
തിരുവനന്തപുരം•’അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം’ എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും ഗവര്‍ണര്‍ ഓര്‍മ്മപ്പെടുത്തി. ഭക്ഷണം ഒരു അടിസ്ഥാന ആവശ്യകതയാണ്. ഒപ്പം എല്ലാ ജീവജാലങ്ങളുടെയും അവകാശവുമാണ്. അതിനാല്‍ ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഓരോ രാജ്യവും വളരെയധികം പ്രാധാന്യം നല്‍കുന്നതില്‍ അതിശയിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പോഷന്‍ മാസാചരണത്തിന്റെ സമാപനവും ലോക ഭക്ഷ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഡിപിഐ ജംഗ്ഷനിലുള്ള ജവഹര്‍ സഹകരണ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വനിതാ ശിശു വികസന വകുപ്പിന്റെ ന്യൂസ് ലെറ്റര്‍, അങ്കണവാടികളില്‍ സ്ഥാപിക്കുന്ന ന്യൂട്രി ഡാഗ്ലര്‍, സമ്പൂര്‍ണ തളിക എന്നിവയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
ലോകത്തിന്റെ മുഴുവന്‍ ഭാവിയും, ഭാവിയിലെ പൗരന്മാരായ കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ആശ്രയിച്ചിരിക്കുന്നു. ശിശു ക്ഷേമത്തിന് കേരളം വളരെ പ്രാധാന്യം നല്‍കുന്നു. മാതൃ ശിശു മരണനിരക്ക് ഏറ്റവും കുറവാണ് കേരളത്തില്‍. ശിശു പോഷകാഹാരത്തിലും കേരളം ഉടന്‍ തന്നെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായി വിജയം നേടുമെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളും ഭക്ഷണത്തെ ദൈവികമായി കാണുകയും അല്ലെങ്കില്‍ ദൈവം നല്‍കിയതായി കാണുകയും ചെയ്യുന്നു. എല്ലാ ഭക്ഷ്യധാന്യങ്ങളിലും അത് കഴിക്കുന്ന ആളുടെ പേര് അദൃശ്യമായി ആലേഖനം ചെയ്തിട്ടുണ്ടെന്ന വിശ്വാസമാണ് കര്‍മ്മ നിയമം പറയുന്നത്. പക്ഷേ ഇന്ന് ഭക്ഷ്യധാന്യങ്ങളില്‍ പേരുകളില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ദുരവസ്ഥയിലേക്കാണ് ആഗോള യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയും ഒരുകാലത്ത് ദശലക്ഷക്കണക്കിന് പട്ടിണി കിടക്കുന്നവരുടെ ഭവനമായിരുന്നുവെങ്കിലും അടുത്ത കാലത്തായി ഈ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സമഗ്രമായ ശ്രമങ്ങളിലൂടെ സഹായിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ദാരിദ്ര്യ നിര്‍മ്മാര്‍ജന നിരക്കാണ് ഇന്ത്യയ്ക്കുള്ളത്. 2006 നും 2016 നും ഇടയില്‍ 271 ദശലക്ഷത്തിലധികം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.
മതിയായ പോഷകാഹാരം നല്‍കുന്നത് ദാരിദ്ര്യ ലഘൂകരണത്തിനുള്ള ദൗത്യത്തിലെ പ്രധാന ഘടകമാണ്. പോഷന്‍ അഭിയാന്‍ എന്നറിയപ്പെടുന്ന നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ പോലുള്ള പ്രധാന പദ്ധതികള്‍ക്ക് പ്രസക്തി ലഭിക്കുന്നത് ഇവിടെയാണ്. സമ്പുഷ്ട കേരളം സംരംഭത്തിലൂടെ കേരളം ഈ പദ്ധതി വളരെ ഫലപ്രദമായി നടപ്പാക്കിയതില്‍ സന്തോഷമുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനമായും പ്രമേഹ രോഗങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ തളിക സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഈ സുപ്രധാന പരിപാടി സംഘടിപ്പിക്കാന്‍ കൈകോര്‍ത്ത എല്ലാ വകുപ്പുകളെയും അഭിനന്ദിക്കുന്നു.
ആര്‍ക്കും പട്ടിണിയുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ലോക ഭക്ഷ്യ ദിനം ആഘോഷിക്കുന്നത്. ഏതൊരു പദ്ധതിയുടെയും വിജയത്തിന് ആധാരം അതിന്റെ നടത്തിപ്പും നിരീക്ഷണവുമാണ്. ലോക ഭക്ഷ്യ ദിനത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ആഗോള വൈരുദ്ധ്യങ്ങളെക്കുറിച്ചും നാം ചിന്തിക്കണം. പ്രാദേശിക തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തതയുടെ പ്രസക്തി എടുത്തു കാണിക്കുന്ന ഗാന്ധിജിയുടെ ഗ്രാമ സ്വരാജിന്റെ മാതൃകയില്‍ വിവിധ സംഘടനകള്‍ ‘അന്ന സ്വരാജ്’ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ഭക്ഷ്യവസ്തുക്കളില്‍ വിഷ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യത്തെക്കുറിച്ചും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി നമ്മുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണവും ഇരട്ടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കേരളം പല കാര്യങ്ങളിലും മികച്ച നേട്ടം കൈവരിച്ചുവെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹിക നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. ഈയൊരു പ്രാധാന്യം മുന്‍നിര്‍ത്തിയാണ് സമ്പുഷ്ട കേരളത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നത്. വകുപ്പ് നടപ്പിലാക്കുന്ന വലിയ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജോ. ഡയറക്ടര്‍ സുന്ദരി എന്നിവര്‍ പങ്കെടുത്തു.
Post Your Comments