Latest NewsNews

ക്യാന്‍സര്‍ തട്ടിപ്പ് : ശ്രീമോള്‍ മാരാരിക്കെതിരെ കേസെടുത്തു

ആലപ്പുഴ•ക്യാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍. മാരാരിക്കുളം സ്വദേശിയായ ശ്രീമോള്‍ (സുജിമോള്‍) ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശ്രീമോള്‍ക്ക് പുറമേ കാനഡയില്‍ താമസക്കാരിയായ സുനിത ദേവദാസ്, ശ്രീമോളുടെ കൂട്ടാളി അനില്‍ ടി വി എന്നിവര്‍ക്കെതിരെയാണ് കേസ്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ നവാസിന്റെ പരാതിയിലാണ് നടപടി.മൂന്നുലക്ഷത്തോളം രൂപ നേരിട്ടും പത്തുലക്ഷത്തോളം രൂപ അല്ലാതെയും സുമനസുകളില്‍നിന്ന് പിരിച്ചെടുത്തുവെന്നാണ് പരാതി. സോഷ്യല്‍ മീഡിയയിലെ ഒരു വനിതാ ഗ്രൂപ്പില്‍ അംഗമായ ശ്രീമോള്‍, ക്യാന്‍സര്‍ രോഗിയാണെന്നും സര്‍ജറിക്ക് പണമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

രോഗമുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും നല്‍കി. ഇത് വിശ്വസിച്ചാണ് കാനഡയില്‍ താമസക്കാരിയായ സുനിത ദേവദാസ് അവരുടെ ഫേസ്ബുക്ക് അകൗണ്ടില്‍ അടിയന്തിര ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന രീതിയില്‍ പോസ്റ്റിട്ടത്.

പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കി ഒക്ടോബര്‍ 22 ന് പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ അവര്‍ 27-ാംതീയതി പിന്‍വലിച്ചിരുന്നു. ശ്രീമോള്‍ തന്നെ വഞ്ചിച്ചതാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും സുനിത ദേവദാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയച്ചിട്ടും തന്റെ പരാതിയില്‍ കേസെടുക്കാതെ തനിക്കെതിരെ നല്‍കിയ പരാതിയില്‍ മാത്രമാണ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button