KeralaLatest NewsNews

ബാലഭാസ്കറിന്റെ മരണം : അന്വേഷണം സിബിഐയ്ക്ക്

തിരുവനന്തപുരം : പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക്. സർക്കാർ കേസ് സിബിഐക്ക് കൈമാറി ഉത്തരവിറക്കി. ബാലഭാസ്കറിന്റെ പിതാവും, ബന്ധുക്കളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് ദുരൂഹതയ്ക്ക് കാരണം. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുൻ പറഞ്ഞപ്പോൾ, ലക്ഷ്‌മി അർജ്ജുനാണെന്നു മൊഴി നൽകിയതോടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണക്കടത്തുകേസിൽ പ്രതികളായതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ സംശയം വർദ്ധിച്ചു. ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. വാഹനമോടിച്ചത് അർജുനാണെങ്കിലും ആസൂത്രിതമായ അപകടമല്ലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് എത്തിയത്. ഈ നിലപാട് തള്ളിയ ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയായായിരുന്നു അപകടം. ബാലഭാസ്കറും ഭാര്യയും മകളും സുഹൃത്തും സഞ്ചരിച്ച ഇന്നോവ കാര്‍ കോരാണിയിൽ ദേശീയപാതക്ക് സമീപം നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ലക്ഷമി ഏറെ നാൾ ചികിത്സയിലായിരുന്നു. ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button