Latest NewsKeralaIndia

“കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!” ഡോക്ടർ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ കാര്യത്തെകുറിച്ച് നന്ദു മഹാദേവ

ക്യാൻസർ ആണെന്നറിഞ്ഞതിന് ശേഷമുള്ള ഈ കഴിഞ്ഞ 2 വർഷം വേണമെങ്കിൽ എനിക്ക് വിധിയെ പഴിച്ചു കൊണ്ട് സമൂഹത്തിൽ നിന്നും ഉൾവലിയാമായിരുന്നു...!

കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!! അമൃത , ആസ്റ്റർ , ലേക്ക്ഷോർ , അനന്തപുരി , കിംസ് തുടങ്ങിയ എല്ലാ ഹോസ്പിറ്റലിൽ നിന്നും ഇതു തന്നെ പറഞ്ഞു..!! എന്റെ ഡോക്ടർ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ വാചകമാണ് ആദ്യത്തേത്..!! രണ്ടാമത്തേത് ഹോസ്പിറ്റലുകളിൽ റിപ്പോർട്ടുകൾ അയച്ചു കൊടുത്തപ്പോൾ വന്ന മറുപടികളും..!! നന്ദുമഹാദേവയുടെ വാക്കുകളാണ് ഇത്. ഇപ്പോൾ കീമോ തെറാപ്പി നടത്തുകയാണ് നന്ദുവിന്‌. രണ്ട് കീമോ കഴിഞ്ഞു താൻ ഉഷാറാണെന്നും
ശരീരത്തിന് പുറത്ത് വലിയ പ്രശ്നങ്ങൾ ഇല്ലെങ്കിലും അകത്ത് ഉഴുതു മറിക്കുന്ന കീമോയാണ്..അത് കാരണം മുടി ഒന്നും പോയില്ല.. പക്ഷേ നീരുണ്ട് എന്നും നന്ദു പറയുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നന്ദുവിന്റെ പ്രചോദകമായ കുറിപ്പ് നമുക്കായി പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ:

കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!!

അമൃത , ആസ്റ്റർ , ലേക്ക്ഷോർ , അനന്തപുരി , കിംസ് തുടങ്ങിയ എല്ലാ ഹോസ്പിറ്റലിൽ നിന്നും ഇതു തന്നെ പറഞ്ഞു..!!എന്റെ ഡോക്ടർ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ വാചകമാണ് ആദ്യത്തേത്..!!രണ്ടാമത്തേത് ഹോസ്പിറ്റലുകളിൽ റിപ്പോർട്ടുകൾ അയച്ചു കൊടുത്തപ്പോൾ വന്ന മറുപടികളും..!!എന്റെ മുഖത്ത് അപ്പോഴും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി തന്നെ ആയിരുന്നു..അതിന് കാരണം മുന്നോട്ട് ജീവിക്കാൻ കഴിയുമോ അതോ ജീവിതം അവിടെ വച്ചു തീരുമോ എന്നതിനെപറ്റിയുള്ള ആശങ്ക ഒരു ശതമാനം പോലും എനിക്കില്ല എന്നത് തന്നെ !!

അടുത്ത നിമിഷം മരണപ്പെട്ടാലും ഞാൻ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാണ്..
വിജയിച്ചവനാണ് !!കാരണം ഈ നിമിഷം വരെയും ഞാൻ സന്തോഷവാനാണ്..
ഓരോ നിമിഷവും ഓരോ ശ്വാസത്തിലും ഉള്ളിൽ നിറയുന്ന സന്തോഷം ഞാൻ അനുഭവിക്കുന്നു..അന്ന് ഡോക്ടർ രണ്ടു ദിവസം കഷ്ടിച്ചു താണ്ടും എന്നു പറഞ്ഞ ഞാൻ ഇന്ന് അതേ ശരീരത്തിൽ രണ്ട് മാസം പിന്നിട്ടിരിക്കുന്നു..അതിലും വലിയ അത്ഭുതം വെറും രണ്ടു ദിവസം ആയുസ്സില്ലെന്നു പറഞ്ഞ എന്റെ ശരീരത്തിൽ രണ്ട് ഹൈ ഡോസ് കീമോ കൂടി എടുത്തിട്ടും ഞാനിങ്ങനെ സ്‌ട്രോങ് ആയി തന്നെ നിൽക്കുന്നു..!!

