Latest NewsNewsInternational

ബിഷപ്പ് നിക്കോളാസ് ഡിമാര്‍ജിയോയ്ക്കെതിരായ ബാല പീഡനക്കേസ് മുന്‍ എഫ്ബി‌ഐ ഡയറക്ടര്‍ അന്വേഷിക്കും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിന്‍ ബിഷപ്പ് നിക്കോളാസ് ഡിമാര്‍ജിയോയ്ക്കെതിരായ ബാല പീഡന കേസ് അന്വേഷിക്കാന്‍ ന്യൂയോര്‍ക്ക് അതിരൂപത മുന്‍ എഫ്ബിഐ ഡയറക്ടര്‍ ലൂയിസ് ഫ്രീയെ നിയമിച്ചു.

1970-കളില്‍ ന്യൂജെഴ്സിയിലെ ജേഴ്സി സിറ്റി സെന്റ് നിക്കോളാസ് ചര്‍ച്ച് ആന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിയും അള്‍ത്താര ബാലനുമായിരുന്ന മാര്‍ക്ക് മാറ്റ്സെക്കിനെ 75 കാരനായ ഡിമാര്‍ജിയോ പീഡിപ്പിച്ചുവെന്നാണ് കേസ് എന്ന് മാറ്റ്സെക്കിന്‍റെ അഭിഭാഷകന്‍ മിച്ചല്‍ ഗരാബെഡിയന്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ഗരാബെഡിയന്‍ മാറ്റ്സെക്കിന്‍റെ അവകാശവാദങ്ങള്‍ പരസ്യപ്പെടുത്തുകയും, ഡിമാര്‍ജിയോയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. എന്നാല്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ ജോസഫ് ഹെയ്ഡന്‍ ആരോപണം നിഷേധിച്ചു. കേസ് കോടതിയില്‍ എത്തിയാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബിഷപ്പ് ഡിമാര്‍ജിയോയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാര്‍ക്ക് മാറ്റ്സെക്കിന്‍റെ ആരോപണങ്ങളെക്കുറിച്ച് ജനുവരിയില്‍ അന്വേഷണം ആരംഭിക്കാന്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനോട് മാര്‍പ്പാപ്പ ഉത്തരവിട്ടിരുന്നു.

‘കര്‍ദ്ദിനാള്‍ ഡോളനുമായുള്ള സംഭാഷണങ്ങള്‍’ എന്ന റേഡിയോ ടോക്ക് ഷോയില്‍ ഡിമാര്‍ജിയോയുമായുള്ള ബന്ധം ഡോളന്‍ അടുത്തിടെ പരാമര്‍ശിച്ചിരുന്നു.

‘ഡിമാര്‍ജിയോ നല്ലവനാണ്. എന്റെ അടുത്ത സുഹൃത്താണ്, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല’ എന്ന് ഡോളന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

‘എന്നാല്‍ ഇക്കഴിഞ്ഞ നവംബറില്‍ ആരോപണമുന്നയിക്കുന്നത്, അതും 48 വര്‍ഷം മുമ്പ് നടന്ന സംഭവം, തീര്‍ത്തും അപലപനീയമാണ്. ബിഷപ്പ് ഡിമാര്‍ജിയോ പറഞ്ഞതുപോലെ ‘ഇത് അവിശ്വസനീയമാണ്, ഇത് പരിഹാസ്യമാണ്, ഇത് അന്യായമാണ്. ഈ ആരോപണത്തെ സധൈര്യം നേരിടണം. ഗൗരവമായി കാണുകയും വേണം,’ ഡോളന്‍ പറഞ്ഞു.

1993 മുതല്‍ 2001 വരെ എഫ്ബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ലൂയിസ് ഫ്രീയെ ജെറി സാന്‍ഡുസ്കി പീഡനക്കേസ് അന്വേഷിക്കാന്‍ പെന്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ നിയമിച്ചിരുന്നു. പെന്‍ സ്റ്റേറ്റ് നിറ്റാനി ലയണ്‍സ് ഫുട്ബോള്‍ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായ ജെറി സാന്‍ഡുസ്കി പതിനഞ്ച് വര്‍ഷക്കാലത്തോളം നടത്തിയ ബാലപീഡനമാണ് ലൂയിസ് ഫ്രീ അന്വേഷിച്ചത്. 1994 നും 2009 നും ഇടയില്‍ 52 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2012 ജൂണ്‍ 22 ന് 45 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതി കണ്ടെത്തുകയും, സാന്‍ഡുസ്കിയെ 30 വര്‍ഷം മുതല്‍ 60 വര്‍ഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button