KeralaLatest NewsNews

പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് മുന്‍ ഡിജിപി  ടി.പി.സെന്‍കുമാറിന്റെ  ഫേസ്ബുക്ക് പോസ്റ്റ്.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നതിനിടയിലാണ് വിശദീകരണവുമായി സെന്‍കുമാര്‍ ഇറങ്ങിയത്.

ബിജെപി സര്‍ക്കാര്‍ പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്ത കാര്യങ്ങളാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും നടപ്പാക്കുക എന്നത്. ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സെന്‍കുമാര്‍ പറയുന്നു.

ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ചിലര്‍ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍

NRC യും CAB യും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ആണ് പ്രധാന പ്രശ്നം.
എന്താണ് രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം ?

മേല്‍പറഞ്ഞ രണ്ടു ബില്ലും ബിജെപി സര്‍ക്കാര്‍ അവരുടെ പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പ് കൊടുത്ത കാര്യങ്ങള്‍ ആണ്… ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മോഡി സര്‍ക്കാര്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞബദ്ധര്‍ ആണ്. കേവലം വാഗ്ദാനങ്ങള്‍ നല്‍കുക അല്ല ഇലക്ടറല്‍ വിജയത്തിന്റെ ആധാരം എന്നാണ് ബിജെപി പറഞ്ഞു വെക്കുന്നത് .

NRC – NATIONAL REGISTER OF CITIZENS

2013 ല്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെയും ഫലി നരിമാനും ഉള്‍പ്പെടുന്ന സുപ്രീം കോടതിയുടെ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 1955 ലെ ദേശീയ പൗരത്വ നിയമവും, 2003 ലെ ദേശീയ പൗര നിയമാവലിയും അനുസരിച്ചു NRC – ദേശീയ പൗരത്വ രജിസ്റ്റര്‍ UPDATE – ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും ആസാം സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

ആദ്യമായി ദേശീയ പൗരത്വം രജിസ്റ്റര്‍ കൊണ്ടു വരുന്നത് 1951 ലെ സെന്‌സസിന് ശേഷമാണ്. പിന്നെ അത് ഒരിക്കലും പരിഷ്‌കരിച്ചില്ല. പിന്നീട് 1971 ലെ ബംഗ്ലാദേശ് വിഭജനവും ഹിന്ദു കൂട്ടക്കൊലയും നടന്ന സമയത്തു വലിയ തോതില്‍ ജനങ്ങള്‍ ബംഗ്ലാദേശില്‍ ( അന്ന് കിഴക്കന്‍ പാകിസ്ഥാന്‍ ) നിന്നും ഇന്ത്യയിലേക്ക് അഭയം തേടി വന്നു. ആ അഭയാര്‍ത്ഥികളെ കൂടി പരിഗണിച്ചു കൊണ്ടു ആണ് NRC പരിഷ്‌കരിക്കാന്‍ ഉള്ള നിര്‍ദേശം സുപ്രീം കോടതി മുന്നോട്ട് വച്ചത്.

1951 ലെ സെന്‍സസ് പ്രകാരമോ, 1951 ലെ NRC യിലോ 1971 ആഗസ്റ്റ് 24 ന് മുന്‍പോ ഉള്ള തെരെഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലോ നിങ്ങളുടെ കുടുംബത്തിലെ പൂര്‍വ്വികരുടെ പേരുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ NRC ലിസ്റ്റില്‍ സ്വാഭാവികം ആയും ഉള്‍പ്പെടും. അങ്ങനെ ഉള്ള ലിസ്റ്റ് പുറത്തു വിട്ട ശേഷം അതില്‍ പേരുകള്‍ ഇല്ലാത്തവര്‍ക്ക് താഴെ പറയുന്ന രേഖകള്‍ ഹാജരാക്കിയാല്‍ അവരുടെ പൗരത്വം തെളിയിച്ചു ലിസ്റ്റില്‍ പേര് ചേര്‍ക്കാം..
LIC പോളിസി, അഭയാര്‍ത്ഥി രജിസ്ട്രേഷന്‍, ജനനസര്‍ട്ടിഫിക്കറ്റ്, പൗരത്വ രേഖ, വിദ്യാഭ്യാസ സംബന്ധമായ രേഖകള്‍, കോടതി രേഖകള്‍, പാസ്സ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് / പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, സര്‍ക്കാര്‍ ജോലിയുടെ രേഖകള്‍, സ്ഥിരതാമസ രേഖകള്‍.

