KeralaLatest NewsNews

കേരളം ഒന്നാണ്, നമ്മൾ ഒറ്റക്കെട്ടാണ്; മുസ്ലീം ജമായത്ത് പള്ളിയിൽ വിവാഹിതരായ അഞ്ജുവിനും ശരത്തിനും ആശംസ നേർന്ന് മുഖ്യമന്ത്രി

കായംകുളം: ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയിയിൽ വെച്ച് വിവാഹിതരായ അഞ്ജുവിനും ശരത്തിനും ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ പറയാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് 12:15 നാണ് ചേരാവള്ളി അമൃതാഞ്ജനയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്‍റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍കിഴക്ക്, ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തും പള്ളി അങ്കണത്തില്‍ വച്ച്‌ ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്നാണ് അഞ്ജുവിന്റെ വിവാഹം നടത്തിയത്.

Read also: ജമാഅത്ത് പള്ളിയിയിൽ നിലവിളക്ക് കൊളുത്തി അഞ്ജുവും ശരത്തും ഒന്നായി; ജാതിയും മതവും മറന്ന് നാട്ടുകാര്‍ ഒന്നടങ്കം ചടങ്ങിൽ

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം – ഈ സുമനസ്സുകൾക്കൊപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button