Latest NewsKeralaNews

‘മക്കളെ കല്യാണം കഴിപ്പിച്ചതും കടവും പ്രാരാബ്ധവും സങ്കടവും ഒക്കെ പറയുന്ന മരണത്തെ നേരില്‍ കാണുമ്പോള്‍ പോലും പ്രതാപം വിടാത്ത അച്ഛന്‍മാര്… കരുതലിന്റെ കൂടുകള്‍’ ഡോ. ഷിംനയുടെ കുറിപ്പ് വായിക്കേണ്ടത്

രോഗമുണ്ടെന്ന് പറയുന്നതും രോഗലക്ഷണങ്ങള്‍ സമ്മതിക്കുന്നതുമെല്ലാം കുറവാണെന്ന് കരുതുന്ന ചിലരുണ്ട്. അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഡോ. ഷിംന അസീസിന്റെ കുറിപ്പ്.
എന്ത് രോഗലക്ഷണം ഉണ്ടോന്ന് ചോദിച്ചാലും സമ്മതിച്ച് തരില്ല. ജോലി സംബന്ധമായ രോഗമാണോ എന്നറിയാന്‍ ഹിസ്റ്ററി എടുത്താല്‍ ഒന്നും സമ്മതിച്ച് തരില്ലെന്നും ഷിംന പറയുന്നു. ഇത്തരക്കാര്‍ വായിച്ചിരിക്കേണ്ട ഒരു കുറിപ്പാണ് ഇത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഫൈനൽ എംബിബിഎസ്‌ പഠിക്കുമ്പഴാണെന്ന്‌ തോന്നുന്നു. ജനറൽ മെഡിസിന്റെ ഒരു ഇടക്കാല പരീക്ഷക്ക്‌ കേസെടുക്കാൻ പേഷ്യന്റിന്റെ അടുത്ത്‌ പോയതാണ്‌. ശ്വാസകോശാർബുദം സംശയിക്കുന്ന രോഗിയാണെന്ന്‌ മുന്നേ അറിയാം. ഉറപ്പായിട്ടും ചുമയോ നെഞ്ച്‌ വേദനയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ ഒക്കെ കാണേണ്ടതാണ്‌. ആദ്യം എന്തൊക്കെ ബുദ്ധിമുട്ട്‌ ഉണ്ടെന്ന്‌ ചോദിക്കണം.

“ചേട്ടാ, നെഞ്ച്‌ വേദനയുണ്ടോ?”

ചേട്ടന്റെ ഭാര്യ: “ഉണ്ട്‌”

ചേട്ടൻ : “എനിക്ക്‌ നെഞ്ച്‌ വേദനയാന്ന്‌ നീയാണോ തീരുമാനിക്കുന്നത്‌? എനിക്കതില്ല.”

ഞെട്ടിയ കൂട്ടത്തിൽ പരീക്ഷക്ക്‌ തോൽക്കുന്നത്‌ കൂടി മനസ്സിൽ കണ്ട ഞാൻ അടുത്ത ചോദ്യം ചോദിക്കുന്നു: “ചുമയുണ്ടോ?”

ഭാര്യ: “ഉണ്ട്‌”

ചേട്ടൻ: “ഇല്ല”

ചേട്ടന്റെ കേസ്‌ ഷീറ്റ്‌ കഴിഞ്ഞ ദിവസം കണ്ടത്‌ കൊണ്ട്‌ ചുമച്ചപ്പോൾ രക്‌തം വന്നുവെന്നതറിയാം. അതെങ്കിലും പരീക്ഷക്ക്‌ എഴുതാല്ലോന്ന്‌ വെച്ചിട്ട്‌ അതും ചോദിച്ചു. പതിവ്‌ പോലെ ഭാര്യ സമ്മതിച്ചു. ഉടനെ ചേട്ടന്‌ കലിപ്പ്‌ കേറി.

“എന്തിനാ സിനീ ഇല്ലാത്തതൊക്കെ ആ കൊച്ചിനോട്‌ പറയുന്നേ? എനിക്കൊരു അസുഖവും ഇല്ല.” എന്ന്‌ തുടങ്ങി ഒരേ ബഹളം. കേസെടുക്കാൻ ചെന്ന ഞാൻ കുടുംബകലഹം തീർക്കേണ്ട അവസ്‌ഥ. രോഗമുണ്ടെന്ന്‌ അംഗീകരിക്കാൻ സാധിക്കാത്ത അവസ്‌ഥയാണ്‌ രോഗിക്ക്‌. ഒടുക്കം അന്ന്‌ സർ വേറെ കേസെടുക്കാൻ അനുവദിച്ചത്‌ കൊണ്ട്‌ ആ പരീക്ഷ പാസായി. മാടപ്രാവ്‌ പോലത്തെ സാറിന്റടുത്ത്‌ പോയി കൂളായി കേസ്‌ പ്രസന്റ്‌ ചെയ്യുകേം ചെയ്‌തു. ശുഭം. ആ…അതൊക്കെയൊരു കാലം. ഇപ്പോ അതൊന്നുമല്ല കാര്യം.

