Latest NewsLife StyleHealth & Fitness

എന്താണ് പാനിക് അറ്റാക്ക് ? ഇക്കാര്യങ്ങള്‍ അറിയൂ…

 

തനിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോഴോ തിരക്കുള്ള സ്ഥലങ്ങളില്‍ എത്തുമ്പോഴോ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത പരിഭ്രാന്തി. ശക്തമായ വിയര്‍പ്പ്, വിറയര്‍, ഉയരുന്ന ഹൃദയമിടിപ്പ്, ശ്വാസംമുട്ടല്‍, ഇപ്പോള്‍ മരിച്ച് പോകുമെന്ന തോന്നല്‍ ഇങ്ങനെയൊരു അവസ്ഥ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ കടന്നുപോകുന്നത് പാനിക് അറ്റാക്ക് എന്ന പ്രശ്‌നത്തിലൂടെയാണ്. അറ്റാക്കാണെങ്കിലും പാനിക് അറ്റാക്കിന് ഹാര്‍ട്ട് അറ്റാക്കുമായി ഒരു ബന്ധവുമില്ല.

ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് ‘പാനിക് അറ്റാക്ക്’. ഏതാനും മണിക്കൂറുകളോ ചിലപ്പോള്‍ മിനിട്ടുകള്‍ മാത്രമോ ആണ് ഈ അവസ്ഥ നിലനില്‍ക്കുക. പാനിക് അറ്റാക്കിന്റെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ, മരിച്ച് പോകുമോ തുടങ്ങിയ നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ.

കാരണംകൂടാതെ ശക്തമായുള്ള ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും നാല് ലക്ഷണങ്ങളുള്ളവര്‍ക്ക് പാനിക് അറ്റാക്കാണ് എന്ന് ഉറപ്പിക്കാം. മറ്റ് പല രോഗങ്ങള്‍ക്കും ഈ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ തന്നെ അത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുകയാണ് ആദ്യ പടി.

ഈ പ്രശ്‌നവുമായി മനോരോഗ വിദഗ്ധരെയാണ് സാധാരണയായി സമീപിക്കാറ്. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍ എന്നിവയാണ് അവര്‍ ചെയ്യുക. ആന്റി ഡിപ്രസന്‍സ് മരുന്നുകള്‍ ചികിത്സയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്ളൂവോക്സെറ്റിന്‍, ഫ്ളൂവോക്സിന്‍, സെര്‍ട്രാലിന്‍, പരോക്സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ പക്ഷേ ഒരുമാസത്തോളം എടുക്കും. അതിനാല്‍ തന്നെ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടതും അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button