1971 ല്‍ വന്നവര്‍ ആണെങ്കില്‍ കൂടി ഇതില്‍ ഒരു രേഖ പോലും ഇല്ലാത്തവര്‍ ഉണ്ടാവാന്‍ സാധ്യത തീരെ തീരെ ഇല്ല. എന്നിട്ടും അവര്‍ക്ക് വീണ്ടും അവസരം കൊടുക്കാന്‍ സുപ്രീം കോടതി അവശ്യപ്പെടുന്നുണ്ട്. അവര്‍ക്ക് പൗരത്വ ട്രിബ്യുണലില്‍ പരാതി കൊടുക്കാം, തീരുമാനം തൃപ്തികരം അല്ല എങ്കില്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിക്കാം. എന്നിട്ടും അയാള്‍ക്ക് മേല്‍പറഞ്ഞ ഒരു രേഖയോ 1971 മുതലോ ഉള്ള ഇന്ത്യയിലെ ഒരു വേരും ബന്ധവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അയാളെ ന്യായമായും പുറത്താക്കാന്‍ ഇന്ത്യ എന്ന പരമാധികാര രാഷ്ട്രത്തിനു അധികാരം ഉണ്ട്. ആദ്യം ആസാമില്‍ മാത്രമായി നിശ്ചയിച്ച NRC അമിത് ഷാ ആഭ്യന്തര മന്ത്രി ആയ ശേഷം മുഴുവന്‍ രാജ്യത്തും നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി.

NRC ലക്ഷ്യമാക്കുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആണ്. രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ പോകുന്ന NRC ആദ്യമായി കൊണ്ടു വന്നത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം സാരമായി ജനജീവിതത്തെ ബാധിച്ച ആസാമില്‍ ആണ്. ഇത്തരം ആളുകള്‍ നമ്മുടെ രാജ്യത്തു വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കേണ്ട വിഭവങ്ങളില്‍ അവകാശം സ്ഥാപിക്കുകയും ഇന്ത്യന്‍ പൗരന്മാരുടെ തൊഴില്‍ മറ്റു ആനുകൂല്യങ്ങള്‍ എന്നിവ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. പക്ഷെ ഇന്ത്യ വളരെ അനുഭാവപൂര്‍ണ്ണമായ നിലപാട് ആണ് ഈ വിഷയത്തില്‍ എടുത്തിരിക്കുന്നത് എന്നു പറയാതെ വയ്യ. മേല്‍പറഞ്ഞ ഒരു രേഖ പോലും ഇല്ലാത്തവര്‍ ന്യായമായും സംശയിക്കേണ്ടവര്‍ തന്നെയാണ്. ഇന്ത്യയില്‍ ജിഹാദി തീവ്രവാദം കൊടുമ്പിരി കൊണ്ട 1990 കള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയവരെ കണ്ടെത്തി അവരെ തടയുക എന്നതും NRC യുടെ ലക്ഷ്യമാണ്.

CAB – CITIZENSHIP AMENDMEND BILL

CAB എന്ന പൗരത്വ ഭേദഗതി ബില്‍ പ്രകാരം ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയില്‍ നിന്ന് വേര്‍പെട്ടു പോയതും എന്നാല്‍ ഒരേ സാംസ്‌കാരിക പൈതൃകം പേറുന്നതും ആയ 3 രാജ്യങ്ങള്‍ ആയ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വംശീയ ഉന്മൂലന ഭീഷണിയും പീഡനവും നേരിടുന്ന 6 ന്യൂനപക്ഷ മതങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്ന ബില്‍ ആണ് പൗരത്വ ഭേദഗതി ബില്‍, CAB. മേല്‍പറഞ്ഞ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, ജൈനര്‍, ബുദ്ധര്‍, സിഖ് എന്നീ ന്യൂനപക്ഷ സമുദായങ്ങളില്‍ ഉള്‍പ്പെട്ട എന്നാല്‍ ഉന്മൂലന ഭീഷണി മൂലം ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ 2014 ഡിസംബര്‍ 31നു മുന്നേ വരെ വന്നവരെ ആണ് പൗരത്വത്തിനായി പരിഗണിക്കുക. ഈ പരിധി മുന്‍പ് 1971 മാര്‍ച്ച് മാസം ആയിരുന്നു. പുതിയ ഭേദഗതി പാസ്സായതോടെ ഈ ഗണത്തില്‍ പെട്ട കുടിയേറ്റക്കാരെ ജയിലില്‍ ഇടുകയോ നാടുകടത്തുകയോ ചെയ്യില്ല.

