Latest NewsNewsDevotional

അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം ലോകത്തിനു തന്നെ മാതൃക

ശബരിമല യാത്രയില്‍ അയ്യപ്പ ഭക്തന്മാര്‍ ഒരു അനിവാര്യതയെന്നോണം സന്ദര്‍ശിക്കുന്ന ഒരു മുസ്‌ലിം കേന്ദ്രമുണ്ട്. പമ്പയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന എരുമേലിയിലെ വാവര്‍ പള്ളിയാണിത്. പള്ളിക്ക് തൊട്ടുമുന്നിലുള്ള കൊച്ചമ്പലത്തില്‍ കയറുന്ന ഭക്തര്‍ നേരെ വരുന്നത് പള്ളിയിലേക്കാണ്. പള്ളി വലംവച്ച് തൊട്ടപ്പുറത്തുള്ള വലിയമ്പലത്തില്‍ കയറിയതില്‍ പിന്നെയാണ് ശബരിമലയിലേക്ക് പോകുന്നത്. പള്ളിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് തേങ്ങ എറിഞ്ഞുടക്കാനായി മാത്രം പ്രത്യേകമായ ഒരു സ്ഥലമുണ്ട്.

പന്തളം രാജാവിന്റെ പടയാളികളില്‍ വ്യത്യസ്തനായിരുന്ന അയ്യപ്പനോട് മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുത്തതിനാല്‍ രാജാവുമായി അകറ്റാനുള്ള കുതന്ത്രങ്ങള്‍ക്കൊടുവില്‍ രാജ്ഞി ഇല്ലാത്തരോഗം അഭിനയിക്കുകയായിരുന്നു. ചികിത്സിച്ച് മടുത്ത രാജാവിനോട് അതിനിടയില്‍ ഒരു വൈദ്യന്‍ പുലിപ്പാലില്‍ മരുന്നു കഴിച്ചാല്‍ സുഖപ്പെടുമെന്ന് നിര്‍ദേശിച്ചത്രെ! എന്നാല്‍, പുലിപ്പാല്‍ ശേഖരിക്കാനുള്ള ദൗത്യം രാജാവ് അയ്യപ്പനെയാണ് ഏല്‍പ്പിച്ചത്.

രാജകല്‍പ്പന പ്രകാരം പുലിപ്പാല്‍ തേടി ഇറങ്ങിയ അയ്യപ്പന്‍ കാട്ടിലൂടെ ചുറ്റിത്തിരിയുന്നതിനിടയിലാണ് എരുമേലിയിലെത്തുന്നതും വാവരുമായി സംഗമിക്കുന്നതും. അയ്യപ്പനില്‍നിന്നു വിവരങ്ങള്‍ മനസ്സിലാക്കിയ വാവര്‍ അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറാവുകയും പുലിപ്പാല്‍ മാത്രമല്ല പുലിയെ തന്നെ അധീനപ്പെടുത്തികൊടുക്കുകയും ചെയ്തു. അങ്ങനെ തീര്‍ത്തും അപ്രതീക്ഷിതമായ രീതിയില്‍ പുലിപ്പാല്‍ തേടി ഇറങ്ങിയ അയ്യപ്പന്‍ പുലിപ്പുറത്ത് സവാരി ചെയ്തു കൊട്ടാരത്തിലെത്തിയപ്പോള്‍ രാജാവും കൊട്ടാര വാസികളും അത്ഭുതപരതന്ത്രരായി.

ആകസ്മികമായി തുടങ്ങി അഭേദ്യമായി തുടര്‍ന്ന ഈ ബന്ധത്തിനൊടുവില്‍ താന്‍ ഏറെ കടപ്പെട്ട വാവരോട് ചെയ്ത പ്രതിബദ്ധത തീര്‍ക്കലായിരുന്നുവത്രെ എന്നെ കാണാന്‍ വരുന്നവര്‍ ആദ്യം താങ്കളെ കാണുമെന്ന കരാര്‍. ഈ ഉടമ്പടി പാലിക്കുകയാണ് ഇന്നും അയ്യപ്പഭക്തര്‍ ചെയ്യുന്നത്. മകരജ്യോതിയോടനുബന്ധിച്ച് എരുമേലി പേട്ട തുള്ളല്‍ ഇതിന്റെ പാരമ്യതയാണ്. എത്ര കഠിന മുസ്‌ലിംവിരോധിയാണെങ്കിലും ഈ പള്ളി ചുറ്റാതെ മലവിടാന്‍ ആചാരം അനുവദിക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button