Latest NewsNewsIndia

സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ല ; നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയുമില്ല; ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ നയം; അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ലെന്നും, നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ നയമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിയമപരമായ ഏത് വ്യാഖ്യാനങ്ങള്‍ക്കും പൗരത്വ നിയമം വിധേയമാക്കാമെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഒരു നിയമങ്ങളും രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന് എതിരല്ല. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഭരണഘടനാപരമാണ്. അത് കൊണ്ടു തന്നെ ഇവ നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്നും ഒരു നിയമവും സര്‍ക്കാര്‍ രഹസ്യമായി നടപ്പിലാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വ്വകലാശാലകളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിയമനടപടി സ്വീകരിക്കില്ല. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെയും കലാപത്തിന് ആഹ്വാനം നല്‍കുന്നവരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തില്‍നിന്ന് സര്‍ക്കാര്‍ ഒരു കാരണവശാലും പിന്നോട്ട് പോകില്ല. അമിത് ഷാ കൂട്ടിച്ചേർത്തു.

നിയമത്തില്‍ ന്യൂനപക്ഷ വിരുദ്ധമായി ഒന്നുമില്ലെന്നും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും മതവിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക മാത്രമാണ് നിയമത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്ത് 400ഓളം സര്‍വ്വകലാശാലകള്‍ ഉണ്ട്. അവയില്‍ ജെ എന്‍ യുവിലും ലഖ്നൗ സര്‍വ്വകലാശാലയിലും ജാമിയ മില്ലിയയിലും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലും മാത്രമാണ് പ്രശ്നമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button