ഇത് ഡോക്ടറിന്റെ കഴിവ് കേടോ എന്റെ കഴിവോ അല്ല !!ഉടയതമ്പുരാൻ ഓരോ ഉടലിലും എഴുതി വച്ചിട്ടുണ്ട് ഉയിരിന്റെ കാലാവധി !!ഇനി മറ്റൊരു കാര്യം എന്റെ പ്രിയപ്പെട്ടവരോട് പങ്ക് വയ്ക്കുന്നു..ആത്മവിശ്വാസം അസുഖത്തെ ഭേദമാക്കും എന്നൊരിക്കലും ഞാൻ അവകാശപ്പെടില്ല..കാരണം എന്റെ കയ്യിൽ കാട്ടി തരാൻ അതിന് തെളിവില്ല…
പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പ് നൽകുന്നു..തിളങ്ങുന്ന ആത്മവിശ്വാസം നിങ്ങളുടെ ജീവിതത്തിന്റെ മനോഹാരിത കൂട്ടും..

ക്യാൻസർ ആണെന്നറിഞ്ഞതിന് ശേഷമുള്ള ഈ കഴിഞ്ഞ 2 വർഷം വേണമെങ്കിൽ എനിക്ക് വിധിയെ പഴിച്ചു കൊണ്ട് സമൂഹത്തിൽ നിന്നും ഉൾവലിയാമായിരുന്നു…!!!സ്വയം അപകർഷതാ ബോധത്തിലും സങ്കടത്തിലും നരകിച്ച് ദൈവത്തിനെ പ്രാകി ഇഞ്ചിഞ്ചായി വിധിയുടെ വറുതീയിൽ എരിഞ്ഞമരാമായിരുന്നു…!!വീട്ടുകാരെയും കൂട്ടുകാരെയും സങ്കടക്കടലിൽ മുക്കി ഓരോ നിമിഷവും കരഞ്ഞു തീർക്കാമായിരുന്നു..!!എന്തിനേറെ പറയുന്നു സുനാമിയേക്കാൾ ശക്തമായി വന്ന പ്രതിസന്ധികളുടെ തിരമാലകളിൽ മനസ്സു തകർന്നു ജീവൻ പോലും ആത്മഹത്യ ചെയ്യാമായിരുന്നു..!!

പക്ഷേ കയ്യിലുള്ള അമൂല്യമായ വജ്രമാണ് ജീവിതം എന്ന തിരിച്ചറിവും ചുറ്റും പ്രകാശം പരത്താനുള്ള മനസ്സും ഉണ്ടെങ്കിൽ ജീവിതം ഏതവസ്ഥയിലും
സ്വർഗ്ഗ തുല്യമാക്കാം എന്ന തിരിച്ചറിവ് എന്റെ ജീവിതത്തെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു..!!ഏത് വേദനയിലും എത്ര വലിയ തടസ്സങ്ങളിലും പുഞ്ചിരിയോടെ നേരിടാൻ അതെന്നെ പഠിപ്പിച്ചു..!!നിരാശയുടെ ഇരുൾമുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേയ്ക്കു മനസ്സിനെ നയിക്കുമ്പോൾ ആണ് ഓരോ മനുഷ്യനും
വജ്രങ്ങൾ ആകുന്നത് !!

ശത്രു നമ്മുടെ ദൗർബല്യങ്ങളിൽ വീണ്ടും വീണ്ടും അടിച്ചു നമ്മളെ തകർക്കുമ്പോൾ നമ്മൾ ശത്രുവിന്റെ ബലം എന്താണോ ആ ബലത്തിൽ പ്രഹരിച്ചു വേണം ധീരതയോടെ വിജയിക്കാൻ..!!കിതക്കും വരെ ഓടണം..കിതപ്പ് തീരുമ്പോൾ വീണ്ടും ഓടണം..വിജയം കീഴടക്കണം..!!എന്റെ കഴിഞ്ഞ പോസ്റ്റിൽ ഒരു യുവാവ് കമന്റ് ഇട്ടത് കണ്ടു..
ക്യാൻസർ വരണമേ എന്ന് സ്വയം പ്രാർത്ഥിക്കുന്നു..ജീവിതം മടുത്തു..ജീവിക്കാൻ ആഗ്രഹമില്ലാത്തവർക്ക് ഇതൊന്നും വരില്ല എന്നൊക്കെ…

