KeralaLatest NewsNews

കൂടത്തായി കൊലപാതകങ്ങൾ: അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സിനിമ പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ; പരമ്പരയുമായി പ്രമുഖ ചാനലും; ഹാജരാകാൻ കോടതിയുടെ നിർദേശം

താമരശ്ശേരി: കൂടത്തായിലെ കൊലപാതകങ്ങൾ ആസ്‌പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ നാളെ കോടതിയിൽ ഹാജരാകാൻ നിർദേശം. സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെ താമരശ്ശേരി മുന്‍സിഫ്- മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് മീഡിയ പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍, ഫ്‌ളവേഴ്‌സ് ചാനല്‍, ചാനല്‍ സി.ഇ.ഒ. ശ്രീകണ്ഠന്‍ നായര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ്, മുഖ്യപ്രതി ജോളി, സിനിമ സംബന്ധിച്ച്‌ വാര്‍ത്തകള്‍ നല്‍കിയ രണ്ട് ചാനലുകള്‍ എന്നിങ്ങനെ എട്ട് പേരോടാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.

Read also:  കൂടത്തായി മരണപരമ്പര, ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കും കേരളത്തിലെ പ്രമുഖ ചാനലിനുമെതിരെ കോടതിയെ സമീപിച്ചതിന്റെ കാരണം പുറത്ത് പറഞ്ഞ് റോയിയുടെ സഹോദരി

നടന്‍ മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ‘കൂടത്തായ്’ എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ മുൻപ് പ്രഖ്യാപിച്ചിരുന്നു. ‘ജോളി’ എന്ന പേരില്‍ ചലച്ചിത്രമൊരുക്കാന്‍ വാമോസ് മീഡിയയും നടപടി തുടങ്ങിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ ‘കൂടത്തായി’ എന്ന പേരിലുള്ള പരമ്പര നാളെ രാത്രി മുതൽ സംപ്രേക്ഷണം ആരംഭിക്കും. കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുൻപ് തന്നെ സിനിമയും സീരിയലുമെല്ലാം സംപ്രേക്ഷണം ചെയ്യുന്നത് ജോളിയുടെ മക്കളെ മാനസികമായി വളരെയധികം വിഷമിപ്പിക്കുമെന്നാണ് നൽകിയ പരാതിയിൽ റെഞ്ചി തോമസ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button