KeralaLatest NewsNewsHealth & Fitness

ചെമ്മീന്‍ റോസ്റ്റ് കഴിച്ചതിനുശേഷം ലൈംജ്യൂസ് കുടിച്ചാല്‍ മരണമോ? ഡോക്ടര്‍ക്ക് പറയാനുള്ളത്

‘ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാല്‍ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോള്‍ നിങ്ങള്‍ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി. പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരന്‍ ചെമ്മീന്‍ റോസ്റ്റൊക്കെ കൂട്ടി ഭക്ഷണം കഴിച്ച് ഒരു ലൈം ജ്യൂസും കൂടി അങ്ങു കാച്ചി. ജ്യൂസ് കുടിച്ച് കഴിഞ്ഞതും ശരീരമാകെ ചൊറിഞ്ഞു തടിച്ചു മുഖമൊക്കെ നീര് വച്ച് ശ്വാസം മുട്ടലും ബോധക്കേടും ഒക്കെയായി ആകെ എടങ്കേറായി. തൊട്ടടുത്തു ആശുപത്രിയുള്ളത് കൊണ്ട് രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതി. നിങ്ങളല്ലേ പറഞ്ഞത് ചെമ്മീനും നാരങ്ങാവെള്ളവും കുഴപ്പമില്ലാന്ന്… ഒരാള്‍ ഡോക്ടറോട് പറഞ്ഞ ആവലാതികളാണ് ഇത്. എന്നാല്‍ ഈ വിഷയത്തില്‍ വിശദമായ ഒരു കുറിപ്പ് തന്നെ എഴുതിയേക്കാമെന്നാണ് ഇന്‍ഫോ ക്ലിനിക്കിലെ ഡോക്ടര്‍മാരും ആലോചിച്ചത്. തുടര്‍ന്ന് ചെമ്മീനും നാരങ്ങയും വിരുദ്ധ ആഹാരങ്ങളാണോ? എന്താണിതിന്റെ യാഥാര്‍ഥ്യം? തുടങ്ങിയവയെ കുറിച്ച് വിശദമായി കുറിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാൽ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോൾ നിങ്ങൾ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി. പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരൻ ചെമ്മീൻ റോസ്റ്റൊക്കെ കൂട്ടി ഭക്ഷണം കഴിച്ച് ഒരു ലൈം ജ്യൂസും കൂടി അങ്ങു കാച്ചി. ജ്യൂസ്‌ കുടിച്ച് കഴിഞ്ഞതും ശരീരമാകെ ചൊറിഞ്ഞു തടിച്ചു മുഖമൊക്കെ നീര് വച്ച് ശ്വാസം മുട്ടലും ബോധക്കേടും ഒക്കെയായി ആകെ എടങ്കേറായി. തൊട്ടടുത്തു ആശുപത്രിയുള്ളത് കൊണ്ട് രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതി. നിങ്ങളല്ലേ പറഞ്ഞത് ചെമ്മീനും നാരങ്ങാവെള്ളവും കുഴപ്പമില്ലാന്ന്…??? ”

അയ്യോ മാഷേ, ഇതു ചെമ്മീൻ-നാരങ്ങ കോമ്പിനേഷന്റെ പ്രശ്നമല്ല.. അലർജി ആണ് അലർജി… സൂര്യനും സൂര്യനു താഴെയുള്ളതെന്തും അലർജിയുണ്ടാക്കാം…

എങ്കിൽ പിന്നെ ഒന്ന് നോക്കി കളയാം…

എന്താണീ അലർജി?

ഒരു സാങ്കൽപ്പിക മനുഷ്യനെ വിചാരിക്കൂ… അദ്ദേഹം ചില സാധനങ്ങളെയോ ജീവികളെയോ കാണുമ്പോൾ അമിതമായി പേടിക്കുകയും പ്രകോപിതനാകുകയും ചെയ്യുന്നു. അത് പോലെ ശരീരവുമായി സമ്പർക്കത്തിൽ വരുന്ന പദാർത്ഥങ്ങളോട് നമ്മുടെ പ്രതിരോധശക്തി അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി അല്ലെങ്കിൽ അലർജിക് റിയാക്ഷൻ എന്നു പറയുന്നത്.

നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തിയുടെ കാവൽപടയായ ശ്വേതരക്താണുക്കളാണ് ഈ പദാർത്ഥങ്ങളെ പ്രതിരോധിച്ച് പുറന്തള്ളാൻ ശ്രമിക്കുന്നത്.

കൈകുഞ്ഞുങ്ങൾ മുതൽ വൃദ്ധരിൽ വരെ അലർജി ഉണ്ടാകാം. ഏത് പ്രായത്തിലും ഇത് ആരംഭിക്കാവുന്നതാണ് . മാതാപിതാക്കളിൽ അലർജി ഉണ്ടെങ്കിൽ മക്കളിൽ അലർജി വരാനുള്ള സാധ്യത നാലിരട്ടിയോ അതിലധികമോ ആണ്.

ചൊറിച്ചിൽ, തുമ്മൽ പോലെയുള്ള നിസാര പ്രശ്നങ്ങൾ മുതൽ ആസ്ത്മ പോലെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥകളും, അപൂർവ്വമായെങ്കിലും ഗുരുതരവും മാരകവുമായ അനാഫൈലക്സിസ് എന്ന അവസ്ഥയും അലർജിക് റിയാക്ഷൻ മൂലം ഉണ്ടാകാം.

അലർജി ഉണ്ടാക്കുന്ന വസ്തുവിനെ അലർജൻ (allergen) എന്നു വിളിക്കുന്നു . ശരീരത്തിന്റെ പ്രതിരോധശക്തിയെ ഉത്തേജിപ്പിച്ചു ആന്റിബോഡി (antibody) ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്ന അലർജനിൽ അടങ്ങിയിരിക്കുന്ന ഘടകം ആന്റിജൻ(antigen) എന്നറിയപ്പെടുന്നു.
പൂമ്പൊടി, പൊടി, പുക, ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ എന്നിവ ഇതിൽ ചിലതു മാത്രം..

അലർജനുകൾ വിവിധ തരത്തിൽ ശരീരവുമായി സമ്പർക്കത്തിൽ വരാം

♦️ ശ്വസനത്തിലൂടെ –
അന്തരീക്ഷത്തിലുള്ള ഇവ aeroallergens എന്നാണ് അറിയപ്പെടുന്നത്. പൊടി, പുക, പൂമ്പൊടി മുതലായവ ഈ ഗണത്തിൽ പെടുന്നു.

♦️ഭക്ഷിക്കുന്നതിലൂടെ –
ഭക്ഷണപദാർത്ഥങ്ങളും (food allergens) മരുന്നുകളും. മുട്ട, പാൽ, ഇറച്ചി, ചില തരം മത്സ്യം, പയർവർഗങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ

♦️ചർമ്മവുമായോ /ശ്ലേഷ്മ സ്തരവും ആയോ നേരിട്ടുള്ള സമ്പർക്കത്തിലൂടെ –
contact allergens എന്നറിയപ്പെടുന്ന ഇവ കോൺടാക്ട് ഡെർമറ്റൈറ്റിസ് (contact dermatitis), അർട്ടിക്കേരിയ(urticaria), അലർജിക് കൺജങ്ക്റ്റിവൈറ്റിസ് (allergic conjunctivitis) മുതലായ രോഗങ്ങൾക്കു കാരണമാകുന്നു.

♦️കുത്തിവയ്ക്കുന്നതിലൂടെ – കടന്നൽ കുത്ത്, ഇൻജക്ഷനായുള്ള മരുന്നുകൾ

അലർജിക് റിയാക്ഷൻ നാല് ആയി തരം തിരിക്കാം

⚕️Type 1 ഹൈപ്പർ സെന്സിറ്റിവിറ്റി റിയാക്ഷൻ (Type 1 hypersensitivity reaction)

ഇതു ഇമ്മ്യൂണോഗ്ലോബുലിൻ ഇ (IgE) എന്ന ആന്റിബോഡിയുടെ ഉത്പാദനം മൂലം ഉണ്ടാകുന്ന ഒന്നാണ്. നിമിഷങ്ങൾക്കുള്ളിൽ പോലും സംഭവിക്കാവുന്ന ഈ റിയാക്ഷൻ ഇമ്മീഡിയേറ്റ് ഹൈപെർസെൻസിറ്റിവിറ്റി (immediate hypersensitivity) എന്നും അറിയപ്പെടുന്നു.

