Latest NewsIndia

മാധ്യമങ്ങളില്‍ വരുന്നത്‌ പാതി സത്യങ്ങള്‍ മാത്രമെന്നും കുറ്റക്കാർ ഇടത് അനുകൂല സംഘടനയിലെ വിദ്യാർത്ഥികളെന്നും ജെഎന്‍യു പ്രൊഫസര്‍ ഇന്ദ്രാണി റോയി ചൗധരി

വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി എന്തും തടയുന്ന ഇടതുപക്ഷ യൂണിയന്‍ രീതി, ഇടതുപക്ഷ വിദ്യാർത്ഥികളുടെ മോശം പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ പോസ്റ്റാണ് ഇന്ദ്രാണി പങ്കുവച്ചിരുന്നത്.

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പൈശാചിക മര്‍ദ്ദനങ്ങളിലും ചോരക്കളിയിലുമുള്ള ഇടത് അനുകൂല സംഘടനയിലെ വിദ്യാര്‍ഥികളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ജെഎന്‍യുവിലെ സാമ്പത്തിക വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇന്ദ്രാണി റോയി ചൗധരി തന്നെയാണ് അക്രമത്തിലെ ചില പ്രത്യേക വിദ്യാർത്ഥികളുടെ ഇടപെടല്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റി അംഗങ്ങളെയും ഇടതുപക്ഷം അവഹേളിക്കുന്നതും അക്രമിക്കുന്നതും പ്രൊഫസര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി എന്തും തടയുന്ന ഇടതുപക്ഷ യൂണിയന്‍ രീതി, ഇടതുപക്ഷ വിദ്യാർത്ഥികളുടെ മോശം പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ പോസ്റ്റാണ് ഇന്ദ്രാണി പങ്കുവച്ചിരുന്നത്. എന്നാല്‍, തെളിവുകള്‍ സഹിതം കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ നിരത്തിയതോടെ ഫ്രൊഫസര്‍ക്ക് നേരെയും ഇടത് സംഘടനകളുടെ ഭീഷണി ഉയര്‍ന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,

ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയയെ തടസ്സപ്പെടുത്തി . ഇത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ്. അവിശ്വസനീയമായ വാര്‍ത്തകളാണ് ഇവിടെ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്. വിരോധാഭാസമെന്നു പറയട്ടെ, ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ (ജെഎന്‍യുടിഎ) ഇതിനെ അപലപിക്കുന്നതിനുപകരം, മൗനം പാലിക്കുന്നു. ഇത് ദുരൂഹത വളര്‍ത്തുകയാണ്.

ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങള്‍ക്കും ഉത്തരമില്ല. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ വാടക 600 ല്‍ നിന്ന് 300 ആക്കി കുറച്ചപ്പോള്‍, എന്തുകൊണ്ടാണ് അത് ആഘോഷിക്കാതിരുന്നത്. അവരില്‍ ചിലര്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്യ്രം വേണമെന്ന്. ചിലര്‍ പറയുന്നത് ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കുറച്ച്‌ അജണ്ടകളുണ്ട്. ഇവയെക്കുറിച്ചെല്ലാം സംശയമുണ്ട്, ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പ്രസ്ഥാനത്തില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് രഹസ്യമായി പറയുന്നു. കാരണം ചില മറഞ്ഞിരിക്കുന്ന അജണ്ടകളും നിക്ഷിപ്ത താല്‍പ്പര്യങ്ങളും സംഘടനയ്ക്കുള്ളതായി അവര്‍ക്ക് തോന്നിയിട്ടുണ്ട്.

ജെഎന്‍യു വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മാധ്യമങ്ങള്‍ പാതി സത്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്. മുഖം മൂടിയെത്തിയ സംഘം സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോള്‍ ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു വിന്‍ഡോകള്‍ തകര്‍ന്നപ്പോള്‍, ജെഎന്‍യുവിലെ സെന്‍ട്രല്‍ സെര്‍വര്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, ലക്ഷക്കണക്കിന് രൂപ വില വരുന്ന ഒപ്റ്റിക് ഫൈബര്‍ വയറുകള്‍ വെട്ടി നശിപ്പിച്ചപ്പോള്‍ ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു, ഫ്രൊഫസര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

“കഷ്ടം…. മാദ്ധ്യമങ്ങൾ അർദ്ധസത്യങ്ങളുമായി ഉണർന്നിട്ടുണ്ട്“ ജെ‌എൻയു വീണ്ടും തലക്കെട്ടുകളിലേക്ക് മടങ്ങിവന്നിരിയ്ക്കുന്നു!!