ഓപിയിൽ വരുന്ന ചില മനുഷ്യരുണ്ട്‌. സോ കോൾഡ്‌ കുടുംബനാഥൻ സെഗ്‌മെന്റിൽ ഉൾപ്പെടുത്താൻ ആകുന്നവർ. നാൽപത്‌ മുതൽ അറുപത്‌ വരെ പ്രായം, അത്യാവശ്യം വണ്ണവും കട്ടി മീശയും ഗൗരവവും. നിത്യം ജോലി ചെയ്യുന്നവരാകും, കുടുംബം പോറ്റുന്ന ഉത്തരവാദിത്വം മുഴുവൻ സംസാരത്തിലും നടപ്പിലും ശരീരഭാഷയിലും എല്ലാം കാണും.

എന്ത് രോഗലക്ഷണം ഉണ്ടോന്ന്‌ ചോദിച്ചാലും സമ്മതിച്ച്‌ തരില്ല. ജോലി സംബന്ധമായ രോഗമാണോ എന്നറിയാൻ ഹിസ്‌റ്ററി എടുത്താൽ ഒന്നും സമ്മതിച്ച്‌ തരില്ല.

ഇന്ന്‌ ഓപിയിൽ വന്ന ചിപ്‌സ്‌ വറുക്കുന്ന തൊഴിലുള്ള ചേട്ടന്‌ ഓരോ ബാച്ച്‌ ചിപ്‌സ്‌ വറുക്കുമ്പോഴും അതിന്റെ വേവ്‌ നോക്കുന്നത്‌ വഴി മാത്രം നല്ലൊരളവ്‌ എണ്ണ അകത്ത്‌ ചെല്ലുന്നുണ്ട്‌, അമിതവണ്ണവുമുണ്ട്‌. നിർബന്ധിച്ച്‌ ബിപി നോക്കിയപ്പോൾ അത്‌ കൂടുതലാണ്‌. പക്ഷേ, ഇത്‌ തൊഴിലിന്റെ ഭാഗമായി വന്നതാണ്‌, ആരോഗ്യം ശ്രദ്ധിക്കണമെന്ന്‌ പറഞ്ഞാൽ ജന്മത്ത്‌ സമ്മതിക്കൂല.

വേറൊരു മദ്ധ്യവയസ്‌കൻ പറഞ്ഞത്‌ “ഇപ്പോ ഷുഗറൊക്കെ നന്നായി കുറഞ്ഞു ഡോക്‌ടറേ. ഇന്ന്‌ നോക്കിയപ്പോ 310 ഉള്ളൂ”. പുറത്തേക്ക്‌ തള്ളി വന്ന കണ്ണ്‌ തിരിച്ച്‌ അകത്തേക്ക്‌ കയറ്റി ആവുംവിധം പ്രമേഹനിയന്ത്രണം പഠിപ്പിച്ച്‌ വിട്ടിട്ടുണ്ട്‌. വളരെ സൗമ്യനായ നല്ലൊരു മനുഷ്യൻ. കുടുംബം നോക്കുന്നതിനിടക്ക്‌ തന്നെ നോക്കാൻ മാത്രം നേരം കിട്ടുന്നുണ്ടാകില്ല.

കഴിഞ്ഞ ദിവസം വന്നൊരാൾക്ക്‌ ചുമച്ചിട്ട്‌ മിണ്ടാൻ വയ്യ. അബുദാബീന്ന്‌ വന്നിട്ട്‌ രണ്ട്‌ ദിവസമേ ആയുള്ളൂ. തണുപ്പ്‌ കൊണ്ടിട്ടില്ല, പൊടി കണ്ടിട്ടേയില്ല, അലർജി എന്ന്‌ കേട്ടിട്ട്‌ പോലുമില്ല എന്നൊക്കെ പറയുന്നു.

“അവിടെ കഴിഞ്ഞ ദിവസം പൊടിക്കാറ്റുണ്ടായിരുന്നല്ലോ?” എന്ന്‌ സ്വയം ആ കാറ്റത്ത്‌ പെട്ട ഓർമ്മയിൽ ചോദിച്ചു. ഉടൻ വന്നു മറുപടി.

“ആ മഴ കൊണ്ടീർന്നു ഡോക്‌ടറേ. ഞാൻ ഡ്രൈവറാണ്‌.”
അത്‌ ശരി !!

