KeralaLatest NewsNews

കൂടത്തായി മരണപരമ്പരയില്‍ കല്ലറയില്‍ മൂടിയ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഏക വഴി ഡിഎന്‍എ : ഇനി പൊലീസിന്റെ നീക്കം ഈ വഴിയ്ക്ക്

തിരുവനന്തപുരം : കഴിഞ്ഞ ഒരാഴ്ചയായി കേരളം ഭീതിയിലാണ്. 2002 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കൂടത്തായിലെ പൊന്നാമറ്റം തറവാട്ടിലെ 6 പേരെയാണ് ജോളി എന്ന അതിക്രൂര കൊലയാളി നിമിഷ നേരങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയത്. ഒരോ ദിവസവും പുറത്തുവരുന്നത് നാടിനെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. മരണം ഏറെ ഇഷ്ടപ്പെടുന്ന രക്ത ദാഹിയായ ജോളി മരണത്തെയും കൊല്ലലും ഇഷ്ടവിനോദമാക്കി മാറ്റി. പൊന്നാമറ്റം കുടുംബത്തിലേക്കു മരുമകളായി എത്തിയ ജോളി ജോസഫിന്റെ രക്തദാഹത്തിന്റെ ഇരകള്‍. അന്ത്യസമയത്ത് എല്ലാവരും ഭക്ഷണം കഴിച്ചിരുന്നതും ഒരാളുടെ സാന്നിധ്യം ആറിടത്തും ഉണ്ടായിരുന്നു എന്നതുമാണ് 17 വര്‍ഷത്തിനിപ്പുറം സംശയം സൃഷ്ടിച്ചതും ജോളിയെ കുടുക്കിയതും. സയനൈഡ് നല്‍കിയായിരുന്നു ആറു കൊലകളുമെന്നു ജോളി കുറ്റസമ്മതവും നടത്തി

ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ അറസ്റ്റിലായ ജോളിയാണു കൂട്ടക്കൊലപാതകം നടത്തിയത് എന്നതു ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ കോടതിയില്‍ തെളിയിക്കുക പൊലീസിനു വെല്ലുവിളിയാണ്. കല്ലറയില്‍ മൂടിയ രഹസ്യങ്ങള്‍ കണ്ടെത്താന്‍ മൃതദേഹങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് പരിശോധനകളാണു പിടിവള്ളി.

എന്താണ് ഡിഎന്‍എ? ജീവിയുടെ അടിസ്ഥാനഘടകമായ ഡീഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ് എന്ന ജനിതകഘടനയുടെ ചുരുക്കെഴുത്താണു ഡിഎന്‍എ. ഓരോ മനുഷ്യരുടെയും ഡിഎന്‍എ വ്യത്യസ്തമാണ്. ഒരേ പോലുള്ള ഡിഎന്‍എ രണ്ടു പേര്‍ക്കുണ്ടാവില്ലെന്നു ശാസ്ത്രം. കുറ്റകൃത്യം നടത്തിയ പ്രദേശത്തുനിന്നു കിട്ടിയ ഗ്ലൗസ്, മുഖംമൂടി, തലമുടി, ഉമിനീര്, വസ്ത്രം തുടങ്ങിയവയില്‍ നിന്നൊക്കെ കുറ്റവാളിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാം. നിലവില്‍ കുറ്റവാളിയെ സ്ഥിരീകരിക്കാന്‍ വിരലടയാളമാണു ശാസ്ത്രീയ തെളിവായി പരിഗണിക്കുന്നത്. കുറ്റകൃത്യമുണ്ടായ സ്ഥലത്തുനിന്നു കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തുക ശ്രമകരമാണ്.

സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കുമ്പോള്‍ തിരിച്ചറിയാനുള്ള ഏറ്റവും ശാസ്ത്രീയവും സൂക്ഷ്മവുമായ മാര്‍ഗമാണു മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പരിശോധന. പഴക്കം കൊണ്ടു ശരീരകോശങ്ങള്‍ നഷ്ടപ്പെട്ട ക്രിമിനല്‍ കേസില്‍ അസ്ഥികളില്‍നിന്നു സാംപിള്‍ ശേഖരിച്ചാണു പരിശോധന. കൂടത്തായിയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേരുടെയും ശരീരകോശങ്ങള്‍ ലഭ്യമല്ല. കുഴിച്ചെടുക്കാനായതാകട്ടെ അസ്ഥികള്‍ മാത്രവും. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പരിശോധന ഇവിടെയാണ് അനിവാര്യമാകുന്നത്.

മക്കള്‍ക്ക് അമ്മ വഴിയുള്ള ബന്ധമാണു കണ്ടെത്താന്‍ കഴിയുക. ഇതിനായി അസ്ഥികളില്‍നിന്നു ശേഖരിക്കുന്ന ഡിഎന്‍എ സാംപിളുകള്‍, ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളുടെ സാംപിളുകളുമായി ഒത്തുനോക്കുകയാണ് ആദ്യപടി. കൂടത്തായി കേസില്‍ 17 വര്‍ഷം മുന്‍പു മരിച്ച അന്നമ്മയും മക്കളുമായുള്ള ബന്ധം തെളിയേണ്ടത് അത്യാവശ്യമാണ്. ഇവരുടെ ബന്ധം ശാസ്ത്രീയമായി ഉറപ്പിക്കാനായാല്‍ മാത്രമെ കൊലക്കേസിലെ മറ്റു തെളിവുകള്‍ക്കു സാധുതയുണ്ടാകൂ. കൊല്ലപ്പെട്ടവരില്‍ അന്നമ്മയും സഹോദരന്‍ മാത്യുവും തമ്മിലുള്ള ബന്ധവും ഇങ്ങനെ തെളിയിക്കാന്‍ കഴിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button