KeralaLatest NewsNews

പരാതി നല്‍കിയാല്‍ നിങ്ങളെ തേടി ഡി.ജി.പിയുടെ ഫോണ്‍കോള്‍ വരും; സംഭവം ഇങ്ങനെ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ നിങ്ങളെ തേടി ഡി.ജി.പിയുടെ ഫോണ്‍കോള്‍ വരും. കേട്ടിട്ട് ഞെട്ടാനൊന്നും പോകണ്ട. പരാതി പരിഹാരത്തില്‍ നിങ്ങള്‍ തൃപ്തരാണോ? എന്ന് ചോദിക്കാന്‍ വിളിക്കുന്നതായിരിക്കും. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയവര്‍ തൃപ്തരാണോ എന്ന് സംസ്ഥാന പോലീസ് മേധാവിയടക്കമുള്ള ഉന്നതഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചുചോദിക്കുന്ന രീതി സംസ്ഥാനത്ത് നടപ്പാക്കുന്നു. പരാതിനല്‍കിയപ്പോള്‍ സ്റ്റേഷനില്‍ നിന്നു ലഭിച്ച അനുഭവം എന്താണെന്നും പരാതിയില്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഉന്നതഉദ്യോഗസ്ഥരെ അറിയിക്കാം.

പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയ 10 പേരെ എല്ലാ ജില്ലാ പോലീസ് മേധാവിമാരും എല്ലാദിവസവും വൈകിട്ട് നേരിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാനാണ് നിര്‍ദേശം. റേഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ. ജിമാരും തങ്ങളുടെ അധികാരപരിധിയില്‍ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണില്‍ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി. പിയും സംസ്ഥാന പോലീസ് മേധാവിയും വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണില്‍ ബന്ധപ്പെട്ടു പ്രതികരണങ്ങള്‍ തേടും. ഇതിനായി പരാതിക്കാര്‍ പരാതിയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി നല്‍കിയാല്‍ മതിയാകും. പോലീസ് സ്റ്റേഷനുകള്‍ സര്‍വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവില്‍വരും.

രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സംവിധാനത്തില്‍ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്താലുടന്‍തന്നെ അതിന്റെ വിശദവിവരങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി ലഭിക്കും. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയില്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടുതന്നെ ഫോണില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിലും പരാതികള്‍ കൈപ്പറ്റിയശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും. എന്തായാലും പോലീസും പോലീസ്‌റ്റേഷനുമെല്ലാം അടിമുടി മാറാന്‍ പോവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button