KeralaLatest NewsNews

ഭയപ്പെടുത്തി ആവിഷ്‌കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ കലാകാരൻമാർ നിലപാടെടുക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം•ഭയപ്പെടുത്തി നിശബ്ദരാക്കി ആവിഷ്‌കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന പ്രവണതകൾക്കെതിരെ നിലപാടെടുക്കാൻ കലാരംഗത്തുള്ളവർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർക്ക് അതിനുവേണ്ട ധൈര്യം പകരാൻ പൊതുസമൂഹത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴുനാൾ നീളുന്ന നിശാഗന്ധി നൃത്തോത്സവം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങളുടെ നാട് എന്നതാണ് ഇന്ത്യയെ ഒരുമിപ്പിക്കുന്ന പ്രധാനഘടകം. ഈ വൈവിധ്യങ്ങൾ ഇതേപോലെ തുടരുന്നു എന്നുറപ്പാക്കുന്ന സംസ്‌കാരമാണ് കേരളത്തിലേത്. എല്ലാ കലകൾക്കും ഒരുപോലെ വളരാനും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കല തമസ്‌കരിക്കപ്പെടില്ല എന്നുറപ്പാക്കാനും സാംസ്‌കാരിക ഇടപെടൽ ഇവിടെ നടക്കുന്നുണ്ട്. ഇവിടെ നിർഭയരായി ഏതു കലാകാരൻമാർക്കും അവരുടെ കലാരൂപം അവതരിപ്പിക്കാം. കലാകാരൻമാർ ഭയചകിതരായിപ്പോയാൽ കലയിൽ നവീകരണവും പരീക്ഷണങ്ങളും നടക്കില്ല. അതുണ്ടാകാതിരിക്കാൻ കലാരംഗത്തുള്ളവർക്ക് എല്ലാ പരിരക്ഷയും കേരളം നൽകുന്നുണ്ട്. ഏതൊരു കലയിലും ആത്മാന്വേഷണങ്ങളുണ്ട്. അതിൽനിന്നാണ് കലാകാരന്റെ നിലപാടുകൾ വെളിപ്പെടുന്നത്. അതു ചിലപ്പോൾ സാമൂഹ്യജീർണതകൾക്കെതിരായ പ്രതികരണങ്ങളാകാം, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ മുന്നറിയിപ്പാകാം, ഫാസിസത്തിനെതിരായ പ്രതിഷേധമാകാം. ജീവിക്കുന്ന കാലഘട്ടത്തിലെ സംഭവവികാസങ്ങളോട് കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും പ്രതികരിക്കാതിരിക്കാനാവില്ല. ടി.എം. കൃഷ്ണയെപ്പോലുള്ള സംഗീതജ്ഞൻമാർ ഉദാഹരണങ്ങളാണ്. കലാപ്രവർത്തകരുടെ ഇത്തരം പ്രതിഷേധങ്ങൾ ആവിഷ്‌കാരങ്ങളാകുന്നത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിനെതിരെ അവർ അസഹിഷ്ണുത കാട്ടാറുള്ളതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

സ്വയംപുതുക്കാനും പുതുതലങ്ങളിലേക്ക് ഉയരാനും കലാകാരൻമാർക്ക് നിശാഗന്ധി ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇന്ത്യൻ നൃത്തകലയുടെ മഹത്വവും സൗന്ദര്യവും പകർന്നുനൽകുകയാണ് നൃത്തോത്സവത്തിന്റെ ലക്ഷ്യം. വിഖ്യാത നർത്തകർക്കൊപ്പം പുതുതലമുറ നർത്തകർക്കും ഈ വേദി അവസരം നൽകുന്നുണ്ട്.

കലാകാരൻമാർക്ക് സ്വതന്ത്രമായി സംഗമിക്കാനും ആവിഷ്‌കാരം നടത്താനുമുള്ള ഇടം എന്ന നിലയ്ക്കുകൂടിയാണ് ഈ നൃത്തോത്സവത്തെ സർക്കാർ കാണുന്നത്. മറ്റുഭാഗങ്ങളിലെ കലാരൂപങ്ങൾ അടുത്തറിയാൻ നൃത്തോത്സവത്തിലൂടെ അവസരം ലഭിക്കുന്നുണ്ട്. കൊടുക്കൽ വാങ്ങലുകളിലൂടെയാണ് സംസ്‌കാരം ശക്തിപ്പെടുന്നത്. മറ്റിടങ്ങളിൽനിന്നുള്ള കലാരൂപങ്ങളെ നാം ഉൾക്കൊള്ളുന്നത് നമ്മുടെ കലയെ നവീകരിക്കാനും സഹായമാകും. നൃത്തരംഗത്ത് അവിസ്മരണീയമായ സംഭാവനകൾ നടത്തിയ വ്യക്തിയാണ് നിശാഗന്ധി പുരസ്‌കാരം ലഭിച്ച സി.വി. ചന്ദ്രശേഖറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴുദിനങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തെ സൂചിപ്പിച്ച് സപ്തദീപങ്ങൾ കൊളുത്തിയാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ഈവർഷത്തെ നിശാഗന്ധി പുരസ്‌കാരം വിഖ്യാത ഭരതനാട്യം നർത്തകൻ ഡോ: സി.വി ചന്ദ്രശേഖറിന് ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു.

ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഗ്തഭരായ നിരവധിപ്പേരുടെ പാദസ്പർശമേറ്റ വേദിയാണ് നിശാഗന്ധി നൃത്തോത്സവത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. നൃത്തത്തിനും സംഗീതത്തിനും അർഹമായ പ്രാമുഖ്യം നൽകാനാണ് നിശാഗന്ധി നൃത്ത, സംഗീതോത്സവങ്ങൾ വെവ്വേറെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പുരസ്‌കാരം അറിയിച്ചത് വലിയ അംഗീകാരമാണെന്ന് മറുപടി പ്രസംഗത്തിൽ ഡോ: സി.വി. ചന്ദ്രശേഖർ പറഞ്ഞു.

ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കൗൺസിലർ പാളയം രാജൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവർ സംബന്ധിച്ചു. തുടർന്ന് പി. പ്രവീൺകുമാർ അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button