ഒരു ആന്റിജൻ ആദ്യമായി ശരീരവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഈ ആന്റിജന് എതിരെയുള്ള നിശ്ചിത (specific) ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടുന്നു. വീണ്ടും ഇതേ ആന്റിജൻ ശരീരവുമായി സമ്പർക്കത്തിൽ വന്നാൽ മുൻപ് ഉല്പാദിപ്പിക്കപ്പെട്ട നിശ്ചിത ആന്റിബോഡി വലിയ തോതിൽ ഉണ്ടാകുകയും അവ ആന്റിജനുമായി കൂടി ചേരുകയും ചെയ്യുന്നു.
ഈ ആന്റിജൻ ആന്റിബോഡി സംയുക്തം ത്വക്കിലുള്ള mast cells എന്ന കോശങ്ങളെ ഉത്തേജിപ്പിച്ചു അവയിൽ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിൻ ഉൾപ്പെടെയുള്ള ഘടകങ്ങളെ പുറത്തേയ്ക്ക് തള്ളുന്നു.

Type 1 ഹൈപ്പർ സെന്സിറ്റിവിറ്റി റിയാക്ഷൻ മൂലമുണ്ടാവുന്ന ചില പ്രധാന രോഗാവസ്ഥകൾ.

?അർട്ടിക്കേരിയ (urticaria)

ഹിസ്റ്റമിൻ രക്തക്കുഴലുകൾ വികസിക്കാനും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങാനും കാരണമാകുന്നു. തന്മൂലം ത്വക്കിലും ശ്ലേഷ്മ സ്തരത്തിലും, ചിലപ്പോൾ ശ്വാസനാളത്തിലും നീർവീക്കം ഉണ്ടാകുന്നു. ചർമ്മത്തിൽ ചൊറിച്ചിലോടു കൂടിയ ചുവന്ന അൽപ്പായുസുള്ള തടിപ്പുകൾ കണ്ടു വരുന്നു. മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഇവ യാതൊരു പാടും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. ഇതിനെ അർട്ടിക്കേരിയ (urticaria) എന്നു പറയുന്നു.

?ആഞ്ജിയോഎഡീമ (angioedema)

ചുണ്ടിലും കൺപോളകളിലും ഇത്തരം തടിപ്പുകൾ ചൊറിച്ചിലിനേക്കാൾ കൂടുതൽ വേദനയുള്ളവയായും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായും കണ്ടു വരുന്നു . ഇതാണ് ആഞ്ജിയോഎഡീമ (angioedema).

?അനാഫൈലാക്സിസ് (anaphylaxis)

അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മർദം താഴുക, ചുമ , ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് അനാഫൈലാക്സിസ് (anaphylaxis). ചില മരുന്നുകൾ കുത്തിവയ്ച്ച ശേഷം പെട്ടെന്ന് മരണം സംഭവിക്കുന്നത് ഈ അനാഫൈലാക്സിസ് മൂലമാണ്.

?അറ്റോപിക് ഡിസോർഡേഴ്സ് (atopic disorders)

അലർജിക് റൈനൈറ്റിസ് (allergic rhinitis), ആസ്ത്മ(asthma), അലർജിക് കൺജങ്ക്റ്റിവൈറ്റിസ് (allergic conjunctivitis) , അറ്റോപിക് എക്‌സിമ (atopic eczema) എന്നീ രോഗങ്ങൾ ചേർന്നതാണ് അറ്റോപിക് ഡിസോർഡേഴ്സ്.

▪️അറ്റോപിക് എക്‌സിമ (അറ്റോപിക് ഡെർമറ്റൈറ്റിസ്)

കുട്ടികളിൽ വളരെ സാധാരണയായി കണ്ടു വരുന്ന ത്വക് രോഗമാണ് അറ്റോപിക് എക്‌സിമ. കൈ കുഞ്ഞുങ്ങളിൽ കവിളത്തും, മുട്ടിലിയഴയാൻ തുടങ്ങുമ്പോൾ കാലുകളിലും കൈകളിലും, വെള്ളമൊലിക്കുന്ന ചുവന്ന പാടുകളായും, മുതിർന്നവരിൽ കൈകാൽ മടക്കുകളിൽ കറുത്ത കട്ടിയുള്ള തടിപ്പുകളായും അറ്റോപിക് എക്‌സിമ കണ്ടു വരുന്നു. അസഹനീയമായ ചൊറിച്ചിൽ ഒരു പ്രധാനരോഗലക്ഷണമാണ്.

