
തിരുവനന്തപുരം : മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്ഐ പ്രസാദിന് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോണ്‍മെന്റ് എസിപിയുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ രണ്ടര പവന്‍ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പോലീസ് ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മാസം 23 നാണ് സംഭവം. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെണ്‍മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകള്‍ പോലീസ് സ്റ്റേഷനില്‍ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനായിരുന്നു മറുപടി.
അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പോലീസില്‍ മോഷണത്തിന പരാതി നല്‍കിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പോലീസ് ബിന്ദുവിനോട് ചെയ്തത് കൊടുംക്രൂരതയാണ്. 20 മണിക്കൂര്‍ ബിന്ദുവിനെ പോലീസ് കസ്റ്റഡിയില്‍ വച്ചു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ പോലീസ് വിട്ടയയ്ക്കുന്നത്. ഇക്കാര്യമെല്ലാം ധരിപ്പിച്ചുള്ള പരാതിയുമായി ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു.
മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പോലീസ് വിളിപ്പിക്കുമെന്നാണ് ബിന്ദുവിന് ലഭിച്ച മറുപടി. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവഹേളനമുണ്ടായതെന്നു ബിന്ദു പറഞ്ഞു. അവിടെ ഉണ്ടായിരുന്ന സാര്‍ പരാതി വായിച്ചുപോലും നോക്കിയില്ല. പി ശശി എന്ന ആള്‍ക്കാണ് പരാതി നല്‍കിയതെന്നും ബിന്ദു പറഞ്ഞു. പലരീതിയില്‍ ബന്ധപ്പെട്ട് മുന്‍കൂറായി അനുമതി വാങ്ങിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ അനുമതി ലഭിച്ചത്. അത്തരത്തില്‍ അഭിഭാഷകനൊപ്പം പരാതി നല്‍കാന്‍ പോയ ദളിത് യുവതിയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോശം അനുഭവമുണ്ടായത്.
Post Your Comments