KeralaLatest NewsNews

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: രണ്ടാം ദിവസ സ്ഫോടനം ഇന്ന്

കൊച്ചി: ഇന്നലെ മിഷൻ മരടിൽ രണ്ട് ഫ്‌ളാറ്റുകളും നിശ്ചയിച്ചതുപോലെ സെക്കൻഡുകൾ കൊണ്ട് തവിടുപൊടിയായി. ഇന്ന് സമാന അനുഭവം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് മരടിലെ മറ്റ് രണ്ട് ഫ്‌ളാറ്റുകള്‍ കൂടി. ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് നിയന്ത്രിത സ്‌ഫോടനത്തില്‍ കൂടി തകര്‍ക്കുക. രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളും 17 നില കെട്ടിടങ്ങളാണ്.

ഞായറാഴ്ച ആദ്യം തകര്‍ക്കുക ജെയ്ന്‍ കോറല്‍കോവാണ്. പകല്‍ 11 മണിക്കാണ് കെട്ടിടം പൊളിക്കാന്‍ നിശ്ചിച്ചിരിക്കുന്നത്. അതിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും. ആശങ്കപ്പെട്ടതുപോലെ അപകടങ്ങളില്ലാതെ ആദ്യ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളും തകര്‍ക്കാന്‍ സാധിച്ചതോടെ ഞായറാഴ്ചത്തെ നടപടിയിലും അധികൃതര്‍ ആത്മവിശ്വാസത്തിലാണ്.

രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കു. ശനിയാഴ്ച പൊളിച്ച ഫ്‌ളാറ്റുകളുടെ സമീപത്ത് നിരവധി ആളുകള്‍ താമസിച്ചിരുന്നു. എന്നാല്‍ ഇനി പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ സമീപം കാര്യമായി ആളുകള്‍ താമസിക്കുന്നില്ല.

10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവ് തകര്‍ന്ന് തരിപ്പണമാകും. ജെയ്ന്‍ കോറല്‍ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്‌ഫോടനം നടത്തുക.

ALSO READ: മരട് കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്; എ സി മൊയ്തീന്‍

രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്‌ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്‌ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച നിശ്ചയിച്ചതില്‍ നിന്നും മിനിറ്റുകള്‍ വൈകിയാണ് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടത്തിയത്. 11 ന് നിശ്ചയിച്ച സ്‌ഫോടനം സുരക്ഷാ അവലോകനങ്ങള്‍ക്ക് ശേഷം 11.17ന് പൂര്‍ത്തിയാക്കി. പിന്നാലെ 11.44ന് 16 നിലകള്‍ വീതമുള്ള ആല്‍ഫ സെരീന്‍ എന്ന ഫ്‌ളാറ്റ് സമുച്ചയവും നിശ്ചയിച്ചതുപോലെ കോണ്‍ക്രീറ്റ് കൂമ്പാരമായി നിലംപതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button