കഴിഞ്ഞ രണ്ട് ദിവസമായി ജവഹർലാൽ നെഹ്രു സർവകലാശാലയുടെ വെബ്സൈറ്റ് മുഖം മൂടി ധരിച്ച സമരക്കാരായ വിദ്യാർത്ഥികൾ (അതിൽ ഭാവി കന്നയ്യകുമാർ ആകാൻ ശ്രമിയ്ക്കുന്ന ഒരാളൊഴിച്ച് ബാക്കിയെല്ലാം മുഖമൂടിക്കാരായിരുന്നു) ഹാക്ക് ചെയ്ത് വച്ചിരുന്നപ്പോൾ ഈ മാദ്ധ്യമങ്ങൾ എവിടെയായിരുന്നു?. സർവകലാശാലയുടെ പ്രധാന സെർവർ തകർക്കുകയും ജനലുകൾ അടിച്ചുപൊട്ടിയ്ക്കുകയും ചെയ്തപ്പോൾ ഈ മാദ്ധ്യമങ്ങൾ എവിടെയായിരുന്നു?

ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ലക്ഷക്കണക്കിനു രൂപയുടെ ഒപ്റ്റിക്കൽ ഫൈബർ വയറുകൾ മുറിച്ചുകളഞ്ഞപ്പോൾ, പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥികളെ തടസ്സപ്പെടുത്താനായി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ സർവീസ് സെന്ററിൽ നിന്ന് ജീവനക്കാരെ ഓടിച്ചപ്പോൾ, ഈ മാദ്ധ്യമങ്ങളൊക്കെ എവിടെയായിരുന്നു?.

വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് നിന്ന് ഒരിക്കലും കേട്ടിട്ടില്ലാത്ത ഏറ്റവും ഹീനമായ പ്രവൃത്തികളാ‍ായിരുരുന്നത്. ദേശീയപ്രാധാന്യമുള്ള ഒരു സർവകലാശാലയിലെ പൊതുമുതൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഭീകരവാദികളെപ്പോലെ മുഖം മൂടിയിട്ട് തകർത്തതും ഇതുപോലെ പെരുമാറിയതും അത്ഭുതകരമാണ്.

വിരോധാഭാസമെന്തെന്നാൽ ചില മാദ്ധ്യമങ്ങൾ വാർത്തകളുടെ ഒരു വശം മാത്രമേ കാട്ടുന്നുള്ളൂ. ജെ എൻ യു സർവകലാശാലയിലെ അദ്ധ്യാപക സംഘടന ഈ പ്രവർത്തികളെ അപലപിയ്ക്കുന്നതിനു പകരം ഈ നശീകരണത്തിനെതിരേ ഒരക്ഷരം മിണ്ടാതിരുന്നത് നിഗൂഢമാണ്. ഇത്രയും നടന്നതിനു ശേഷം പോലും പോലീസിനെ കാമ്പസിലേക്ക് വിളിച്ചില്ലെന്ന് മാത്രമല്ല ഈ അക്രമം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ഒരു നടപടിയും എടുത്തിരുന്നില്ല.

സുരക്ഷാവിഭാഗം പണിപ്പെട്ട് സർവകലാശാലയ്ക്കകത്ത് തൽക്കാലം എല്ലാമൊന്ന് ശാന്തമാക്കിയപ്പോൾ ഗേറ്റിനരികിൽ നിന്ന വിദ്യാർത്ഥികളെ ചിലർ തല്ലിയെന്ന് ഞങ്ങൾ കേട്ടു. സർവകലാശാലയിലെ സെൻ‌ട്രൽ സെർവർ ഇപ്പോഴും ശരിയായിട്ടില്ലെന്നും രജിസ്ട്രേഷൻ ഇന്നുപോലും തുടരാനാവില്ലെന്നും ഞങ്ങൾ കണ്ടു. സർവകലാശാല സെർവർ മുറിയ്ക്ക് മുന്നിൽ അത് തകർക്കാൻ നിന്ന ഒരു വിദ്യാർത്ഥിയ്ക്ക് തല്ലുകിട്ടിയെന്നും ഞങ്ങൾ കേട്ടു. എന്നാൽ അതിനെ സർവകലാശാല അദ്ധ്യാപകസംഘടന അപലപിച്ചിരിയ്ക്കുന്നു!