ആ സുഹൃത്തിനോട് എനിക്ക് പരമ പുച്ഛമാണ് ദേഷ്യമാണ് സഹതാപമാണ് തോന്നിയത്..
നമ്മുടെ ശരീരത്തിന് ഒരിക്കലും ഒരു വിലയിടാൻ നമുക്ക് കഴിയില്ല..
എന്നാലും ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്ന ഏകദേശ വില ഒരു ശരീരത്തിന് 250 കോടി രൂപയാണ്…!!ആ ശരീരത്തിനെ ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് നശിപ്പിക്കുന്നവരെ എന്ത് പേരിട്ട് വിളിക്കണം.??അയാൾ പറഞ്ഞത് ഒരു കാര്യം ശരിയാണ്..
ജീവിതമെന്ന മഹാ ലഹരിയെ ഏറെ ഇഷ്ടപ്പെടുന്നവരുടെ അടുക്കലാകും വിധി മരണത്തിന്റെ നിഴലുമായി ഓടിയെത്തുക..!!

നമ്മളൊക്കെ ആസ്വദിച്ചു ജീവിക്കാൻ മറന്നു പോകുകയാണ്..തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുകയാണ്..ഞാനിനി പറയുന്ന നിസാരമായ കാര്യങ്ങൾ ഒന്ന് ആസ്വദിച്ചു നോക്കൂ..പലപ്പോഴും നമ്മൾ ധൃതിയിൽ ചെയ്യുന്ന കാര്യങ്ങൾ…
പലപ്പോഴും നമ്മൾ മറന്നു പോകുന്ന കാര്യങ്ങൾ..വളരെ ചെറിയ വലിയ കാര്യങ്ങൾ..!!രാവിലെ ഉണരുമ്പോൾ ബെഡിൽ നിന്ന് എഴുന്നേറ്റ ശേഷം ഒന്നു ദീർഘ നിശ്വാസം എടുക്കുക..മനസ്സിനുള്ളിൽ നിറയെ സന്തോഷം നിറയ്ക്കുക..എന്നിട്ട് അത്രയും സന്തോഷത്തോടെ ഒരു ദിവസം കൂടി നമുക്ക് തന്ന സർവ്വേശ്വരനോട് നന്ദി പറഞ്ഞു കൊണ്ട് ഒരു ദിവസം ആരംഭിച്ചു നോക്കൂ…

ഒരു കോഫി കുടിക്കുമ്പോൾ ആ മണവും രുചിയും പൂർണ്ണമായും ആസ്വദിച്ചു കുടിക്കാൻ ശ്രമിച്ചിട്ടുണ്ടോ..ഒരു വല്ലാത്ത അനുഭൂതി നമ്മളിൽ നിറയും..!!ഭക്ഷണം കഴിക്കുമ്പോൾ മുഴുവൻ ശ്രദ്ധയും നാവിലും മൂക്കിലും കേന്ദ്രീകരിച്ചുകൊണ്ട് കഴിച്ചിട്ടുണ്ടോ..?
ഇതുവരെ കഴിച്ചതിനേക്കാൾ രണ്ട് മടങ്ങ് രുചി കൂടിയതായി മനസ്സിലാകും..!!കുളിക്കുമ്പോൾ തലയിൽ ഒഴിക്കുന്ന ഓരോ കപ്പ് വെള്ളവും ഉന്മേഷത്തിന്റെ പരമാവധി ഊർജ്ജം നൽകുന്നതായി സങ്കൽപ്പിച്ചിട്ടുണ്ടോ ?കുളി കഴിയുമ്പോൾ ഒരു പുതുജന്മം കിട്ടിയത് പോലെ തോന്നും നമുക്ക് !!

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വിടർന്ന പുഞ്ചിരിയോടെ നമ്മുടെ സ്നേഹം അവരിലേക്ക് പരന്നൊഴുകുന്നതായി സങ്കൽപ്പിച്ചു സംസാരിച്ചു നോക്കിയിട്ടുണ്ടോ..??
മന്ത്രികമായ രീതിയിൽ അവരുടെ സ്നേഹം നമ്മുടെ ഉള്ളിലേക്കും നിറയുന്നത് കാണാം..
അതുപോലെ തന്നെ വല്ലാത്ത അടുപ്പവും ആശ്വാസവും ഊർജ്ജവും നമ്മളിൽ നിന്ന് അവർക്ക് കിട്ടുന്നതായി അവർ നിങ്ങളോട് പറയും !!എന്തിനേറെ പറയുന്നു..
ഉള്ളിലേക്ക് നമ്മളെടുക്കുന്ന ഓരോ ശ്വാസത്തിലൂടെ ഒരു പോസിറ്റീവ് എനർജി നമ്മുടെ ശരീര കോശങ്ങൾ മുഴുവൻ വ്യാപിക്കുന്നതായി സങ്കൽപ്പിച്ചു നോക്കൂ..
ചുറു ചുറുക്കുള്ള ഒരു കുട്ടിയായി നമ്മൾ മാറുന്നത് കാണാം..!!

