Latest NewsJobs & VacanciesNews

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി : അർഹരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ പരിശീലനവും നിയമനവും നടത്തുന്നു.

കൊച്ചി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി മുഖേന അർഹരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ പരിശീലനവും നിയമനവും നടത്തുന്നു. 2014ൽ പദ്ധതി ആരംഭിച്ചതു മുതൽ കേരളത്തിൽ നാൽപതിനായിരത്തോളം യുവതിയുവാക്കൾ പരിശീലനം പൂർത്തിയാക്കുകയും അതിൽ മുപ്പതിനായിരത്തോളം പേർക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുകയും ചെയ്തു.

രണ്ടാംഘട്ട തൊഴിൽ പരിശീലനത്തിനുള്ള ഉദ്യോഗാർത്ഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പരിശീലന തിരഞ്ഞെടുപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. 2019- 2020 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 500 ഒഴിവുകളാണുള്ളത്. ഗ്രാമപ്രദേശങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് അവസരം.

Also read : ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ റെയിൽവേയിൽ അവസരം

ബി.പി.എൽ, ആർ.എസ്.ബി.വൈ കാർഡ് ഉള്ളവർ, തൊഴിലുറപ്പ് പദ്ധതിയിൽ പെട്ടവർ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഭിന്നശേഷി വിഭാഗക്കാർ, ന്യൂനപക്ഷം, അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടവർ, ദ്വിലിംഗത്തിൽപ്പെട്ടവർ എന്നിവർക്ക് നിയമപ്രകാരമുള്ള മുൻഗണനയും ഇളവുകളും ലഭിക്കും. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് താമസം, ഭക്ഷണം, യൂണിഫോം, ബാഗ്, പഠന ഉപകരണങ്ങൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവ പൂർണ്ണമായും സൗജന്യമായി നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഒരുമാസം അവർ പഠിച്ച പഠന മേഖലയിൽ തന്നെ തൊഴിൽ പരിശീലനവും അതിനുശേഷം തൊഴിലും നൽകുന്നു.

ഹെൽത്ത് കെയർ, ജി.എസ്.ടി അക്കൗണ്ട്സ് ഓഫീസർ, ബ്യൂട്ടീഷ്യൻ, ഓട്ടോമൊബൈൽ സർവീസിംഗ് (ഹിറ്റാച്ചി, എൽ ആന്റ് ടി), ഏവിയേഷൻ (ക്യാബിൻ ക്രൂ, ടിക്കറ്റിംഗ്), ഫ്രണ്ട് ഓഫീസ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, എ.സി ടെക്നീഷ്യൻ, മേസൺട്രി, ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സോളാർ പാനൽ ടെക്നീഷ്യൻ, ഫുഡ് ആന്റ് ബിവറേജസ് തുടങ്ങി ഇരുപതോളം മേഖലയിലാണ് അവസരം.

ഡിസംബർ 22 ന് ആലങ്ങാട്, പാറക്കടവ്, പറവൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കായി കുന്നുകര പഞ്ചായത്ത് ഹാളിലും, 23 ന് പള്ളുരുത്തി, വൈപ്പിൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകൾക്കായി എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാളിലും, 28 ന് പാമ്പാക്കുട, വടവുകോട്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകൾക്കായി മുളന്തുരുത്തി പഞ്ചായത്ത് ഹാളിലും, 29 ന് കോതമംഗലം, മൂവാറ്റുപുഴ ബ്ലോക്കുകൾക്ക് നെല്ലിമറ്റം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും, വാഴക്കുളം, കൂവപ്പടി, അങ്കമാലി ബ്ലോക്കുകൾക്ക് കുറുപ്പുംപടി കമ്മ്യൂണിറ്റി ഹാളിലും ക്യാമ്പുകൾ നടക്കും.

താല്പര്യമുള്ളവർ ആധാർ കാർഡ്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുമായി ഈ സ്ഥലങ്ങളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസുമായോ 0484 – 2959595 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button