KeralaLatest NewsNews

ജോളി സുഹൃത്തിന് നല്‍കിയത് സിലിയുടെയും അന്നമ്മയുടെയും സ്വര്‍ണം; 45 പവന്‍ തട്ടിയെടുത്തതായി സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി അന്നമ്മയുടെയും സിലിയുടെയും ഉള്‍പ്പെടെ 45 പവന്‍ സ്വര്‍ണം തട്ടിയെടുത്തതായി സൂചന. ജോളി തന്റേതെന്നു പറഞ്ഞ് സുഹൃത്തായ ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ ജോണ്‍സണ് പലപ്പോഴായി ഈ സ്വര്‍ണം നല്‍കിയെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.

സിലിക്ക് സ്ത്രീധനമായി ലഭിച്ച 30 പവന്‍, മക്കളുടെ ആഭരണങ്ങളുള്‍പ്പെടെ അഞ്ചുപവന്‍ എന്നിവ ജോളി കൈക്കലാക്കിയെന്നാണ് വിവരം. മകള്‍ റെഞ്ജിയുടെ വിവാഹാവശ്യങ്ങള്‍ക്കായ അന്നമ്മ കരുതി വെച്ച വളകളുള്‍പ്പെടെ പത്ത് പവനോളം സ്വര്‍ണവും കൈവശപ്പെടുത്തിയതായി ജോളി നേരത്തേ മൊഴി നല്‍കിയിരുന്നു.

ALSO READ: അഫീലിന്റെ മരണത്തിന് പിന്നില്‍ സംഘാടനത്തിലെ പിഴവ്; അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളിങ്ങനെ

സ്വര്‍ണാഭരണങ്ങളെല്ലാം തന്റേതാണെന്ന് അവകാശപ്പെട്ടാണ് ജോളി സുഹൃത്തിനു നല്‍കിയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സിലിയുടെതുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ജോണ്‍സണ്‍ മുഖേന ജോളി നാട്ടിലോ കോയമ്പത്തൂരിലോ പണയം വെച്ചെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. എന്നാല്‍ സ്വന്തം ആവശ്യത്തിനാണോ അതോ, ജോളിക്ക് വേണ്ടിയാണോ സുഹൃത്ത് ഈ ആഭരണങ്ങള്‍ പണയം വെച്ചതെന്നകാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. പുതുപ്പാടിയിലെ ഒരു സഹകരണബാങ്കില്‍ കുറച്ചുകാലം പണയംവെച്ച സ്വര്‍ണം ഇയാള്‍ അടുത്തിടെ പണം തിരിച്ചടച്ച് എടുത്തിരുന്നു എന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

അതേസമയം, സ്വര്‍ണാഭരണങ്ങളില്‍ ചിലത് വില്‍ക്കാനുള്ള സാധ്യതയും പോലീസ് കണക്കിലെടുത്തിട്ടുണ്ട്. അന്നമ്മ മകള്‍ റെഞ്ജിക്കായി വാങ്ങിയിരുന്ന 65 പവനില്‍ എട്ടുപവനും അന്നമ്മയുടെ മരണശേഷം അവരുടെ മാല, കമ്മല്‍, വളകള്‍, വിരമിക്കുമ്പോള്‍ ലഭിച്ച ആനുകൂല്യത്തിന്റെ വിവരമുള്‍പ്പെടെ അന്നമ്മ രേഖപ്പെടുത്തി വെച്ചിരുന്ന ഡയറി എന്നിവ കാണാതായതിനു പിന്നില്‍ ജോളിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ALSO READ: ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ 2 ലക്ഷം മാത്രമായിരുന്നുവെന്ന് ഉടമ : ബാഗ് കണ്ടെടുത്തപ്പോള്‍ അതില്‍ 70 ലക്ഷം രൂപ : മലയാളി വ്യാപാരിയ്‌ക്കെതിരെ അന്വേഷണം

സിലി മരിക്കുമ്പോള്‍ അവര്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയതും ജോളിയായിരുന്നു. ആഭരണങ്ങളെല്ലാം സിലി ഒരു ധ്യാന കേന്ദ്രത്തിന് സംഭാവന നല്‍കിയെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും ജോളിയാണ് ആഭരണങ്ങള്‍ കൈക്കലാക്കിയതെന്നുമാണ് പോലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button