രോഗമുണ്ടെന്ന്‌ പറയുന്നതും രോഗലക്ഷണങ്ങൾ സമ്മതിക്കുന്നതുമെല്ലാം കുറവാണെന്ന്‌ കരുതുന്ന സാധാരണ മനുഷ്യർ. “സഹായിക്കൂ” എന്ന്‌ പറയാൻ പോലും അവർക്കുള്ളിലെ കാരണവർ കോംപ്ലക്‌സ് സമ്മതിച്ചോളണമെന്നില്ല.

ഒരായുസ്സിന്റെ മഴയും വെയിലും കൊണ്ട്‌ കുടുംബം പോറ്റി വീഴും വരെ വാഴുന്നോരായി, തലയുയർത്തി നിൽക്കുമവർ. ജീവിതശൈലിരോഗങ്ങളെക്കുറിച്ച്‌ പറഞ്ഞാൽ ഭയമുണ്ടെങ്കിലും “ഇതൊന്നും ഞങ്ങൾക്കില്ല, വരാനും പോണില്ല” എന്ന മട്ടിൽ സംസാരിക്കും.

രോഗം ചെറുതായൊന്ന്‌ കുറഞ്ഞാൽ പോലും മരുന്ന്‌ നിർത്തും. അല്ല, പലപ്പോഴും രണ്ടറ്റം മുട്ടിക്കാനുള്ള പെടാപ്പാടിനിടയിൽ മറക്കുന്നതാണ്‌. നേരത്തിന്‌ കഴിക്കാനോ ഉറങ്ങാനോ പറ്റില്ല. പ്രായം കൂടുന്നതിന്റെ എല്ലാ അസ്‌കിതകളും നീരാളപ്പിടിത്തം പോലെ ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടാകും. പറഞ്ഞ്‌ കൊടുത്താലും അംഗീകരിക്കില്ല, മനസ്സില്ലാമനസ്സോടെ താൽപര്യമില്ലാതെ കേട്ടിരിക്കും. ഇതേ കൂട്ടർ മക്കളെയോ പേരമക്കളെയോ കൊണ്ട്‌ വരുമ്പോൾ എന്തൊരു കരുതലാണെന്നോ.

ഒടുക്കം കുഴഞ്ഞ്‌ വീഴുന്നത്‌ ഞങ്ങളുടെ കൈകളിലേക്കാണ്‌. മക്കളെ കല്യാണം കഴിപ്പിച്ചതും കടവും പ്രാരാബ്‌ധവും സങ്കടവും ഒക്കെ പറയുന്ന മരണത്തെ നേരിൽ കാണുമ്പോൾ പോലും പ്രതാപം വിടാത്ത അച്‌ഛൻമാര്‌… കരുതലിന്റെ കൂടുകൾ.

ആകെയുള്ള ആയുസ്സിൽ ചിരിക്കാൻ മടിച്ചും, സ്‌നേഹം ‘പുറത്ത്‌ കാണിക്കാതെ’ നടന്നും, തമാശയായി കുത്തുവാക്ക്‌ പറഞ്ഞ്‌ വീട്ടിലുള്ളവരെ സദാ ശുണ്‌ഠി പിടിപ്പിച്ചും, വാശി മക്കളെ ഉയരത്തിലെത്തിക്കും എന്ന്‌ പറഞ്ഞ്‌ വെറുപ്പ്‌ പിടിച്ച്‌ വാങ്ങിയും, നിബന്ധനങ്ങളും നിർബന്ധങ്ങളും കൊണ്ട്‌ കെട്ടിയിടുന്നതിൽ ഉള്ളിലെ ഭയം മുഴുവനായി ഒളിപ്പിച്ചും…

ചുറ്റുമുള്ള ലോകത്തിന്‌ മുഴുവൻ വെളിച്ചം പകർന്ന്‌ സ്വയം മെഴുകുതിരിയായി ഉരുകിത്തീരുന്നവർ.

ആണിന്റെ സഹനം കേൾക്കാൻ ആരുമില്ലെന്ന്‌ പറയരുത്‌. പറയാനവർ പഠിച്ചിട്ടില്ലാത്തത്‌ കൊണ്ടാണ്‌. അവരെ ഇങ്ങനെയാക്കിയത്‌ സമൂഹമാണ്‌.

ആണിന്‌ കരയാനും, പറയാനും, സ്വന്തം കുറവുകൾ അംഗീകരിക്കാനും, സ്‌നേഹിക്കാനുമൊക്കെ മറ വേണമല്ലോ !! എന്നാണ്‌ നമ്മൾ ഇതിൽ നിന്നെല്ലാം പുറത്ത്‌ വരാൻ പോകുന്നത്‌ ???

https://www.facebook.com/shimnazeez/posts/10158024677232755

shortlink

Related Articles

Post Your Comments

Related Articles


Back to top button