▪️അലർജിക് കൺജങ്ക്റ്റിവൈറ്റിസ് (allergic conjunctivitis)

നമ്മുടെ കണ്ണിലെ നേത്ര ഗോളങ്ങളെ പൊതിഞ്ഞിരിക്കുന്ന ആവരണമായ കൺജങ്ക്റ്റിവ (conjunctiva) എന്ന് പറയുന്ന പാളിക്ക് ഉണ്ടാകുന്ന അലർജി മൂലമുള്ള നീർകെട്ട് ആണ് ‘അലർജിക് കൺജങ്ക്റ്റിവൈറ്റീസ്’ എന്ന പേരിൽ അറിയപ്പെടുന്നത്. സാധാരണഗതിയിൽ കണ്ണിൽ ചൊറിച്ചിൽ, ചുവപ്പ്, കൺപോളകളിൽ ചെറിയ കുരു പോലെയുള്ള പൊങ്ങലുകൾ, അവയുടെ തട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണും.
ഈ അലർജിക്കു കാരണം എന്ത് വേണമെങ്കിലും ആകാമെങ്കിലും സാധാരണയായി പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം, ചിലയിനം മരുന്നുകള്‍, മുഖത്ത് ഇടുന്ന ചില ലേപനങ്ങൾ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹെയർ ഡൈ മുതലായവ ആണ്.
അന്തരീക്ഷ മലിനീകരണം, പൊടി, ഇടയ്ക്കിടെയുള്ള കാലാവസ്ഥ വ്യതിയാനമനുസരിച്ചും (ചൂടുകാലവും തണുപ്പ് കാലവും പെട്ടെന്ന് മാറുന്ന മാസങ്ങളിൽ), ചില ബാക്റ്റീരിയകളോടുള്ള പ്രതിപ്രവർത്തന ഫലമായും ഈ രോഗം ഉണ്ടാകാം.

▪️അലർജിക് റൈനൈറ്റീസ് (allergic rhinitis/ hay fever)

അന്തരീക്ഷത്തിലുള്ള പൂമ്പൊടി പോലെയുള്ള അലർജനുകൾ മൂലം ഉണ്ടാകുന്ന രോഗമാണ് അലർജിക് റൈനൈറ്റീസ് (allergic rhinitis) അഥവാ hay fever. അലർജനുമായി സമ്പർക്കത്തിൽ വന്ന ശേഷം മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, കണ്ണ്, ചെവി, തൊണ്ട, മൂക്ക് ചൊറിച്ചിൽ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങൾ.

▪️ആസ്തമ

അലർജി മൂലം ശ്വാസനാളം ചുരുങ്ങുകയും, കഫം നിറഞ്ഞു ചുമയും ശ്വാസതടസ്സവും ഉണ്ടാകുന്ന അവസ്ഥയാണ് ആസ്തമ.

മാസ്റ്റ് കോശങ്ങളിൽ നിന്നും പുറത്തു വരുന്ന ചില ഘടകങ്ങൾ രക്തത്തിലെ ശ്വേതാണുക്കളായ ഇയോസ്നോഫിലുകളെ ആകർഷിക്കുന്നു.ഇതിനാൽ മേല്പറഞ്ഞ മിക്കവാറും എല്ലാ അവസ്ഥയിലും രക്തത്തിലെ ഈയോസിനോഫിൽ കൗണ്ട് കൂടി കാണപ്പെടുന്നു. ഇതിനെ ഇയോസിനോഫിലിയ എന്നു വിളിക്കുന്നു. ഇയോസിനോഫിലിയ ഒരു രോഗമല്ല, പല രോഗങ്ങളിലും കണ്ടു വരുന്ന രക്തത്തിലുണ്ടാകുന്ന വ്യതിയാനം മാത്രമാണ്.

രക്തത്തിലെ IgEയുടെ അളവ് മേല്പറഞ്ഞ രോഗാവസ്ഥകളിൽ കൂടുന്നതായി കാണാറുണ്ടെങ്കിലും എപ്പോഴും കൂടണം എന്നില്ല. സാധാരണ അളവിൽ IgE ഉള്ളവരിലും ഈ രോഗങ്ങളുണ്ടാകാം.

