Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2020; സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണ് ബജറ്റിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണെന്ന്  സാമ്പത്തിക വിദഗ്ധര്‍. സാമ്പത്തിക മുരടിപ്പും വിലക്കയറ്റവും ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയാണ് ‘സ്റ്റാഗ്ഫ്ളേഷന്‍’. ഇന്ത്യ ഇപ്പോള്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് സാമ്പത്തി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. സ്റ്റാഗ്ഫ്ളേഷന്‍ ദുരവസ്ഥ മറികടക്കാന്‍ നിര്‍മല സീതാരാമന്‍ എന്ത് തന്ത്രമാണ് പയറ്റുന്നതെന്ന് കണ്ട് തന്നെ അറിയാം.

സാമ്പത്തികവളര്‍ച്ചയും ഉപഭോഗവും തൊഴില്‍ മേഖലയും ഇടിയുന്നതിനൊപ്പം പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നു. തൊഴിലില്ലായ്മ ചരിത്രത്തില്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. വ്യവസായ ഉല്‍പ്പാദനവളര്‍ച്ച മന്ദഗതിയിലായി. വാഹനവില്‍പ്പനയിലും ഇടിവ് തുടര്‍ക്കഥയാകുന്നതിനൊപ്പം കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഡിസംബറില്‍ ഭക്ഷ്യ പണപ്പെരുപ്പം 14.12 ശതമാനമായി കുതിച്ചു. നവംബറില്‍ ഇത് 10.01 ശതമാനമായിരുന്നു. പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടരുതെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില്ലറ വിപണിയിലെ പണപ്പെരുപ്പം സാധാരണക്കാരെയാണ് ബാധിക്കുന്നത്. വാഹനവിപണിയിലെ ഇടിവുകാരണം നിര്‍മാണശാലകള്‍ അടച്ചിട്ടു. ട്രെയിന്‍ നിരക്കും ടെലികോം നിരക്കുകളും വര്‍ധിപ്പിച്ചത് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ വഴിയൊരുക്കും. രാജ്യാന്തരവിപണിയില്‍ എണ്ണവില ഉയരുന്നത് സ്ഥിതി വീണ്ടും വഷളാക്കുമെന്നാണ് സാമ്പത്തിക നീരീക്ഷകര്‍ വീക്ഷിക്കുന്നത്.

രാജ്യത്ത് ബിസിനസ് ജോലികള്‍ കുറയുന്നതിനൊപ്പം നിക്ഷേപ പദ്ധതികളും നിര്‍ത്തിവയ്ക്കുകയാണ്. ഇറാന്‍- യുഎസ് വിഷയത്തെ തുടര്‍ന്ന് ആഗോള വിപണയില്‍ എണ്ണ വില വര്‍ദ്ധിച്ചതും പ്രശ്‌നങ്ങള്‍ക്കിടയാക്കും. മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 5 ശതമാനമായി കുറയുമെന്നാണ് കണക്ക്. ഇത് ഒരു ദശകത്തിലേറെക്കാലത്തെ ഏറ്റവും ദുര്‍ബലമായ വേഗതയാണ്. രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിന്റ വക്കിലാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക പ്രശ്നം ഡിമാന്‍ഡിന്റെ പോരായ്മയാണ്. ഡിമാന്‍ഡ് ഉത്തേജിപ്പിക്കാന്‍ പണപ്പെരുപ്പവും ബജറ്റ് കമ്മി ലക്ഷ്യങ്ങളും സംബന്ധിച്ച മുന്‍ ധാരണകള്‍ പലതും രാജ്യം തിരുത്തേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button