1947 ലെ ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിന് ശേഷം പാകിസ്ഥാനിലെ ന്യൂനപക്ഷമായിരുന്ന ഹിന്ദു സമൂഹവും സിഖ് സമൂഹവും ക്രിസ്ത്യന്‍ സമൂഹവും കൂടി ഏതാണ്ട് 20% ഉണ്ടായിരുന്നു എങ്കില്‍ ഇന്നത് 5% താഴെ ആണ് എന്നത് തന്നെയാണ് ഈ ബില്ലിന്റെ ആവശ്യകത വിളിച്ചു പറയുന്നത്. ബംഗ്ലാദേശില്‍ 1971 ല്‍ മാത്രം ഏതാണ്ട് 20 ലക്ഷം ഹിന്ദുക്കളെ ആണ് കൊന്നു തള്ളിയത്. അന്ന് ജീവനും കൊണ്ടു പലായനം ചെയ്തവരും ഇതേ പോലെ 1947 നു ശേഷം പലപ്പോഴായി ജീവന് വേണ്ടി അതിര്‍ത്തി കടന്ന് വന്ന പാകിസ്താനിലെ ന്യൂനപക്ഷങ്ങളും ഇന്ന് അനധികൃതമായി ആണ് ഇന്ത്യയില്‍ കഴിയുന്നത്.
ഈ രണ്ടു രാജ്യങ്ങളില്‍ ജീവിക്കുന്ന ഇസ്ലാമിതര മതങ്ങളില്‍ പെട്ടവര്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ജീവിച്ചിരിക്കാന്‍ ആയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്യുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
അഭയാര്‍ഥികള്‍ ആയി ഈ മണ്ണില്‍ കടന്നു വന്നവരോട് എന്നും മനുഷ്യത്വപരമായ സമീപനം മാത്രം കൈക്കൊണ്ടിട്ടുള്ള ഇന്ത്യ എന്ന പുരാതന സംസ്‌കൃതി പേറുന്ന രാജ്യം ആ പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നു എന്നു നമുക്കു അഭിമാനത്തോടെ പറയാം ഇനി. അവര്‍ക്ക് നിയമപരിരക്ഷ കൊടുക്കാനും അവര്‍ക്കായി പൗരത്വ നിയമങ്ങളില്‍ ഇളവ് കൊടുക്കാനും CAB മൂലം സാധിക്കും.

NATURALIZATION അഥവാ സ്വാഭാവിക പ്രക്രിയയിലൂടെ 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമം അനുസരിച്ചു ഏതു ലോകരാജ്യങ്ങളില്‍ നിന്നുള്ള ഏതൊരാള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിനു അനുമതി തേടാം. അതിനു അവര്‍ 12 വര്‍ഷം ഇന്ത്യയില്‍ ജീവിക്കണം എന്ന വ്യവസ്ഥ CAB യിലൂടെ മുകളില്‍ പറഞ്ഞ 6 മതങ്ങളിലെ ന്യൂനപക്ഷ മതങ്ങളില്‍ പെട്ടവരില്‍ 2014 ഡിസംബറിന് മുന്നേ വന്ന അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവ് കൊടുത്തു കൊണ്ടു 5 വര്‍ഷമായി ചുരുക്കി കൊടുത്തു.
മറ്റുള്ളവര്‍ക്ക് സ്വാഭാവിക പ്രക്രിയ പിന്തുടര്‍ന്നു ഇന്ത്യന്‍ പൗരത്വം നേടുന്നതിന് യാതൊരു തടസ്സവും ഇല്ല താനും…

ബിജെപി CAB നടപ്പിലാക്കും എന്നു പ്രകടനപത്രികയില്‍ പറഞ്ഞു കൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയിലേക്ക് പോയതും വലിയ വിജയം നേടിയതും. കോണ്ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പലപ്പോഴായി ഇതേ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട് എങ്കിലും രാഷ്ട്രീയ ഇരട്ടത്താപ്പ് നടത്തി ഇപ്പോള്‍ പറഞ്ഞത് വിഴുങ്ങി എതിര്‍പ്പിന്റെ ഭാഗത്താണ്. വംശീയ ഉന്മൂലന ഭീഷണി അനുഭവിക്കുന്ന ഇസ്ലാമിക ഭരണം ഉള്ള അയല്‍രാജ്യങ്ങലിലെ ന്യൂനപക്ഷങ്ങളെ പൗരത്വം നല്‍കി സംരക്ഷിക്കണം എന്നു 2003 ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്നത്തെ ആഭ്യന്തര മന്ത്രി LK അഡ്വാനിയോട് ആവശ്യപ്പെട്ടത് സഭാ രേഖകളില്‍ ഉണ്ട്. അത് പോലെ 2012 ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്ഗ്രസ്സില്‍ CPIM ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ച് അതേ വര്‍ഷം ആഗസ്തില്‍ CPIM മന്‍മോഹന്‍ സിങ്ങിന് കത്തു നല്‍കുകയും ചെയ്തു. അതില്‍ മന്‍മോഹന്‍ സിംഗ് 2003 ല്‍ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തെ സൂചിപ്പികയും ചെയ്തിട്ടുണ്ട് എന്നു CPIM ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട് താനും. പിന്നെ എന്ത് ധാര്‍മ്മികതയുടെ ബലത്തില്‍ ആണ് CPIM ബിജെപി കൊണ്ട് വന്ന CAB യെ എതിര്‍ക്കുന്നത് എന്നു ചിന്തിക്കണം.

https://www.facebook.com/drtpsenkumarofficial/posts/429235057953567

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close