⚕️ടൈപ്പ് 2 ഹൈപെർസെന്സിറ്റിവിറ്റി റിയാക്ഷൻ(Type 2 hypersensitivity reaction)

ശരീരത്തിന് ദോഷകരമല്ലാത്ത ആന്റിജനുകൾക്കെതിരെ ആന്റിബോഡി ഉത്പ്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ഇങ്ങനെ ഉണ്ടാകുന്ന ആന്റിബോഡി ശരീരത്തിലെ ആവശ്യഘടകങ്ങൾക്കെതിരെ തന്നെ പ്രവർത്തനം ആരംഭിക്കുന്നു.

ഇതിനുദാഹരണങ്ങളാണ് വൃക്കകളെ ബാധിക്കുന്ന ഗുഡ് പാസ്റ്റർസ് സിൻഡ്രോം (Goodpasture’s syndrome), ചുവന്ന രക്താണുക്കൾക്കെതിരെ ആന്റിബോഡി ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ ഹീമോലിറ്റിക് അനീമിയ (autoimmune hemolytic anaemia ), നാഡീവ്യൂഹത്തെ ബാധിക്കുന്ന മയാസ്‌ഥിനിയ ഗ്രാവിസ് (myaesthenia gravis), മാറ്റിവയ്ക്കപ്പെട്ട അവയങ്ങളുടെ തിരസ്കരണം(transplant rejection), ശരീരത്തിൽ രക്തം കയറ്റുമ്പോൾ ഉണ്ടായേക്കാവുന്ന റിയാക്ഷനുകൾ (transfusion reactions) എന്നിവ.

⚕️ടൈപ്പ് 3 ഹൈപെർസെന്സിറ്റിവിറ്റി റിയാക്ഷൻ (Type 3 hypersensitivity reaction)

വലിയ തോതിൽ ആന്റിജൻ ആന്റിബോഡി സംയുക്തങ്ങൾ ഉണ്ടാകുകയും അവ നീക്കം ചെയ്യാൻ ശരീരത്തിന് കഴിയാതെ വരുന്ന സാഹചര്യത്തിൽ ഇവ രക്തക്കുഴലുകളിലും വൃക്കയിലും അടിഞ്ഞു കൂടുന്നു.

സിസ്റ്റമിക് ലൂപസ് എരിഥിമറ്റോസിസ്(Systemic lupus erythematosis – SLE), ഹെനോഷ് ഷോൺലെയ്ൻ പർപ്യുര ( Henoch Schonlein purpura- HSP), റുമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നീ രോഗങ്ങൾ ഇതിനുദാഹരണമാണ്.

⚕️ടൈപ്പ് 4 ഹൈപെർസെന്സിറ്റിവിറ്റി റിയാക്ഷൻ (Type 4 hypersensitivity reaction)

രക്തത്തിലെ റ്റി ലിംഫോസൈറ്റ് (T lymphocyte) കോശങ്ങളാണ് ഇവിടെ പ്രധാന പങ്കു വഹിക്കുന്നത്. ചർമ്മവുമായി അലർജൻ നേരിട്ട് സമ്പർക്കത്തിൽ വരുന്നതു മൂലം ഉണ്ടാകുന്ന കോൺടാക്ട് ഡെർമറ്റൈറ്റിസ് (contact dermatitis) ആണ് ഉത്തമോദാഹരണം.
അലർജനുമായുള്ള സമ്പർക്കം ഒഴിവാക്കിയാൽ ഈ റിയാക്ഷൻ മാറുന്നു. ചില സന്ദർഭങ്ങളിൽ സ്റ്റിറോയ്ഡ് ലേപനങ്ങൾ ആവശ്യമായി വന്നേക്കാം.

സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം (Stevens Johnson syndrome -SJS), DHS (Drug hypersensitivity syndrome) പോലെയുള്ള മരുന്നുകളോടുള്ള അലർജിയും ഇത്തരം റിയാക്ഷന്റെ ഉദാഹരണമാണ്.ടൈപ്പ് 4 ഹൈപെർസെൻസിറ്റിവിറ്റി ആണ്
ക്ഷയരോഗ നിർണയത്തിനായി ചെയ്യുന്ന മാന്റോ(mantoux) ടെസ്റ്റിന്റെയും ആധാരം.

