Latest NewsNewsIndia

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ: രണ്ട് പേര്‍ മരിച്ചതായി വിവരം, ഡോ അനുഷ്‌കയെ തേടി പൊലീസ്

കാണ്‍പൂര്‍: ഒരേ സ്വകാര്യ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ചതായി പരാതി. വിനീത് ദുബെ, മായങ്ക് കത്യാര്‍ എന്നീ എഞ്ചിനീയര്‍മാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഡോ. അനുഷ്‌ക തിവാരിയുടെ എംപയര്‍ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് എത്തിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ക്ലിനിക്കിനെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. മാര്‍ച്ച് 14 ന്, ഡോ. അനുഷ്‌ക തിവാരിയുടെ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം വീര്‍ത്ത് വേദന അനുഭവപ്പെട്ടെന്ന് ജയ ത്രിപാഠി നല്‍കിയ പരാതിയില്‍ പറയുന്നതായി അഡീഷണല്‍ ഡിസിപി വെസ്റ്റ് വിജേന്ദ്ര ദ്വിവേദി പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നല്‍കാതിരുന്നതാണ് മരണ കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 106(1) പ്രകാരം മെയ് 9 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 

ദുബെയുടെ കേസിന് പിന്നാലെ കുശാഗ്ര കത്യാര്‍ എന്നയാള്‍ അതേ ക്ലിനിക്കിനെതിരെ വ്യാഴാഴ്ച പൊലീസ് കമ്മീഷണര്‍ അഖില്‍ കുമാറിന് പരാതി നല്‍കി. നവംബര്‍ 18 ന് എംപയര്‍ ക്ലിനിക്കില്‍ സഹോദരന്‍ മായങ്ക് കത്യാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്‌തെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം നെഞ്ചുവേദനയും വീക്കവും അനുഭവപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. അടുത്ത ദിവസം അദ്ദേഹം മരിച്ചു. മായങ്കിന്റെ മുഖം വല്ലാതെ വീര്‍ത്തിരുന്നുവെന്നും ക്ലിനിക്കില്‍ നിന്ന് ഫറൂഖാബാദിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടെന്നും സഹോദരന്‍ പറഞ്ഞു.

വേദനയ്ക്ക് കുത്തിവയ്പ്പ് എടുക്കാന്‍ ഡോക്ടര്‍ അനുഷ്‌ക പറഞ്ഞു. പക്ഷേ അത് ആശ്വാസം നല്‍കിയില്ല. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളൊന്നും കാര്‍ഡിയോളജിസ്റ്റിനും കണ്ടെത്താനായില്ല, പക്ഷേ അടുത്ത ദിവസം മരണം സംഭവിച്ചെന്ന് സഹോദരന്‍ പറയുന്നു. മായങ്ക് കത്യാരുടെ മരണം സംബന്ധിച്ച് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ അതോ വിനീത് ദുബെയുടെ കേസുമായി ചേര്‍ത്ത് അന്വേഷിക്കണമോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടുമെന്ന് ഡിസിപി വിജേന്ദ്ര ദ്വിവേദി പറഞ്ഞു.

വിനീത് ദുബെയുടെ മരണത്തിന് പിന്നാലെ ഡോ. അനുഷ്‌ക തിവാരി ഒളിവിലാണ്. ഡോക്ടറെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button