സമരം ചെയ്യുന്നവരിലെ, ഞാൻ പഠിപ്പിക്കുന്ന ഒരു വിദ്യാർത്ഥിയോട് ഇതൊക്കെക്കണ്ട് അത്ഭുതം തോന്നി ഞാൻ ചോദിച്ചു. ‘ജനാധിപത്യ അവകാശങ്ങൾ സംസാരിക്കുന്ന നിങ്ങൾ എന്തുകൊണ്ട് അടികിട്ടിയതിനെ അപലപിയ്ക്കുമ്പോൾ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുന്നതിനെ അപലപിയ്ക്കുന്നില്ല?‘ അവൻ പറഞ്ഞത് തങ്ങൾക്ക് നിയന്ത്രിയ്ക്കാനാവാത്ത ചില വിദ്യാർത്ഥികളാണ് ഇതെല്ലാം ചെയ്തതെന്നാണ്. ‘അവർ ശിക്ഷിയ്ക്കപ്പെടണം എന്ന് നീ കരുതുന്നില്ലേ?‘ എന്ന എന്റെ ചോദ്യം സ്വാഭാവികമായും വായുവിൽ ലയിച്ചു.

ഒരുപാട് കാര്യങ്ങൾക്ക് ഉത്തരമില്ല. രണ്ട് മാസം സർവകലാശാല പൂട്ടിയിട്ട് സമരം നടത്തിയപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്ക് അറുനൂറിൽ നിന്ന് മുന്നൂറായും മുന്നൂറിൽ നിന്ന് നൂറ്റിയൻപതായും ഹോസ്റ്റൽ ഫീസ് കുറച്ചത് സമരം നടത്തിയ വിദ്യാർത്ഥികൾ ആഘോഷിയ്ക്കുകയല്ലേ വേണ്ടത്? പിന്നെയും എന്തിനവർ സർവകലാശാല അടച്ചിട്ട് പഠിപ്പുമുടക്കി? ആർക്കും കൃത്യമായ ഉത്തരമില്ല. ചിലർ പറയുന്നു ഫീസ് വർദ്ധിപ്പിച്ചത് മുഴുവനും പഴയ തുകയാക്കി കുറയ്ക്കണമെന്ന്. ചിലർ പറയുന്നു തങ്ങൾക്ക് മറ്റു ചില അജണ്ടകൾ കൂടി നേടാനുണ്ടെന്ന്. ചിലർ ചിലകാര്യങ്ങളിലൊക്കെ സംശയാലുക്കളാണ്. ഇപ്പോൾത്തന്നെ സ്വകാര്യമായി ചില വിദ്യാർത്ഥികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ഇവർക്ക് ഹിഡൺ അജണ്ടകളും സ്വാർത്ഥ താൽപ്പര്യങ്ങളുമാണുള്ളതെന്ന്, സമരത്തിൽ നിന്ന് പിൻമാറണമെന്ന് തങ്ങൾക്കാഗ്രഹമുണ്ടെന്ന്.

കഴിഞ്ഞ രണ്ട് മാസമായി സ്വന്തം ഓഫീസ് മുറിയിൽ നിന്ന് പുറത്തെറിയപ്പെട്ട, ആരും സഹായിക്കാനില്ലാത്ത, ശബ്ദമില്ലാത്ത കാഴ്ചക്കാരാണ് ഞങ്ങൾ അദ്ധ്യാപകർ. നഖം കടിച്ച്, വിഷാദത്തിൽ മുങ്ങിത്താണ്, എല്ലാ അസാധാരണതകളോടും യുദ്ധം ചെയ്ത്, തണുത്തുറയുന്ന ഈ ശീതകാലത്ത് റോഡുവക്കിലും പാർക്കിങ്ങ് സ്ഥലത്തും നിന്ന് ഞങ്ങളുടെ വിദ്യാർത്ഥികളെ സഹായിയ്ക്കുകയാണ് കഴിഞ്ഞ രണ്ട് മാസമായി ഞങ്ങൾ. എല്ലാം സാധാരണമാകുമെന്ന് കുറേ നാളാ‍യി വിചാരിക്കുന്നു.

