Latest NewsNewsIndia

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പേരില്‍ വന്‍ തൊഴില്‍ത്തട്ടിപ്പിന് ശ്രമം; വ്യാജപരസ്യം നല്‍കിയാതാകട്ടെ പ്രമുഖ പത്രത്തിലും

ന്യൂഡല്‍ഹി: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പേരില്‍ വന്‍ തൊഴില്‍ത്തട്ടിപ്പ്. വ്യാജപരസ്യം നല്‍കിയാതാകട്ടെ പ്രമുഖ പത്രത്തിലും. വിവിധ തസ്തികകളില്‍ 4103 ഒഴിവുകളുണ്ടെന്ന് കാണിച്ച് ജനുവരി 28ന് അസം ട്രിബ്യൂണിലും ജനുവരി 29ന് ‘ദ ഹിന്ദു’ പത്രത്തിലുമാണ് തട്ടിപ്പുകാര്‍ പരസ്യം നല്‍കിയത്. എന്നാല്‍ ഇ പരസ്യം വ്യാജമാണെന്ന് എഫ്.സി.ഐ. ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. വ്യാജ വാര്‍ത്ത ആണെന്ന് അറിയിച്ചിട്ടും വ്യാജവൈബ്‌സൈറ്റ് വഴി അപേക്ഷസ്വീകരണം നടക്കുകയാണ്.

ഇതിനാല്‍ ഫെബ്രുവരി ആറിന് മലയാള പത്രങ്ങളിലുള്‍പ്പെടെ എഫ്.സി.ഐ. വ്യാജവിജ്ഞാപനത്തിനെതിരേ അറിയിപ്പും നല്‍കിയിട്ടുണ്ട്. എഫ്.സി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റെന്ന് വിശ്വസിപ്പിക്കുന്ന രീതിയാലാണ് തട്ടിപ്പുകാര്‍ അപേക്ഷാസ്വീകരണത്തിന് വ്യാജ വെബ്സൈറ്റുണ്ടാക്കിയിരിക്കുന്നത്. തൊഴില്‍തട്ടിപ്പിനിരയാകരുതെന്ന അറിയിപ്പുപോലും വെബ്സൈറ്റിലൂടെ സ്‌ക്രോള്‍ ചെയ്യുന്നുണ്ട്. ഫുഡ് കോര്‍പ്പറേഷന്റെ ഔദ്യോഗികവെബ്സൈറ്റിനെ അതേപടി പകര്‍ത്തിയിരിക്കുകയാണ് വിരുതന്മാര്‍.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷത്തെ ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് കണക്കാക്കിയാണ് വ്യാജന്മാര്‍ മുതലെടുപ്പ് നടത്തിയത്. ഒറിജിനല്‍ വിജ്ഞാപനത്തെ വെല്ലുന്ന രീതിയില്‍ ഔദ്യോഗികമുദ്രകളോടെയാണ് വ്യാജപരസ്യം തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് സോണുകളിലായാണ് 4103 ഒഴിവുകള്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇതില്‍ കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണില് 540 ഒഴിവാണ് കാണിച്ചിരിക്കുന്നത്.

എഫ്.സി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് www.fci.gov.in ആണ്. എന്നാല്‍ റിക്രൂട്ട്മെന്റ് അപേക്ഷ സ്വീകരിക്കാറ് www.recruitmentfci.in എന്ന വെബ്സൈറ്റ് വഴിയാണ്.എന്നാല്‍ ഇത് മുതലെടുത്ത് www.fcinet.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണമെന്നാണ് പരസ്യത്തിലെ നിര്‍ദേശം. ഈ റിക്രൂട്ട്മെന്റിന് എഫ്.സി.ഐ. പ്രത്യേകമായി തയ്യാറാക്കിയ വെബ്സൈറ്റാണിതെന്നും വിജ്ഞാപനത്തിലുണ്ട്.

വ്യാജപരസ്യം കണ്ട് ഈ സമയത്തിനുള്ളില്‍ എത്ര പേര്‍ ചതിയില്‍ വീണെന്ന് വ്യക്തമല്ല. ജനുവരി 28, 29 തീയതികളിലാണ് വ്യാജ പരസ്യം വന്നത്. അപേക്ഷാഫീസായി 500 രൂപ ഓണ്‍ലൈനായി അടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുള്ള ലിങ്കുകള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 19 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതിയായി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button