KeralaLatest NewsNews

ലൈഫ് പദ്ധതിയ്ക്കായി തൻ്റെ പേരിലുള്ള ഒരു ഏക്കർ ഭൂമി നൽകിയ അബ്ദുള്ളയെ പ്രശംസിച്ച് മുഖ്യമന്ത്രി

ലൈഫ് പദ്ധതിയ്ക്കായി തൻ്റെ പേരിലുള്ള ഒരു ഏക്കർ ഭൂമി നൽകിയ കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ളയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കടയ്ക്കലിൽ 87 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാൻ സാധിക്കുന്ന ഫ്ളാറ്റ് സമുച്ചയമാണ് അദ്ദേഹത്തിൻ്റെ മഹാമനസ്കത കൊണ്ടു സാധ്യമാകുന്നത്. സമൃദ്ധിയും സമാധാനവും നിറഞ്ഞ നവകേരളം നിർമ്മിക്കാൻ അബ്ദുള്ളയെപ്പോലെ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read also: ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ത്യജിക്കാനും സ്നേഹിക്കാനും കഴിയുന്നവരാണ് ഈ ലോകത്തിൻ്റെ ശക്തി. അവരുടെ ചിറകിലാണ് ചരിത്രം എന്നും മുന്നോട്ടു കുതിച്ചിട്ടുള്ളത്. അക്കൂട്ടത്തിലൊരാളെ ഇന്നലെ കണ്ടുമുട്ടാനിടയായി. കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ള. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ഗവണ്മെൻ്റ് ആവിഷ്കരിച്ച ലൈഫ് പദ്ധതിയ്ക്ക് കൈത്താങ്ങായി കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറം വാർഡിൽ തൻ്റെ പേരിലുള്ള ഒരു ഏക്കർ ഭൂമിയുടെ ആധാരം കൈമാറാൻ തിരുവനന്തപുരത്ത് വന്നതായിരുന്നു അദ്ദേഹം. കടയ്ക്കലിൽ 87 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാൻ സാധിക്കുന്ന ഫ്ളാറ്റ് സമുച്ചയമാണ് അദ്ദേഹത്തിൻ്റെ മഹാമനസ്കത കൊണ്ടു സാധ്യമാകുന്നത്.

തമിഴ്നാട് സ്വദേശിയായ അബ്ദുള്ള 1983-ൽ ആണ് കടയ്ക്കലിൽ എത്തുന്നത്. കൂലിപ്പണി ചെയ്തു ജീവിതം തുടങ്ങിയ അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടെ ചെറുകിട ബിസിനസിലേയ്ക്ക് വളർന്നു. അന്വേഷിച്ചപ്പോൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം തൻ്റെ സമയവും സമ്പത്തും ചിലവഴിക്കുന്നു എന്നു മനസ്സിലാക്കാൻ സാധിച്ചു. അദ്ദേഹത്തോട് ഈ സമൂഹം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. സമൃദ്ധിയും സമാധാനവും നിറഞ്ഞ നവകേരളം നിർമ്മിക്കാൻ അബ്ദുള്ളയെപ്പോലെ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button