
ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്ന പേരിലുള്ള ഒരു സുഹൃത്തിന്റെ സന്ദേശം പങ്കുവച്ചതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനം. ദക്ഷിണാഫ്രിക്കയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കുറവാണെന്നും അവിടെ മനുഷ്യത്വ രഹിതമായ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്നും അഴിമതി മൂലം ജനങ്ങള്‍ പൊറുതിമുട്ടിയെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്ന പോസ്റ്റാണ് മസ്‌ക് പങ്കുവച്ചത്. എന്നാല്‍ പോസ്റ്റില്‍ പറയുന്നതൊന്നും സത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കക്കാര്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ഒരു സുഹൃത്തില്‍ നിന്ന് ഇപ്പോള്‍ ലഭിച്ച സന്ദേശം എന്ന ക്യാപ്ഷനോടെയാണ് മസ്‌ക് ഒരു സ്‌ക്രീന്‍ഷോട്ട് എക്സില്‍ പങ്കുവച്ചത്. ട്രാഫിക്ക് ലൈറ്റുകള്‍ പോലുമില്ലാതെ ജോഹന്നാസ്ബര്‍ഗ് ഇരുട്ടുമൂടി കിടക്കുകയാണെന്നും അതുവഴിയുള്ള രാത്രി സഞ്ചാരം ഭീകരമാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിരവധി ട്രാഫിക് ടൈറ്റുകളാലും സ്ട്രീറ്റ് ലൈറ്റുകളാലും പ്രകാശിതമായ ജോഹന്നാസ്ബര്‍ഗ് നഗരത്തില്‍ നിന്ന് നിരവധി പേര്‍ ലൈവിടുകയും പോസ്റ്റിലെ വാദങ്ങള്‍ തെറ്റാണെന്ന് പറയുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ വര്‍ധിച്ചുവരുന്ന അഴിമതിയുടെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രെഡിന് 50 ഡോളര്‍ കൊടുക്കേണ്ടി വരുമെന്നും മസ്‌ക് പങ്കുവച്ച പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതും നുണയാണെന്ന് നിരവധി ആഫ്രിക്കക്കാര്‍ പറയുന്നു. ഒരു വലിയ ബ്രെഡ് ലോഫിന് ആഫ്രിക്കയില്‍ ഒരു ഡോളറിന് താഴെ മാത്രമാണെന്ന് സൂചിപ്പിക്കുന്ന നിരവധി മറുപടി ട്വീറ്റുകളാണ് മസ്‌കിനെ മെന്‍ഷന്‍ ചെയ്ത് പലരും പങ്കുവയ്ക്കുന്നത്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പോസ്റ്റ് മസ്‌കിനെ പോലെ ഒരാള്‍ പങ്കുവയ്ക്കുന്നതിന്റെ ഉദ്ദേശമെന്തെന്ന് വ്യക്തമാക്കണമെന്ന് നിരവധി പേരാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
Post Your Comments