ഇങ്ങനെ തീരെ ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തി തുടങ്ങുന്നത് മുതൽ നമ്മളൊരു പുതിയ മനുഷ്യനായി മാറാൻ തുടങ്ങും..മുഖത്ത് ഓജസ്സും കണ്ണുകളിൽ തിളക്കവും വന്നു തുടങ്ങും..നമ്മളെ കാണുമ്പോൾ തന്നെ മറ്റുള്ളവർക്ക് സന്തോഷം കിട്ടുന്ന തരത്തിലേക്ക് നമുക്ക് നമ്മളെ മാറ്റിയെടുക്കാൻ കഴിയും..!!ജീവിതം സന്തോഷമാക്കാനുള്ള ഫോർമുല ഇത്രേയുള്ളൂ..ഓരോ നിമിഷവും സുന്ദരമാക്കുക..അങ്ങനെ ഓരോ മിനിട്ടും ഓരോ മണിക്കൂറും ഓരോ ദിവസവും നമുക്ക് മനോഹരമാക്കാം..അങ്ങനെയുള്ള ശുഭാപ്തി വിശ്വാസത്തോടെ തിളങ്ങുന്ന ഒരു മനുഷ്യന്റെ ജീവിതവും പരിപൂർണ്ണ വിജയമായിരിക്കും..

ആ കാര്യത്തിൽ ഞാൻ വളരെ വളരെ ഭാഗ്യം ചെയ്തവനാണ് എന്ന് വിശ്വസിക്കുന്നു..!!
കാരണം എന്നെ കാണുന്നവർക്ക് എന്നോട് സംസാരിക്കുന്നവർക്ക് ഒത്തിരി സന്തോഷം ലഭിക്കാറുണ്ട് എന്ന് പ്രിയപ്പെട്ട ചിലരൊക്കെ പറയാറുണ്ട്..!!
ഒത്തിരി സമയം അടുത്തിരിക്കാൻ ആഗ്രഹമുണ്ട് എന്ന് പറയുന്നവരുണ്ട്..
ഇടയ്ക്കിടയ്ക്ക് കാണാൻ ഒത്തിരി ദൂരത്ത് നിന്നും ഓടി വരുന്നവരുണ്ട്..!!ഒക്കെ നമ്മൾ കൊടുക്കുന്ന ആത്മാർത്ഥ സ്നേഹത്തിന്റെ തിരിച്ചു കിട്ടലുകളാണ് !!
അങ്ങനെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകളുടെ ഫലമല്ലേ ഈയുള്ളവന്റെ
ഉയിർപ്പ്..

ഞാനിതെഴുതുമ്പോഴും എന്റെ കഴുത്തിൽ ഇരുന്നു കൊണ്ട് ഹൃദയത്തിൽ ചവിട്ടിക്കൊണ്ട് അവളെന്നെ തടയുകയാണ്..!!തളർച്ചയിൽ നിന്നും വളർന്നു വന്ന ഒന്നിനെയും തളർത്താൻ കഴിയില്ല..ഈ എന്നെയും !!!!

NB : രണ്ട് കീമോ കഴിഞ്ഞു ഞാൻ ഉഷാറാണ്..
ശരീരത്തിന് പുറത്ത് വലിയ പ്രശ്നങ്ങൾ ഇല്ലെങ്കിലും അകത്ത് ഉഴുതു മറിക്കുന്ന കീമോയാണ്..
അത് കാരണം മുടി ഒന്നും പോയില്ല..
പക്ഷേ നീരുണ്ട്..
പ്രിയമുള്ളവരുടെ പ്രാർത്ഥനകൾക്ക് നന്ദി..നിറഞ്ഞ സ്നേഹം എല്ലാവരോടും

shortlink

Related Articles

Post Your Comments

Related Articles


Back to top button