatest NewsNews

കർഷകർക്ക് സബ്‌സിഡിയെന്ന പേരിൽ നൽകുന്ന സഹായം കോർപറേറ്റുകൾക്ക് നൽകുമ്പോൾ വളർച്ചയ്ക്കുള്ള ഉത്തേജനമായി മാറുന്നു: ഡോ. ദെവിന്ദർ ശർമ

രാജ്യത്തെ കർഷകർക്ക് സഹായം നൽകുമ്പോൾ അതിനെ സബ്‌സിഡിയെന്നും കോർപറേറ്റുകൾക്ക് അതേ സഹായം നൽകുമ്പോൾ വളർച്ചയ്ക്കുള്ള ഉത്തേജനമെന്നും വിളിക്കുന്നത് വിരോധാഭാസമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ ഡോ. ദെവിന്ദർ ശർമ പറഞ്ഞു. സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗ് കേരള നിയമസഭയിൽ തണൽ എന്ന സംഘടനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയും കാർഷിക മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നത് കാർഷിക മേഖലയ്ക്കാണ്. അതേസമയം കാർഷിക മേഖല രാജ്യമാകെ ദുരിതത്തിലാണ്. രാജ്യമെമ്പാടും കർഷകർ ആത്മഹത്യ ചെയ്യുന്നു. അതിനിടയിലും കാർഷിക മേഖലയെ പുനർജീവിപ്പിക്കുന്നതിന് കേരളം നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങൾ വലിയ തോതിൽ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്ന റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ണർഷിപ്പ് കരാർ സൂക്ഷിച്ചു മാത്രമേ ഒപ്പു വയ്ക്കാവൂ. കാർഷിക മേഖല, പ്രത്യേകിച്ച് മൃഗസംരക്ഷണ മേഖലയാവും ഇതിലൂടെ വലിയ തിരിച്ചടി നേരിടുക. ഇന്ത്യയിൽ പത്തു കോടി ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. ഒരു പശുവോ എരുമയോ ഉള്ളതിനാലാണ് ഭൂരിപക്ഷം കർഷകരും പട്ടിണിയില്ലാതെ കഴിയുന്നത്. കരാർ യാഥാത്ഥ്യമായാൽ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് വൻ തോതിൽ കയറ്റിഅയയ്ക്കാൻ ന്യൂസിലാൻഡ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കാത്തിരിക്കുകയാണ്.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്തെ കണക്കുകൾ പരിശോധിച്ചാൽ കർഷകന്റെ വരുമാനത്തിൽ വർദ്ധനവുണ്ടായില്ലെന്ന് കാണാനാവും. ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിൽ ഒരു കർഷക കുടുംബത്തിന്റെ വാർഷിക ശരാശരി വരുമാനം 20,000 രൂപ മാത്രമാണ്. കർഷകന്റെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാമെന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.

വരൾച്ചയും ജലദൗർലഭ്യവുമാണ് പലപ്പോഴും കൃഷി നഷ്ടമാകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്. എന്നാൽ 98 ശതമാനം കൃഷിയിടങ്ങളിലും ജലം ലഭിക്കുന്ന പഞ്ചാബ് പോലെയുള്ള സംസ്ഥാനത്ത് കൃഷി എങ്ങനെ നഷ്ടമാവുന്നെന്നും കർഷക ആത്മഹത്യ എന്തുകൊണ്ട് സംഭവിക്കുന്നെന്നും പരിശോധിക്കണം. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും കർഷകർ ദുരിതത്തിലാണ്. അടുത്തിടെ അമേരിക്കയിലെ ഒരു കർഷകൻ സ്വന്തം ഫാമിലെ 51 പശുക്കളെ വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയുണ്ടായി. ഇംഗ്‌ളണ്ടിലും ആസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമെല്ലാം ഇതാണ് അവസ്ഥ. ഭക്ഷ്യവില എപ്പോഴും താഴ്ത്തണമെന്നാണ് അന്താരാഷ്ട്ര ചിന്താഗതി. ഇന്ത്യയ്ക്ക് മാതൃകയാവാൻ കേരളത്തിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഭാഷണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷി ഒരു സംസ്‌കാരമാണോ ബിസിനസാണോയെന്നതാണ് പ്രസക്തമായ ചോദ്യമെന്ന് സ്പീക്കർ പറഞ്ഞു. ആർ. സി. ഇ. പി കരാറിനെതിരെ സംസ്ഥാന കൃഷി വകുപ്പ് ശക്തമായി പ്രതിഷേധിക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. എം. എൽ. എമാർ, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻനായർ, തണൽ ഡയറക്ടർ ശ്രീധർ രാധാകൃഷ്ണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

shortlink

Post Your Comments


Back to top button