Latest NewsNewsIndia

പ്രശസ്ത ഗായകന്‍ അന്തരിച്ചു

പ്രശസ്ത ധ്രുപദ് ഗായകന്‍ രമാകാന്ത് ഗുണ്ടേച്ച അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഭോപ്പാലിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഗുണ്ടേച്ചയുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് കടുത്ത ദു:ഖം പ്രകടിപ്പിച്ചു. ധ്രുപദ് സംഗീതത്തില്‍ ഊര്‍ജസ്വലമായി ഉയര്‍ത്തിപ്പിടിക്കുന്ന ഗായകദ്വന്ദ്വമായിരുന്നു സഹോദരന്‍ ഉമാകാന്ത് ഗുണ്ടേച്ചയും രമാകാന്ത് ഗുണ്ടേച്ചയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി രമാകാന്ത് ഗുണ്ടേച്ചയുടെ മരണം തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ‘ലോകമെമ്പാടും ദ്രുപദ് ആലാപനത്തില്‍ പത്മശ്രീ രാമകാന്ത് ഗുണ്ടേച്ച തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹം നിരവധി ഉപഹാരങ്ങള്‍ നേടിയിട്ടുണ്ട്. രമാകാന്ത് ഗുണ്ടേച്ചയു മരണത്തിന്റെ ഞെട്ടലിലാണ് സംഗീത ലോകമെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.

ആത്മീയതയുടെ സംഗീതമന്ത്രമാണ് ധ്രുപദ്. ധ്രുപദ്സംഗീതം കേള്‍ക്കുന്ന ഒരാളുടെയുള്ളില്‍ ധ്യാനാത്മകത വന്നുനിറയുന്നുവെന്നാണ് പൊതുവെയുള്ള വിശ്വാസം. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഒരു ജൈന്‍ കുടുംബത്തില്‍ പിറന്നവരാണ് ഉമാകാന്ത് ഗുണ്ടേച്ചയും രമാകാന്ത് ഗുണ്ടേച്ചയും. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ കരസ്ഥമാക്കിയ ഉമാകാന്തും രമാകാന്തും തുടര്‍പഠനം നടത്തിയത് അവിടത്തെ മാധവസംഗീത വിദ്യാലയത്തിലായിരുന്നു. അതിനുശേഷമാണ് ഇവര്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ സാംസ്‌കാരികവകുപ്പ് ധ്രുപദ് സംഗീതത്തിന്റെ ഉന്നമനത്തിനുവേണ്ടി ഭോപാലില്‍ ആരംഭിച്ച ധ്രുപദ് സംഗീതകേന്ദ്രത്തില്‍ ഡാഗര്‍ സംഗീതജ്ഞരുടെ കീഴില്‍ ഉപരിപഠനത്തിനു ചേര്‍ന്നത്. ഗുരുകുലരീതിയില്‍ സംഗീതപഠനം സാധ്യമാക്കുന്ന ഒരു സ്ഥാപനമാണ് ഭോപാലിലെ ഈ ധ്രുപദ് സംഗീതകേന്ദ്രം. ഗുണ്ടേച്ച സഹോദരന്മാരുടെ സംഗീതജീവിതത്തിന് ശക്തമായ അടിത്തറ പാകിയത് ഈ സ്ഥാപനത്തില്‍നിന്നുള്ള ശിക്ഷണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button