Latest NewsKeralaNews

കണ്ണീരൊപ്പുമെന്ന് പറഞ്ഞ് കണ്ണില്‍ മുളക് തേക്കുകയാണ് ചെയ്‌തതെന്ന് കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: പ്രളയത്തെ കേരളം അഭിമുഖീകരിച്ചപ്പോള്‍ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്രം സംസ്ഥാനത്തിന്റെ കണ്ണില്‍ മുളക് തേക്കുകയാണ് ചെയ്തതെന്ന ആരോപണവുമായി സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെയാണ് 2018ല്‍ കേരളം നേരിട്ടത്. അന്ന് 5616 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായമായി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രം തന്നതാകട്ടെ 2904 കോടി രൂപയാണ്. പ്രളയത്തില്‍നിന്ന് കരകയറാന്‍ പ്രത്യേക പാക്കേജ് സമര്‍പ്പിച്ചെങ്കിലും അതും തള്ളി. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാഗ്ദാനംചെയ്ത സഹായം കൈപ്പറ്റാനും അനുവദിച്ചില്ല. സഹായം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയും വിലക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ‘പത്രപരസ്യം നൽകിയത് തെറ്റ്, ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തരുത്’ വീണ്ടും സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെയാണ് 2018ൽ കേരളം നേരിട്ടത്. അന്ന് 5616 കോടി രൂപ സംസ്ഥാന സർക്കാർ സഹായമായി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. കേന്ദ്രം തന്നതാകട്ടെ 2904 കോടി രൂപയാണ്. പ്രളയത്തിൽനിന്ന് കരകയറാൻ പ്രത്യേക പാക്കേജ് സമർപ്പിച്ചെങ്കിലും അതും തള്ളി. യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ വാഗ്ദാനംചെയ്ത സഹായം കൈപ്പറ്റാനും അനുവദിച്ചില്ല. സഹായം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയും വിലക്കി.

2018ലെ പ്രളയക്കെടുതിയിൽനിന്ന്‌ കരകയറുംമുമ്പേ 2019ലും സംസ്ഥാനം വലിയ പ്രകൃതിദുരന്തത്തെ നേരിട്ടു. മലബാർമേഖലയിൽ കൊടിയ നാശങ്ങളാണുണ്ടായത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നിരവധി ജീവനുകൾ നഷ്ടമായി. അന്ന് കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ വന്നു. കേരളത്തിന്റെ കണ്ണീരൊപ്പാൻ കേന്ദ്രസർക്കാർ ഉണ്ടാകുമെന്ന് വാഗ്ദാനംചെയ്തു. പക്ഷേ, കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണിൽ മുളക് തേയ്ക്കുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്.

അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയോഗം കേരളത്തെ തഴഞ്ഞതിലെ വിശദീകരണം രാജ്യത്തിന് നൽകാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. കഴിഞ്ഞവർഷം പ്രളയമുണ്ടായ മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപയുടെ സഹായം അനുവദിച്ചു. സഹായം നേടിയ ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചും ബിജെപി ഭരണമുള്ളതാണ്. ഭരിക്കുന്ന പാർടി ഏതെന്ന് നോക്കി പ്രളയനിവാരണ സഹായം കേന്ദ്രം അനുവദിക്കുന്നത് തികഞ്ഞ പാപ്പരത്തമാണ്.

പ്രളയദുരന്തത്തിനുള്ള നഷ്ടപരിഹാരം നിഷേധിച്ചതിനു പിന്നാലെ ദുരിതാശ്വാസക്യാമ്പുകളിൽ വിതരണംചെയ്ത അരിയുടെ പണം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകിയിരിക്കുകയാണ്. മഹാപ്രളയകാലത്ത് 2018ൽ സൗജന്യമായി വിതരണം ചെയ്ത 89,540 മെട്രിക്‌ ടൺ അരിയുടെ വിലയായി 205.81 കോടി രൂപ ഉടൻ നൽകണമെന്നാണ് തീട്ടൂരം. കേന്ദ്രം സൗജന്യമായി അരി വിതരണം ചെയ്തെന്നാണ് അന്ന് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പറഞ്ഞത്. എന്നിട്ടാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ സംസ്ഥാന ദുരന്തനിവാരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ‘മോസ്റ്റ് അർജന്റ്’ എന്ന ശീർഷകത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കൽ എത്രമാത്രം മനുഷ്യത്വരഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പരിഹാസ്യമായ കേന്ദ്രനടപടിയെപ്പറ്റി ഇവിടത്തെ ബിജെപി നേതാക്കൾക്കും കേന്ദ്രമന്ത്രി മുരളീധരനും എന്താണ് പറയാനുള്ളത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button