റിയാക്ഷൻ രൂപപ്പെടാൻ 12 മണിക്കൂർ വരെ കാലതാമസം വരുന്നതിനാൽ ടൈപ്പ് 4 ഹൈപെർസെന്സിറ്റിവിറ്റി ഡിലെയ്ഡ് ടൈപ് ഹൈപെർസെന്സിറ്റിവിറ്റി ( delayed type hypersensitivity) എന്നും അറിയപ്പെടുന്നു.

?ചികിത്സ

അലർജി ഒരു ശരീരപ്രകൃതമാണ് എന്ന് പറയാം. ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോഴാണ് മിക്കവാറും പേർ ചികിത്സ തേടുന്നത് .
എന്നാൽ, അർട്ടിക്കേരിയ, ആഞ്ജിയോ എഡിമ, അനാഫൈലക്സിസ്, മരുന്നുകളോടുള്ള അലർജി തുടങ്ങിയ ഗുരുതരമായ റിയാക്ഷനുകൾ ഉടനടി ആശുപത്രികളിൽ പോയി ചികിത്സ തേടേണ്ട രോഗാവസ്ഥകളാണ്. ഇല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കാം.

അലർജി ഉണ്ടാക്കുന്ന ഘടകങ്ങളുമായി ഇടപഴകാതിരിക്കുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനശില. പൊടി, പുക, തണുപ്പ്, വെയിൽ തുടങ്ങി എന്താണോ അലർജി ഉണ്ടാക്കുന്നത്, അതുമായി സമ്പർക്കം ഒഴിവാക്കുക.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതാതു മേഖലയിലെ വിദഗ്‌ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ് .

അലർജിക്ക് കാരണമാവുന്ന ഇൻറർലൂക്കിൻ, ലൂക്കോട്രെയീൻ, ഹിസ്റ്റമീൻ തുടങ്ങിയ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന രാസഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിഹിസ്റ്റമിൻ പോലെയുള്ള മരുന്നുകളാണ് അലർജിയുടെ ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ചില അവശ്യ ഘട്ടങ്ങളിൽ സ്റ്റിറോയ്ഡ്, അഡ്രിനാലിൻ തുടങ്ങിയ വേണ്ടി വന്നേക്കാം.

ഗുളികകളും ഇഞ്ചക്ഷനും കൂടാതെ അലർജി ബാധിച്ച ശരീരഭാഗത്തിന് അനുയോജ്യമായി, ഉദാഹരണത്തിന്, നേത്രരോഗത്തിനു തുള്ളി മരുന്നുകൾ, ചർമ്മരോഗത്തിന് ലേപനങ്ങൾ, ശ്വാസകോശരോഗങ്ങൾക്കു സ്പ്രേ, ഇൻഹേലർ എന്നിങ്ങനെ വ്യത്യസ്ത ഫോർമുലേഷനുകളിൽ മരുന്നുകൾ ലഭ്യമാണ് .

ചില മരുന്നുകൾ ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്, എന്നാൽ ചിലത് ചെറിയ കാലയളവിൽ മാത്രം ഉപയോഗിക്കേണ്ടതും. അതിനാൽ തന്നെ, അലർജിക്ക് സ്വയം ചികിത്സ തികച്ചും ആപൽക്കരമാണ്.
അലർജിക്ക് ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമിൻ മരുന്നുകളുടെ ഒരു പ്രധാന പാർശ്വഫലമാണ് ആണ് സെഡേഷൻ അഥവാ ഉറക്കം വരിക എന്നത് .അതുകൊണ്ടുതന്നെ അലർജി മരുന്നു കഴിക്കുന്നവർ വാഹനമോടിക്കുകയോ, മെഷീനുകൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സെഡേഷൻ തീരെ ഇല്ലാത്തതും ദീർഘസമയം ഫലം കിട്ടുന്നതും ആയിട്ടുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്.

അലർജിക് കൺജങ്ക്റ്റിവൈറ്റിസിന് കൺജക്റ്റിവയിൽ കുത്തിവയ്ക്കുന്ന മരുന്നുകളും ലഭ്യമാണ്. അപൂർവമായി അലർജി മൂലമുള്ള തടിപ്പുകളിൽ സർജറി വേണ്ടി വന്നേക്കാം.
അറ്റോപിക് ഡെർമറ്റൈറ്റിസിന് ഫോട്ടോതെറാപ്പി ചികിത്സ ഫലപ്രദമാണ്.

?രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

? അലർജിക്കു കാരണമായ ഘടകങ്ങൾ പൂർണമായും ഒഴിവാക്കുക.

?മരുന്നിനോട് ഒരിക്കൽ അലർജി വന്നിട്ടുള്ളവർ കാരണമായ മരുന്നുകളുടെ പേരുകൾ ഓർത്തു വയ്ക്കുകയും പേഴ്സിലോ മറ്റോ എഴുതി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അടുത്ത ബന്ധുക്കളും ഇതേ പറ്റി ബോധവാന്മാർ ആയിരിക്കണം . ഏതു രോഗത്തിന്റെ ചികിത്സക്കായി ആശുപത്രിയിൽ പോകേണ്ടി വന്നാലും മരുന്നിന്റെ വിവരങ്ങൾ ഡോക്ടറെ ധരിപ്പിക്കണം.

?രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതാതു മേഖലയിലെ വിദഗ്‌ധ ഡോക്ടറുടെ സേവനം തേടുക

?അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർ ചർമ്മം വരളാതെ സൂക്ഷിക്കുക, എണ്ണകളും മോയ്സചറൈസറുകളും ഇതിനായി ഉപയോഗിക്കാം.

?മരുന്നുകൾ ഉപയോഗിച്ച് ചൊറിച്ചിൽ നിയന്ത്രണവിധേയമാക്കുക.

?അലർജിക് കൺജങ്ക്റ്റിവൈറ്റിസ് ഉള്ളവർ കണ്ണ് തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണം.

?തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നത് ചൊറിച്ചിലും എരിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.

?അലര്‍ജി സാധ്യതയുള്ളവര്‍ ചൂടുകാലവും തണുപ്പ് കാലവും പെട്ടെന്ന് മാറുന്ന മാസങ്ങളിൽ ഇരുചക്രവാഹനത്തിലുള്ള യാത്ര ഒഴിവാക്കുന്നത് പരിഗണിക്കേണ്ടതാണ്.

?ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോള്‍ മുഖാവരണം ഉള്ള ഹെൽമെറ്റ്, കണ്ണട, മാസ്ക് എന്നിവ ധരിക്കുന്നത് അലർജി വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

?ആന്റിഹിസ്റ്റാമിനുകൾ ഉപയോഗിക്കുന്നവർ വാഹനം ഓടിക്കുമ്പോഴും മെഷീനുകൾ പ്രവർത്തിക്കുമ്പോഴും സൂക്ഷിക്കണം, കഴിയുമെങ്കിൽ ഒഴിവാക്കണം.

ഇനിയിപ്പോ അലർജി കണ്ടു പിടിക്കാൻ വല്ല ടെസ്റ്റും ഉണ്ടോ…???

അലർജി പരിശോധനകളെ പറ്റി വിശദമായ ഒരു പോസ്റ്റ് ഇൻഫോ ക്ലിനിക്കിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്, ഉടൻ തന്നെ പ്രതീക്ഷിക്കാം..

എഴുതിയത്

Dr Aswini Ranganath Dr Jaffar Basheer Dr Navajeevan Navalayam
Info Clinic

https://www.facebook.com/infoclinicindia/photos/a.1058446204273223/2497159593735203/?type=3&__xts__%5B0%5D=68.ARB90mG4Gm3vOs9S8-akn_SiX2RpfGY3BYFQ8Trg0T4jDAgGCJF68VVF4xkfnIsPpGTTB83qJBmMYubyhzzAWvEFCCW82HVTwHA5Em9GaSzPp6BIWaWztYMf-Oe5m-2XMFX0llLQdE_–3x8KT1Cn6aFOoijbVs-GhNqsgB0429cZRgaanOVEeRa2jrmnvtjBATHxf8q5eCWUpQV1UI-ZedQqwUGM1H8XFMwaXDe7gsuWe_dJg7-n1fZBLF4SutNtmtshHrxJpMIH_sYVqV7hisgq2GZvdLSdr6Dqp1fcPNo5RCKD5Xzbw5XiXAL2ALjUQFpHwJ4devMVbkyJP9UXSe0lKNd&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button