KeralaLatest NewsNews

‘ഇത് പണ്ടത്തെ ഫ്യൂഡലിസമാണ്’; സംവിധായകനെതിരായ മഞ്ജുവിന്റെ പരാതിയില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇത് പണ്ടത്തെ ഒരു ഫ്യൂഡലിസമാണെന്നും ഞാന്‍ നിനക്ക് കുറേ ഉപകാരങ്ങള്‍ ചെയ്തു, അതുകൊണ്ട് ജീവിതകാലം മുഴുവന്‍ നീ എന്റെ അടിമയായി ജീവിച്ചുകൊള്ളണമെന്ന് പറയുന്നത് പോലെയാണിതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മഞ്ജുവിനെ പരിഹസിച്ച് താറടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.

സംഭവത്തിലെ വാസ്തവമെന്താണെന്ന കാര്യത്തെക്കുറിച്ച് അവര്‍ രണ്ടുപേര്‍ക്കും മാത്രമേ അറിയൂ എന്നും ശ്രീകുമാര്‍ മേനോന്‍ ചെയ്തത് മഹാവൃത്തികേടായിപ്പോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന വ്യക്തി പോലീസില്‍ പരാതി നല്‍കിയത് അത്രമാത്രം അനുഭവിച്ചതിനാലാവണം. വേണമെങ്കില്‍ ഇദ്ദേഹത്തെ നാറ്റിക്കാന്‍ വേണ്ടി മഞ്ജു വാര്യര്‍ക്കും പോസ്റ്റിടാം. ജനങ്ങള്‍ അയാളേയും തെറി വിളിക്കും. എന്നാല്‍ വളരെ മാന്യമായി, നിയമപരമായി നീങ്ങുകയാണ് മഞ്ജു ചെയ്തത്- ഭാഗ്യലക്ഷ്മി പറഞ്ഞു.

ALSO READ: ഒന്നര വര്‍ഷത്തെ അദ്ധ്വാനമെല്ലാം ഒരു നിമിഷം കൊണ്ട് വെറുതേയാക്കിക്കൊണ്ട് അവന്‍ കീഴടങ്ങി; തിരിച്ചു വന്നത് ആറാം തമ്പുരാനിലെ ലാലേട്ടനെ പോലെ- വായിക്കേണ്ട കുറിപ്പ്

വളരെ മാന്യമായാണ് മഞ്ജു വാര്യര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ അദ്ദേഹം ചെയ്തത് അങ്ങനെയല്ല. അയാള്‍ക്ക് നഷ്ടപ്പെടാന്‍ യാതൊരു ഇമേജുമില്ല, എന്നാല്‍ മഞ്ജുവിന്റെ കാര്യം അങ്ങനെയല്ല. ആ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. വെറുതെ വഴിയിലൂടെ പോവുന്ന ഒരു സ്ത്രീയെ അല്ലല്ലോ ഇയാള്‍ കയറ്റിക്കൊണ്ടുവന്നത്. മഞ്ജു വാര്യര്‍ എന്ന് പറയുന്ന സ്ത്രീയുടെ പൊട്ടന്‍ഷ്യലും അവര്‍ക്ക് സമൂഹത്തിലുള്ളൊരു ആരാധനയും സ്വീകാര്യതയും മനസ്സിലാക്കി അത് മുതലെടുത്തത് ശ്രീകുമാര്‍ മേനോനാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വ്യക്തിപരമായാണ് താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റോ വീഡിയോയോ വന്നാല്‍ സ്വമേധയാ പ്രതികരിക്കുകയാണ് വേണ്ടതെന്നും ആരുടെയും പെര്‍മിഷന് വേണ്ടി കാത്തിരിക്കാറില്ലെന്നും മഞ്ജു വാര്യരുടെ വീഴ്ച കാത്തിരിക്കുന്ന ഒരുപാട് പേര്‍ സിനിമാ മേഖലയിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ: ഹോട്ടലിലെത്തിക്കാമെന്ന് പറഞ്ഞ് ക്യാബ് ഡ്രൈവര്‍ പറ്റിച്ചു, പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു; അമേരിക്കയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്തുമെന്ന കാര്യത്തില്‍ ഭയമുണ്ടെന്നുമായിരുന്നു മഞ്ജു വാര്യരുടെ പരാതി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിച്ചത്. ഒടിയനില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതായുമായിരുന്നു മഞ്ജുവിന്റെ പരാതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യപ്പേട്ടേക്കാമെന്ന ഭയമുണ്ടെന്നും താരം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും മഞ്ജു വാര്യര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ALSO READ: വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കാൻ നിർദേശം

shortlink

Related Articles

Post Your Comments


Back to top button