WayanadKeralaNattuvarthaNews

വയനാട്ടിലെ നിയമവിരുദ്ധമായ ടൂറിസം കേന്ദ്രങ്ങള്‍ അടപ്പിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി

തൊള്ളായിരംകണ്ടിയില്‍ യുവതി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടികളും പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണ്

കല്‍പറ്റ : ആദിവാസി വിരുദ്ധവും കര്‍ഷക വിരുദ്ധവും വനം- വന്യജീവി വിരുദ്ധവുമായ വയനാട്ടിലെ അനിയന്ത്രിതവും നിയമവിരുദ്ധവുമായ ടൂറിസം കേന്ദ്രങ്ങള്‍ മനുഷ്യരുടെ കുരുതിക്കളം കൂടി ആയ സാഹചര്യത്തില്‍ ഇവ അടച്ചുപൂട്ടിക്കാന്‍ വയനാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.
തൊള്ളായിരംകണ്ടിയില്‍ യുവതി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടികളും പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണ്.

ഇനി പ്രിയങ്കയുടെയും രാഹുലിന്റെയും കണ്ണീര് മാത്രമാണ് വരാനിരിക്കുന്നത്. അതും ഉടനെ പ്രതീക്ഷിക്കാവുന്നതാണ്.
വയനാട്ടിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനമാകെ മണ്ണിനെയും മനുഷ്യരെയും കൊല്ലാക്കൊല ചെയ്യുന്ന ടൂറിസത്തിന്റെ സംരക്ഷകരും ഗുണഭോക്താക്കളുമാണ്. മേപ്പാടി പഞ്ചായത്തും വൈത്തിരി പഞ്ചായത്തും ഗുണഭോക്താക്കളില്‍ ഒന്നാമന്‍മാരാണ്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ടൂറിസ്റ്റുകളുടെ കുത്തിയൊഴുക്കിന് ചെറിയ കുറവുണ്ടായതിനെ തുടര്‍ന്ന് വിളറി പൂണ്ടവാരാണിവരൊക്കെ.

ബ്രാന്റ് അമ്പാസ്സഡര്‍മാരായി അഭിനയിച്ച് തിമര്‍ത്ത മന്ത്രി റിയാസിനും എം എല്‍ എ സിദ്ദീഖിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും മരണപ്പെട്ട യുവതിയുടെ ചോരയിലും ഇന്നത്തെ അരാജകാവസ്ഥയിലും പങ്കുണ്ട്. വയനാട്ടില്‍ 2500ല്‍ അധികം നിയമവിരുദ്ധ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം രാഷ്ട്രീയനേതാക്കള്‍ക്കും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും ജില്ലാഭരണകൂടത്തിനും വനം വകുപ്പിനും ജില്ലാ പൊലീസിനും ജില്ലാ കലക്ടര്‍ക്കും ടൂറിസം ഡിപ്പാര്‍ട്ടുമെന്റിനും എല്ലാം വ്യക്തമായി അറിയാവുന്നതാണ്.

ഇവയില്‍ നിന്നെല്ലാം മാസപ്പടി ഇവരില്‍ മഹാഭൂരിഭാഗവും കൈപ്പറ്റുന്നുണ്ട്. മിക്ക പഞ്ചായത്തുമെമ്പര്‍മാരുടെയും പ്രസിഡന്റുമാരുടെയും അക്ഷയഖനികളാണ് റിസോര്‍ട്ടുകളെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
യോഗത്തില്‍ എന്‍ ബാദുഷ അധ്യഷത വഹിച്ചു. തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍, ബാബു മൈലമ്പാടി, സണ്ണി മരക്കാവടവ്, പി എം സുരേഷ്, എ വി മനോജ്, രാമകൃഷ്ണന്‍ തച്ചമ്പത്ത് സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button