Kerala

ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം

ശബരിമല മണ്ഡലകാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഇതു വരെ നടത്തിയ പ്രവര്‍ത്തനം വളരെ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ഹരിത ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് രഹിത ശബരിമല എന്ന ലക്ഷ്യത്തോടെയായിരിക്കണം ഓരോ ഉത്സവകാലത്തേയും കാണേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലയ്ക്കലില്‍ കെ.എസ് ആര്‍ ടി സി നേരിടുന്ന കണ്ടക്ടര്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ബസുകളില്‍ കയറുന്നതിനായി ഭക്തര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം. ടിക്കറ്റ് ബസുകളില്‍ നല്‍കണം.മുതിര്‍ന്നവരെയും അംഗവൈകല്യമുള്ളവരെയും ഏറെ നേരം നിര്‍ത്തി ബുദ്ധിമുട്ടിക്കരുത്. അവര്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രത്യേക വാഹന സൗകര്യം ഒരുക്കണമെന്നും നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുത്ത യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം. നിലയ്ക്കലില്‍ നിന്ന് ഇപ്പോള്‍ 200 ചെയിന്‍ സര്‍വീസുകളുണ്ടെന്ന് കെഎസ്ആര്‍ടിസി പ്രതിനിധി അറിയിച്ചു.

Read also: ശബരിമല തീർത്ഥാടനം: പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത് പടിപൂജ നടന്നു

പൊലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഏകോപന ചുമതലയുള്ള എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബും പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് ജി.ജയദേവും ഇടുക്കി ജില്ലാ പൊലീസ് ചീഫ് ടി. നാരായണനും കോട്ടയം എസ്പിക്കുവേണ്ടി ഡിവൈഎസ്പി സന്തോഷും വിശദീകരിച്ചു. രണ്ടു ജില്ലകളിലും തീര്‍ഥാടനം സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് പൊലീസ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ അഞ്ചു ഘട്ടങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. കുടിവെള്ളം, വിര്‍ചല്‍ ക്യൂ ബുക്കിംഗ് നടപടികളും പൂര്‍ത്തിയായി. 70 നിരീക്ഷണ കാമറകളില്‍ 50 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണെന്നും എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് അറിയിച്ചു. ചില ഇടങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍ ഉണ്ട്. സന്നിധാനത്തേക്കുള്ള റൂട്ടുകളില്‍ 16 ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് ഓക്‌സിജന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബി എസ് എന്‍ എലിന്റെ ഹോട്ട്‌ലൈന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അത്യാവശ്യ വൈദ്യസഹായ കേന്ദ്രങ്ങള്‍ സജ്ജമാകും. പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍ 680000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 330 ടാപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിലയ്ക്കല്‍ മാത്രം 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ലഭ്യമാക്കുന്നത്. വെള്ളം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചു വരുന്നു. വൈദ്യുതി മുടങ്ങാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കെ.എസ് ഇ ബി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു.ഓരോ പോസ്റ്റും നിരീക്ഷിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. പമ്പാ നദിയിലെ മണ്ണ് മുഴുവന്‍ നീക്കിക്കഴിഞ്ഞതായി ഇറിഗേഷന്‍ വിഭാഗം അറിയിച്ചു. ഭക്തര്‍ക്ക് ബലിയിടാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താത്കാലിക ബണ്ടും നിര്‍മിച്ചു.
പമ്പ, പ്ലാപ്പള്ളി, സന്നിധാനം എന്നിവിടങ്ങളിലായി 66 പേരാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിനായിട്ടുള്ളത്. പമ്പാനദിയില്‍ ഒഴുക്കില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ മുങ്ങല്‍ വിദഗ്ധരുമുണ്ട്. ലഹരി ഉപയോഗം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ നിരീക്ഷണം നടത്തിവരുകയാണ്.
അപകടങ്ങള്‍ ഒഴിവാക്കുന്നതിന് റോഡുകളില്‍ റിഫ്‌ളക്ടര്‍ സ്ഥാപിക്കേണ്ടത് അത്യാവുമാണെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അറിയിച്ചു.അതു പോലെ വലിയ വളവുകളില്‍ സ്പ്രിംഗ് പോസ്റ്റുകളും സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഇതിന് പൊലീസ് സഹായം ആവശ്യമാണ്. പ്രധാന പാതകളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു പോയ ചില ഇടങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു വരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button