KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര; ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി ഷാജു- സിലി ദമ്പതികളുടെ മകന്‍

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി ഷാജുവിന്റെയും സിലിയുടെയും മകന്‍. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായുമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയത്. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും മൊഴിയിലുണ്ട്. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്. സിലിയുടെ മരണശേഷമാണ് ജോളിയും ഷാജുവും വിവാഹിതരാകുന്നത്.

സിലിയെ ആശുപത്രിക്ക് സമീപത്തുവെച്ച് സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സിലിയുടെ മരണത്തിലും ജോളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ ചോദ്യം ചെയ്യല്‍ ക്യാമറയില്‍
ചിത്രീകരിക്കും. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

കൂടത്തായിലെ ആറ് കൊലപാതകങ്ങളും ആറ് പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് സയനൈഡ് കിട്ടിയത് എവിടെ നിന്ന്, കൊലപാതകങ്ങളില്‍ ആരെല്ലാം സഹായിച്ചു, കൊലപാതക വിവരം ആര്‍ക്കെല്ലാം അറിയാമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button