അവസാനം ഞങ്ങളുടെ ഓഫീസുമുറികൾക്കും ഗേറ്റിനും മുന്നിൽ സമരമെന്ന പേരിൽ കാവൽ നിൽക്കുന്ന വിദ്യാർത്ഥികളോട് ഗതികെട്ട് കെഞ്ചിയിട്ടുണ്ട്. ഒരു അഞ്ച് മിനിട്ട് ആ ഓഫീസിലൊന്ന് കയറി പ്രധാനപ്പെട്ട ചില രേഖളോ പുസ്തകങ്ങളോ ഹാർഡ് ഡിസ്കുകളോ എടുത്തോട്ടെ എന്ന്.

ഞങ്ങളുടെ അപേക്ഷ വിരളമായി സമ്മതിച്ചാൽപ്പോലും ചില വിദ്യാർത്ഥികൾ ഞങ്ങൾക്കൊപ്പം കൂടെവന്ന് നിരീക്ഷിയ്ക്കും. ചിലപ്പോൾ ക്രൂരമായി ആക്ഷേപിക്കും. പലപ്പോഴും എപ്പോഴെന്നറിയാതെ ഞങ്ങൾ കാത്തുനിൽക്കും. പല സമയത്തും ചില ഗവേഷണവിദ്യാർത്ഥികൾ ഞങ്ങളില്ലാതെ ഞങ്ങളുടെ ഓഫീസിൽ കയറി സാധനങ്ങൾ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. ഒരു അദ്ധ്യാപികയ്ക്ക് ഈ കാര്യങ്ങൾ പറയാൻ ഒരു ജനാധിപത്യവേദിയും ഇപ്പോഴില്ല. അത് സർവകലാശാല അദ്ധ്യാപകസംഘടനയ്ക്കൊരു പ്രശ്നമേയല്ല. എന്നിട്ട് സദാസമയവും ജനാധിപത്യത്തെപ്പറ്റി ചർച്ചയും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ജനാധിപത്യ ഇടത്തെപ്പറ്റി മുന്തിയ സംവാദങ്ങളുമാണ്!!

ഈ ശീതകാലസെമസ്റ്ററിൽ ജനുവരി ഒന്നുമുതൽ അഞ്ചുവരെ സമരം കൊണ്ട് പരീക്ഷയെഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് താൽക്കാലിക ഓൺലൈൻ രജിസ്ട്രേഷൻ സൌകര്യങ്ങൾ ഒരുക്കാൻ സർവകലാശാല തീരുമാനിച്ചു. ആദ്യ രണ്ട് ദിവസം രജിസ്ട്രേഷൻ പതുക്കെയായിരുന്നു. അത് കഴിഞ്ഞ് അനേകം പേർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനെത്തി. കഴിഞ്ഞ മാസങ്ങളിലെ സമരം കൊണ്ട് പൊറുതിമുട്ടി തങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലായ പല ബിരുദാനന്തരബിരുദ വിദ്യാർത്ഥികളും പരീക്ഷകൾക്ക് ഒരുങ്ങി.

പലരും അടുത്തകൊല്ലം ഗവേഷണബിരുദത്തിനായി മുന്നോട്ടുപോകുന്നവരായിരുന്നു. അവർക്കും, നാലാം സെമസ്റ്റർ എം ഫിൽ വിദ്യാർത്ഥികൾക്കും അവരുടെ പ്രബന്ധം ഈ ജൂണോടൂ കൂടി സമർപ്പിക്കണം. അവരെല്ലാം രജിസ്റ്റർ ചെയ്യാനായെത്തി. പരീക്ഷകൾക്കായുള്ള രജിസ്ട്രേഷൻ സജീവമായി മുന്നോട്ടുപോയി. വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതിനെ അനുകൂലിച്ചുണ്ടായിരുന്നു.

എന്നാൽ രജിസ്ട്രേഷൻ തുടരുന്നതോടെ സമരക്കാർക്ക് കിട്ടുന്ന പിന്തുണ കുറഞ്ഞുവന്നു. ആരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യരുത്, എങ്ങനെയെങ്കിലും രജിസ്ട്രേഷൻ ഇല്ലാതാക്കണമായിരുന്നു അവർക്ക്.

അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം.

