News

മണ്‍കൂനയ്ക്കടിയില്‍ പോയ മകന്റെ ഓര്‍മകളുമായി അവര്‍ മടങ്ങി : ഒരു പിടി മണ്ണുമായിട്ടായിരുന്നു അവരുടെ മടക്കം

മൂന്നാര്‍: മണ്‍കൂനയ്ക്കടിയില്‍ പോയ മകന്റെ ഓര്‍മകളുമായി അവര്‍ മടങ്ങി. ഒരു പിടി മണ്ണുമായിട്ടായിരുന്നു അവരുടെ മടക്കം. മൂന്നാര്‍ ലാക്കാട് ഗ്യാപ്പ് റോഡിലെ മലയിടിച്ചിലില്‍ കാണാതായ തമിഴ്‌നാട് കൃഷ്ണഗിരി ചെന്നാനൂര്‍ സ്വദേശി തമിഴരശന്റെ (18) അച്ഛനമ്മമാരായ കുമാരവേല്‍-വനിതാമണി എന്നിവരാണ് മകനെ കണ്ടെത്താനാകാതെ മടങ്ങിയത്. ജില്ലാ ഭരണകൂടം തിരച്ചില്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് ഒരുപിടി മണ്ണുമായി ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങിയത്.

ഗ്യാപ്പ് റോഡില്‍ അപകടമുണ്ടായ എട്ടാംതീയതി തന്നെ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ തമിഴരശന്റെ അച്ഛനമ്മമാര്‍ ലാക്കാട് എത്തിയിരുന്നു. പെരിയകനാലിലെ സുരത്തിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ ഇരുവരും എല്ലാ ദിവസവും രാവിലെ ഗ്യാപ്പിലെത്തി ദുരന്തനിവാരണ സേനയുടെ തിരച്ചില്‍ നോക്കിനില്‍ക്കുമായിരുന്നു. തിരച്ചിലിന്റെ നാലാംദിവസം വസ്ത്രങ്ങള്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയിരുന്നു.

തിരച്ചില്‍ ദുഷ്‌കരമായതോടെയാണ് ബുധനാഴ്ച ഇത് അവസാനിപ്പിക്കുന്ന കാര്യം പോലീസും ദേശീയപാതാ അധികൃതരും അച്ഛനമ്മമാരെ അറിയിച്ചത്. ഇതോടെയാണ് ദുരന്തസ്ഥലത്തുനിന്ന് ഒരുപിടി മണ്ണ് വാരിയെടുത്തത്. ഇതുവെച്ച് അന്ത്യകര്‍മങ്ങള്‍ നടത്തും. തമിഴരശന്‍ അപകടമുണ്ടായ സ്ഥലത്തുനിന്ന് അവസാനമായെടുത്ത ഫോട്ടോയും ഇവര്‍ കൊണ്ടുപോയി. ബിരുദ വിദ്യാര്‍ഥിനിയായ ഐശ്വര്യയാണ് തമിഴരശന്റെ സഹോദരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button