Latest NewsNewsTechnology

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴി മാറ്റുന്നവര്‍ അറിയാന്‍ പുതിയ കാര്യങ്ങള്‍ : ഡിസംബര്‍ 16 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു

ന്യൂഡല്‍ഹി : ഡിസംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ പ്രമുഖ മൊബൈല്‍ ദാതാക്കളായ എയര്‍ ടെല്‍, വൊഡാഫോണ്‍-ഐഡിയ ഡേറ്റ-കോള്‍ ചാര്‍ജുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് അനുയോജ്യമായ മൊബൈല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് മാറുന്ന കാഴ്ചയായിരുന്നു കണ്ടത്. ചാര്‍ജ് വര്‍ധനയും മറ്റും വലിയ വിഷയം ആകുമ്പോള്‍ തന്നെ നമ്പര്‍മാറ്റാതെ ടെലികോം ഓപ്പറേറ്ററെ മാറ്റുന്ന നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഡിസംബര്‍ 16 മുതല്‍ രാജ്യത്തെ ടെലികോം രംഗത്തെ നിയന്ത്രണ അധികാരികളായ ട്രായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവ എന്താണെന്ന് അറിയാം.

read also : മൊബൈല്‍ കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയെങ്കിലും ഡേറ്റയും പരിധിയില്ലാത്ത കോളുകളും ഇഷ്ടം പോലെ 

നമ്പര്‍ മാറാതെ മൊബൈല്‍ നെറ്റ്വര്‍ക്ക് മാറാന്‍ ഉപയോക്താവിന് അവസരമൊരുക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) നടപ്പാക്കാനുള്ള സമയം 3 മുതല്‍ 5 ദിവസം വരെയായിരിക്കും ഇനി. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വേഗത്തിലാക്കുവാനാണ് ഈ നടപടി. ഒരു സര്‍വീസ് മേഖലയ്ക്കുള്ളില്‍ തന്നെ സേവനദാതാക്കളെ മാറ്റാനുള്ള വ്യക്തിഗത പോര്‍ട്ടിങ് അപേക്ഷകള്‍ക്കു 3 ദിവസവും മറ്റൊരു സര്‍ക്കിളിലേക്കുള്ള മാറ്റത്തിന് 5 ദിവസവുമാണ് എടുക്കുക.

കോര്‍പറേറ്റ് കണക്ഷനുകള്‍ക്ക് പോര്‍ട്ടിങ് പൂര്‍ത്തിയാക്കാന്‍ 5 ദിവസം വേണം. നിലവില്‍ കോര്‍പറേറ്റ് കണക്ഷനുകള്‍ക്ക് പോര്‍ട്ടിങ് ചെയ്യാന്‍ 7 ദിവസം വരെയെടുത്തിരുന്നു. കശ്മീരിലും മറ്റു ചില സംസ്ഥാനങ്ങളിലും 15 ദിവസവും. പലര്‍ക്കും ഇതിലേറെ ദിവസങ്ങളെടുക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണു ട്രായിയുടെ ഇടപെടല്‍.

പോര്‍ട്ടബിലിറ്റി പൂര്‍ത്തിയാക്കാനുള്ള യുണിക് പോര്‍ട്ടിങ് കോഡ് (യുപിസി) ലഭിക്കാനുള്ള മാനദണ്ഡങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. ഒരു മൊബൈല്‍ കണക്ഷന്‍ 90 ദിവസമെങ്കിലും ഉപയോഗിച്ചവര്‍ക്കു മാത്രമെ പോര്‍ട്ടിങ് സൗകര്യം ഉപയോഗിക്കാന്‍ സാധിക്കൂ. നിലവിലുള്ള കണക്ഷന്റെ ബില്‍ പൂര്‍ണമായി നല്‍കിയിരിക്കണം.

ജമ്മു-കശ്മീര്‍, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 30 ദിവസവും മറ്റു സര്‍ക്കിളുകളില്‍ 4 ദിവസവുമാണു യുപിസിയുടെ കാലാവധി. കഴിഞ്ഞ ഡിസംബറില്‍ ട്രായ് നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ആദ്യം 6 മാസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും ഇതു നീളുകയായിരുന്നു.

പോര്‍ട്ടബിലിറ്റിയെക്കുറിച്ച് ഉപയോക്താവിനു തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ആവശ്യം നിരസിക്കുകയോ ചെയ്താല്‍ 10,000 രൂപ വരെ പിഴ ചുമത്താം. കോര്‍പറേറ്റ് കമ്പനികളുടെ പോര്‍ട്ടിങ്, നിലവിലുള്ള 50 എണ്ണത്തില്‍ നിന്നു 100 ആയി ഉയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button