ഇന്നലെ പത്ത് മണിക്ക് ഞാൻ ഡീ‍നിന്റെ ഓഫീസിലായിരുന്നു. അപ്പോൾ ചില വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി രജിസ്ട്രേഷൻ തടയാനെത്തുന്നത് കണ്ടത് വലിയ ആഘാതമായിരുന്നു. അഞ്ച് മിനിട്ടിനകം അവിടം വിട്ടുപോയില്ലെങ്കിൽ എല്ലാവരേയും പൂട്ടിയിടുമെന്ന് അവർ ഭീഷണി മുഴക്കി. രജിസ്റ്റർ ചെയ്യാൻ വന്ന ചില വിദ്യാർത്ഥികൾ അപ്പോൾത്തന്നെ അവിടെയുണ്ടായിരുന്നു. ഏതാണ്ട് പതിനൊന്ന് മണിയോടെ ഇരുപത്-ഇരുപത്തഞ്ച് അക്രമാസക്തരായ സ്റ്റുഡന്റ്സ് യൂണിയൻ വിദ്യാർത്ഥികൾ (JNUSU) തിരമാല പോലെ ആ കെട്ടിടത്തിലേക്ക് ഇരച്ചുകയറി. തന്ത്രപരമായി ആൺകുട്ടികൾ പുറത്ത് നിൽക്കുകയും അവരിലെ പെൺകുട്ടികൾ അകത്ത് കയറി രജിസ്ട്രേഷനു വന്ന ഓഫീസ് ജീവനക്കാരേയും വിദ്യാർത്ഥികളേയും ഭീഷണിപ്പെടുത്താനും ചീത്തവിളിക്കാനും പീഡിപ്പിക്കാനും തുടങ്ങി.

വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അകത്തിട്ട് അവർ വാതിൽ തടഞ്ഞു നിന്നു. ഞങ്ങളുടെ സെന്ററിൽ നിന്ന് രജിസ്ട്രേഷനു വന്ന നാലു ഗവേഷകവിദ്യാർത്ഥികൾ- സുമൻ, സന്തു, ശുബോമോയ്, അരുപ് എന്നീ വിദ്യാർത്ഥികൾ- ഞങ്ങൾ ജീവനക്കാരേയും അദ്ധ്യാപകരേയും സമരക്കാർ ആക്രമിയ്ക്കാതെ ഞങ്ങൾക്ക് മറയായി നിന്നു. ആ വിദ്യാർത്ഥികൾ ഒരു രാഷ്ട്രീയസംഘടനയിലും അംഗങ്ങളല്ല.

എല്ലാ വിദ്യാർത്ഥികളും വീഡിയോ എടുക്കുന്നുണ്ടായിരുന്നു ആ സമയം. നാലഞ്ച് വിദ്യാർത്ഥിനികൾ ശുബോമോയിൽ നിന്ന് മൊബൈൽ തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് അവനെ ആക്രമിക്കാൻ തുടങ്ങി. കോളറിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ഇടിക്കുകയും ചീത്തവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ വീഡിയോ എടുത്തതിനു സന്തുവിനേയും അടിയ്ക്കുകയും ചീത്തവിളിക്കുകയും ചെയ്തു. അവന്റെ ജാക്കറ്റ് വലിച്ചുകീറി. അരൂപിനെ തെറി വിളിച്ചുകൊണ്ട് അര മണിക്കൂറോളം ആ വിദ്യാർത്ഥിനികൾ ഇടിച്ചു. അവന്റെ മൊബൈൽ ആരോ തട്ടിയെടുത്തു. ഒരു എതിർപ്പുമില്ലാതെ, അക്രമത്തിൽ നിന്ന് അദ്ധ്യാപകരേയും ജീവനക്കാരേയും സംരക്ഷിച്ചു നിന്ന, യാതൊരു കുറ്റവും ചെയ്യാത്ത, രജിസ്ട്രേഷനു വന്ന വിദ്യാർത്ഥികളെയാണ് ഈ ജെ എൻ യു സ്റ്റുഡന്റ്സ് യൂണിയൻകാർ ഈ വിധം ആക്രമിച്ചത്.

