Kerala

നോര്‍ക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി

കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍ക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ.സി.ആര്‍ വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട പ്രവാസികളുടെ മക്കള്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ ഇന്‍ഷ്വറന്‍സ് കാര്‍ഡോ, ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡോ ഉണ്ടായിരിക്കണം.

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ (ആര്‍ട്ട്‌സ്/സയന്‍സ് വിഷയങ്ങളില്‍), എം.ബി.ബി.എസ്സ്/ബി.ഡി.എസ്/ബി.എച്ച്.എം.എസ്സ്/ബി.എ.എം.സ്സ്/ബിഫാം/ ബി.എസ്.സി.നഴ്‌സിംഗ്/ബി.എസ്.സി.എം.എല്‍.റ്റി./എന്‍ജിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍/ വെറ്റിനറി ബിരുദ കോഴ്‌സുകള്‍ക്ക് 2019-20 അദ്ധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥി കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പഠിക്കുന്ന കോഴ്‌സുകള്‍ക്കുവേണ്ട യോഗ്യത പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരില്‍ ബിരുദത്തിന് സയന്‍സ് വിഷയങ്ങള്‍ക്ക് 75 ശതമാനത്തിന് മുകളിലും, ആര്‍ട്ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനത്തിന് മുകളിലും മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത. പ്രൊഫഷണല്‍ ബിരുദ കോഴ്‌സിന് പഠിക്കുന്നവര്‍ പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്കിന് മുകളില്‍ നേടിയിരിക്കണം. റഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

അപേക്ഷ ഫാറം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, 3-ാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 വിലസത്തില്‍ 2019 നവംബര്‍ 30 നകം ലഭിക്കണം. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button