
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം ബഹവല്‍പൂരില്‍ നടത്തിയ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറിന്റെ 10 കുടുബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സൂചന. മസൂദ് അസറിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടത്താനായി ബഹവല്‍പൂരിനെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തത് ഇന്ത്യന്‍ സായുധ സേന ആലോചിച്ചെടുത്ത തന്ത്രമായിരുന്നു.
പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണിത്. ലാഹോറില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മൗലാന മസൂദ് അസറിന്റെ ആസ്ഥാനം ഈ കേന്ദ്രത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. കനത്ത സുരക്ഷയുള്ള ഒരു കോമ്പൗണ്ടിലാണ് ഇപ്പോഴും മസൂദ് അസര്‍ താമസിക്കുന്നത്. 2002 ല്‍ പാകിസ്താനില്‍ ജെയ്ഷെ മുഹമ്മദിനെ ഔദ്യോഗികമായി നിരോധിച്ചിരുന്നു. എന്നാല്‍ ഈ നിരോധനം പ്രധാനമായും കടലാസില്‍ മാത്രമായിരുന്നു.
1994ല്‍ കശ്മീരില്‍ വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചതിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 1999ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ ഇന്ത്യക്ക് മസൂദ് അസറിനെ വിട്ടുകൊടുക്കേണ്ടിവന്നു. മസൂദിനെ വിട്ടുകൊടുക്കേണ്ടിവന്നതില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
2000ത്തില്‍ കശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേറാക്രമണം, 2001ല്‍ ജമ്മു കശ്മീര്‍ നിയമസഭയിലെ ബോംബാക്രമണം, അതേവര്‍ഷം തന്നെയുണ്ടായ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട്, ഉറി, 2019ലെ പുല്‍വാമ എന്നീ ആക്രമണങ്ങള്‍ക്ക് പിന്നിലെല്ലാം മസൂദ് അസര്‍ ആണ്.
Post Your Comments