അരൂപിനെ ആ പെൺകുട്ടികളുടെ മർദ്ദനത്തിൽ നിന്ന് രക്ഷപെടുത്തിയപ്പോൾ അവൻ മാനസികവും ശാരീരികവുമായ ആഘാതത്താൽ ആലില പോലെ വിറയ്ക്കുകയും നിലവിളിയ്ക്കുകയായിരുന്നു. പരാതി നൽകുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നത് കേട്ട അവർ, ഇതെങ്ങാനും പോലീസിൽ പരാതിപ്പെട്ട് എഫ് ഐ ആർ നൽകിയാൽ അരൂപും കൂട്ടരും വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ചു എന്ന് പരാതി നൽകും എന്ന് ആക്രോശിച്ചു ഭീഷണിപ്പെടുത്തി. ഈ കശ്മലതയുടേയും വൃത്തികേടിന്റേയും തെമ്മാടിത്തത്തിന്റേയും തീവ്രതയാൽ ഞങ്ങൾ ഞെട്ടിത്തരിച്ചു പോയി.

ജെ എൻ യു സ്റ്റുഡന്റ്സ് യൂണിയൻകാരോടൊപ്പം വന്ന ചില വിദ്യാർത്ഥികൾ മുഖം മൂടി ധരിച്ച് അവിടെയെല്ലാം നിൽപ്പുണ്ടായിരുന്നു. അത് കണ്ട ഞങ്ങൾക്ക് അത് ഞങ്ങളുടെ കുട്ടികളല്ല, ജാമിയ മിലിയയിലെ വിദ്യാർത്ഥികളാണെന്ന് അപ്പൊഴേ സംശയം തോന്നിയിരുന്നു.

ആ സമയത്തൊന്നും ഒരൊറ്റ എബിവിപി വിദ്യാർത്ഥി പോലും അവിടെയില്ലായിരുന്നു.

പിന്നീടാണ് വൈകുന്നേരം ഏതാണ്ട് അഞ്ച് മണിയോടെ നൂറുകണക്കിനു മുഖം മൂടി ധരിച്ച വിദ്യാർത്ഥികൾ വലിയ ദണ്ഡകളും കല്ലുകളും വടികളുമായി ഹോസ്റ്റലുകളിലേക്ക് ഇരച്ചുകയറിയത്. അതിനുശേഷം ഞങ്ങൾ കേട്ടത് തപ്തി, സബർമതി, കൊയെന്ന എന്നിവയും വേറൊരു ഹോസ്റ്റലും ആക്രമിക്കപ്പെട്ടു എന്നാണ്. ഹോസ്റ്റലുകളിലെ ചില വിദ്യാർത്ഥികൾക്ക് നല്ല പരിക്കുപറ്റി. ചിലർ സംഭവസ്ഥലത്തു നിന്ന് ഓടി. ചിലരെ കാണാനില്ല. ഉടൻ തന്നെ എല്ലാ വിധ അക്രമത്തിന്റേയും ക്രൂരതയുടേയും രക്തത്തിന്റേയും പരിക്കുകളുടേയും വാർത്തകളും വിഡിയോകളും പുറത്തുവന്നു. ഞാൻ ആറു മണിയോടെ അവിടെനിന്നും പോയി. അതിനുശേഷം നടന്നതിന് ഞാൻ സാക്ഷിയായില്ല.

ഞങ്ങളുടെ മുതിർന്ന അദ്ധ്യാപകനും സഹപ്രവർത്തകനുമായ പ്രൊഫസർ സുചിത്ര സെൻ ഗുരുതരമായി പരിക്കേറ്റതിൽ അതിയായ ദേഷ്യമുണ്ട്, ഞങ്ങളുടെ കരുതലില്ലാത്ത വിദ്യാർത്ഥികളുടെ സുരക്ഷയിൽ വലിയ ആശങ്കയുമുണ്ട്. കാരണം ആരും സഹായിക്കാനില്ലാത്ത രാഷ്ട്രീയമൊന്നുമില്ലാത്ത പാവങ്ങളെയാണ് എപ്പോഴും ആക്രമണത്തിൽ ഇരകളാക്കാൻ എളുപ്പം.

ഈ സർവകലാശാല ഞങ്ങളെ ബഹുസ്വരതയെ, വിവിധ അഭിപ്രായ വ്യത്യാസങ്ങളെ, സഹവർത്തിത്തത്തിനെ, സമതയെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു എന്ന് വിശ്വസിക്കാനെനിയ്ക്ക് പ്രയാസമാണ്. എനിയ്ക്കറിയാവുന്ന, ഞാൻ അഭിമാനിച്ചിരുന്ന, അംഗമായതിൽ അഹങ്കരിച്ചിരുന്ന സർവകലാശാല ഇതല്ല.

Translation courtesy: kaaliyambi

shortlink

Related Articles

Post Your Comments

Related Articles


Back to top button