Latest NewsIndiaNews

തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കും തൂക്ക് കയര്‍ തന്നെയെന്ന് സൂചന : വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ തേടി പൊലീസ്

 

ന്യൂഡല്‍ഹി രാജ്യം കണ്ട എറ്റവും ക്രൂരമായ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെയായിരിയ്ക്കുമെന്ന് സൂചന. തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് തൂക്ക് കയര്‍ വിധിയ്ക്കുമെന്ന് സൂചനയുള്ളത്. എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ കിട്ടാനില്ല.

Read Also : നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷയില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

തിഹാര്‍ ജയിലില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്ന കണക്കുകൂട്ടലില്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍പോലും ആരാച്ചാര്‍ക്കായി പൊലീസ് അന്വേഷണം നടക്കുകയാണ്. തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ പോസ്റ്റില്‍ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂര്‍വ്വമായതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യഘട്ടത്തില്‍ ആളുകളെ നിയോഗിക്കുകയാണ് നിലവിലെ രീതി.

രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹര്‍ജി നല്‍കുക എന്ന മാര്‍ഗം മാത്രമാണു മുന്നിലുള്ളത്. എന്നാല്‍ പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാന്‍ തയാറായത്.

ദയാഹര്‍ജി നല്‍കാന്‍ ഏഴു ദിവസം സമയം അനുവദിച്ചെങ്കിലും മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. ഇവര്‍ക്കു കൂടുതല്‍ സമയം അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും. ദയാഹര്‍ജി നല്‍കിയിട്ടില്ലെങ്കില്‍ വധശിക്ഷ വാറന്റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ക്കു വിചാരണക്കോടതിയെ സമീപിക്കാം.

വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്നു ഡല്‍ഹി സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു. അപ്രകാരം രാഷ്ട്രപതി ദയാഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കി ‘ബ്ലാക് വാറണ്ട്’ പുറപ്പെടുപ്പിക്കുന്നതാണ് അടുത്ത ഘട്ടം.

പാര്‍ലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് ലിവര്‍ വലിച്ച് വധശിക്ഷ നടപ്പാക്കിയത്.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗം നടക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യമാകെ വന്‍ പ്രതിക്ഷേധമാണ് ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button