Latest NewsIndia

താൻ ഭീകരർക്കൊപ്പം എങ്ങനെ വന്നുവെന്നത് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി അറസ്റ്റിലായ ദേവീന്ദർ സിംഗ് , ഇവർക്കൊപ്പം അറസ്റ്റിലായത് ഷോപിയാനിലെ അഭിഭാഷകനും

ഇയാളുടെ അവകാശവാദത്തെ പിന്തുണയ്‌ക്കുന്ന ഒന്നും ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.

ശ്രീനഗര്‍: ഹിസ്‌ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ റിയാസ്‌ നൈക്കൂവിനെ വകവരുത്താനുള്ള ദൗത്യത്തിലായിരുന്നു താനെന്ന അവകാശവാദവുമായി ശ്രീനഗറില്‍ ഭീകരര്‍ക്കൊപ്പം അറസ്‌റ്റിലായ ജമ്മു-കശ്‌മീര്‍ ഡിവൈ.എസ്‌.പി. ദവീന്ദര്‍ സിങ്‌.ശ്രീനഗര്‍ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകല്‍ തടയല്‍ വിഭാഗത്തില്‍ ജോലിചെയ്‌തിരുന്ന ദേവീന്ദര്‍ സിങ്ങിന്‌ നിലവില്‍ തീവ്രവാദവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായി ജോലികള്‍ ഒന്നും നിശ്‌ചയിച്ചിരുന്നില്ല എന്നാണു വിവരം.

ഭീകരര്‍ക്കൊപ്പം യാത്ര ചെയ്യവേ പിടിയിലായ ദവിന്ദറെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇയാളുടെ അവകാശവാദത്തെ പിന്തുണയ്‌ക്കുന്ന ഒന്നും ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.ദവീന്ദറിനൊപ്പം അറസ്‌റ്റിലായ ഭീകരര്‍ ഹിസ്‌ബുള്‍ മുഹാഹുദീന്‍ അംഗം നവീദ്‌ ബാബുവും അല്‍ത്താഫുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ദക്ഷിണ കശ്‌മീരില്‍ ട്രക്ക്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മറുനാട്ടുകാരായ 11 തൊഴിലാളികളെ വധിച്ച കേസിലെ പ്രതിയാണ്‌ നവീദ്‌. പ്രതികള്‍ക്കൊപ്പം ഷോപ്പിയാനിലെ അഭിഭാഷകനായ ഇര്‍ഫാനെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഭീകരര്‍ രണ്ടുദിവസം ശ്രീനഗറിലെ ഇന്ദ്രാ നഗറിലുള്ള ദവീന്ദര്‍ സിങ്ങിന്റെ വസതിയില്‍ തങ്ങിയെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായിട്ടുള്ളത്‌. ശനിയാഴ്‌ച അറസ്‌റ്റിലാകും മുമ്പ് ജമ്മുവിലേക്കുള്ള ഹൈവേയില്‍ ചെക്‌പോസ്‌റ്റില്‍വച്ച്‌ പോലീസ്‌ കാര്‍ തടഞ്ഞുപരിശോധിച്ചപ്പോള്‍ ദവീന്ദര്‍ സിങ്‌ താനാരാണെന്നു മറച്ചുവച്ചില്ല. കാറിലുള്ളത്‌ കുടുംബാംഗങ്ങളാണെന്നാണു പറഞ്ഞതും.എന്നാല്‍ അയാള്‍ക്കൊപ്പം ഭീകരരാണു സഞ്ചരിക്കുന്നതെന്ന കൃത്യമായ വിവരം ജമ്മു കശ്‌മീര്‍ പോലീസിനുണ്ടായിരുന്നു.

ഇയാളുടെ വീട്ടില്‍നിന്ന്‌ ഒരു എ.കെ.-47 റൈഫിള്‍, രണ്ടു പിസ്‌റ്റളുകള്‍, രണ്ടു ഗ്രനേഡുകള്‍, രണ്ടുലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു. 12 ലക്ഷം രൂപയാണ്‌ യാത്രയ്‌ക്കും താമസസൗകര്യത്തിനും മറ്റ്‌ അനുബന്ധകാര്യങ്ങള്‍ക്കും ഭീകരര്‍ ഇയാള്‍ക്ക്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌ എന്നാണു വിവരം. വര്‍ഷങ്ങളായി ജമ്മുവിലെ ഭീകരര്‍ക്ക്‌ ദവീന്ദര്‍ ഒളിയിടം ഒരുക്കിയിരുന്നുവെന്നും ഇതിനായി നല്ല പ്രതിഫലം വാങ്ങിയിരുന്നുവെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തി.

അറസ്‌റ്റിലായ രണ്ടുപേരെയും ചണ്ഡീഗഡിലേക്കു കൂട്ടിക്കൊണ്ടുപോയി താമസസൗകര്യം ഒരുക്കാനാണ്‌ ദേവിന്ദര്‍ പദ്ധതിയിട്ടിരുന്നത്‌. കഴിഞ്ഞകാലങ്ങളില്‍ ദവീന്ദര്‍ സിങ്‌ ഉള്‍പ്പെട്ടിട്ടുള്ള കേസുകളും സാമ്ബത്തികഇടപാടുകളും പരിശോധിക്കുകയാണ്‌ ജമ്മു കശ്‌മീര്‍ പോലീസ്‌. കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്‌.

അതേസമയം ദവീന്ദറിന്‌ രാഷ്‌ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടില്ലെന്നു പോലീസ്‌ അറിയിച്ചു.ട്വിറ്ററിലൂടെയാണ്‌ ജമ്മു കശ്‌മീര്‍ പോലീസ്‌ ഇക്കാര്യം പുറത്തുവിട്ടത്‌.
രാഷ്‌ട്രപതിയുടെ മെഡല്‍ ലഭിച്ച ഉദ്യോഗസ്‌ഥന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായത്‌ ഏറെ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരവധിപേര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ്‌ ജമ്മു കശ്‌മീര്‍ പോലീസിന്റെ വിശദീകരണം.

എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്നും ഇക്കാര്യത്തില്‍ പെരുമാറ്റച്ചട്ടം പാലിച്ചുതന്നെ തുടര്‍നടപടികളെടുക്കുമെന്നും പോലീസ്‌ വ്യക്‌തമാക്കി.ദവീന്ദര്‍ സിങ്ങിന്റെ കേസ്‌ അന്വേഷിക്കാന്‍ ജമ്മു കശ്‌മീര്‍ പോലീസ്‌ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. ദവീന്ദര്‍ സിങ്‌ ഇടപെട്ട മുന്‍കേസുകള്‍ പരിശോധനയ്‌ക്കു വിധേയമാക്കാനാണ്‌ അന്വേഷണസംഘത്തിന്റെ തീരുമാനം.

ഭീകരപ്രവര്‍ത്തനങ്ങളിലെ സിങ്ങിന്റെ പങ്കിനെക്കുറിച്ച്‌ കേന്ദ്ര ഇന്റലിജന്റ്‌സ്‌ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്‌.1990-ല്‍ സബ്‌ ഇന്‍സ്‌പെക്‌ടറായി പോലീസില്‍ പ്രവേശിച്ച സിങ്‌, നിരവധി ഭീകരവിരുദ്ധ നടപടികളില്‍ പങ്കാളിയായിട്ടുണ്ട്‌. നിലവില്‍ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ആന്റിഹൈജാക്കിങ്‌ സെല്ലിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button