
ന്യൂദൽഹി : പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ. തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് അദ്ദേഹം പ്രതികരിച്ചത്. “അഭി പിക്ചർ ബാക്കി ഹേ , നടപടി ഇപ്പോഴും തുടരുന്നു “- എന്നായിരുന്നു നരവാനെ തന്റെ പോസ്റ്റിൽ എഴുതിയിരുന്നത്.
ഇതിനു പുറമെ ഇന്ത്യയിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സംഘർഷം വർദ്ധിപ്പിക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ ചെയ്ത പോലത്തെ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മുൻ കരസേനാ മേധാവി സൂചന നൽകി.
അതേ സമയം സംഘർഷം വർദ്ധിപ്പിക്കുന്നതിനെതിരെ ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന എന്നിവയുടെ മേധാവികളുമായി സംസാരിച്ചതായി എഎൻഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടിയെ ഒരു യുദ്ധപ്രവർത്തനം എന്ന് വിളിക്കുകയും ഉചിതമായ മറുപടി നൽകുമെന്ന് പറയുകയും ചെയ്തു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരെ ക്രൂരമായി കൂട്ടക്കൊല ചെയ്തതിനെത്തുടർന്നാണ് ബുധനാഴ്ച പുലർച്ചെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലെ തീവ്രവാദികളുടെ പ്രദേശത്തേക്ക് ശക്തമായ മിസൈൽ ആക്രമണം നടത്തിയത്.
ഈ ഓപ്പറേഷനിൽ കൃത്യതയോടെ നയിക്കപ്പെടുന്ന മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന തീവ്രവാദവുമായി ബന്ധപ്പെട്ട ഒമ്പത് പ്രധാന ലക്ഷ്യങ്ങൾ ആക്രമിച്ചു തകർത്തു. കൂടാതെ ഇവയുടെ നാശം സമീപകാലത്തെ ഏറ്റവും ധീരവും പ്രധാനപ്പെട്ടതുമായ അതിർത്തി കടന്നുള്ള ഇന്ത്യയുടെ സൈനിക പ്രവർത്തനങ്ങളിലൊന്നായിട്ടാണ് വിലയിരുത്തുന്നത്.
അതേ സമയം ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഓപ്പറേഷൻ സിന്ദൂരിനെ പഹൽഗാം ഭീകരാക്രമണത്തിനെതിരായ കൃത്യവും നിയന്ത്രിതവുമായ തിരിച്ചടി എന്ന് വിശേഷിപ്പിച്ചു. കൂടാതെ ഇന്ത്യ പാകിസ്ഥാൻ്റെ ഒരു സൈനിക കേന്ദ്രവും ആക്രമിച്ചില്ല. അനാവശ്യമായ പ്രകോപനം ഒഴിവാക്കിക്കൊണ്ട് കുറ്റവാളികളെ ഉൻമൂലനം ചെയ്യാനുള്ള നടപടിയെ ഈ ഓപ്പറേഷൻ അടിവരയിടുന്നതായും പ്രതിരോധ മന്ത്രാലയം എക്സിൽ കുറിച്ചു.
Post Your Comments