Latest NewsLife Style

കുഴഞ്ഞുവീണുള്ള മരണങ്ങള്‍ കൂടുന്നു : ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സൂക്ഷിക്കുക, കുഴഞ്ഞു വീണുള്ള മരണങ്ങളുടെ കാലമാണിത്. ഇത്തരം മരണങ്ങള്‍ക്കു പ്രായ വ്യത്യാസമില്ലെങ്കിലും കൂടുതല്‍ സംഭവിക്കുന്നത് 50 വയസ്സിനു മുകളിലുള്ളവരെയാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയസ്തംഭനവും രക്തസമ്മര്‍ദവും മൂലവും തലച്ചോറില്‍ രക്തം കട്ടപിടിച്ചുമാണ് ഇത്തരത്തില്‍ പെട്ടെന്നു മരണം സംഭവിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

വേനല്‍ക്കാലമായതോടെ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ അല്ലാതെയും കുഴഞ്ഞു വീണു മരണങ്ങള്‍ കൂടുന്നു. അതെങ്ങനെയെന്നു പരിശോധിക്കാം: ചൂട് പ്രധാനമായും 2 വിധത്തിലാണു മനുഷ്യരെ ബാധിക്കുക. അധികമായി വിയര്‍ക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു നിര്‍ജലീകരണം സംഭവിക്കാം. വിയര്‍പ്പിലൂടെ ധാരാളം ലവണങ്ങള്‍ നഷ്ടപ്പെടും. പ്രത്യേകിച്ചു സോഡിയത്തിന്റെ അളവു കുറയും. താപത്തളര്‍ച്ച എന്ന ആദ്യ ഘട്ടത്തില്‍ ക്ഷീണം, തളര്‍ച്ച, പേശി വലിവ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. നിര്‍ജലീകരണവും ലവണ നഷ്ടവും പരിഹരിക്കാന്‍ ഉതകുന്ന പാനീയങ്ങള്‍, പ്രത്യേകിച്ച് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീര്‍ എന്നിവ ധാരാളമായി കുടിക്കണം. ചൂടു കൂടിയ സാഹചര്യത്തില്‍ നിന്നു മാറി നില്‍ക്കുക, വിശ്രമം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ താപത്തളര്‍ച്ച പരിഹരിക്കാം. ഇതെല്ലാം അവഗണിച്ചാല്‍ താപത്തളര്‍ച്ച മൂര്‍ച്ഛിച്ചു താപാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക് എന്ന ഗുരുതരാവസ്ഥയുണ്ടാകും.

ശരീരത്തില്‍ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന ഈ അവസ്ഥയില്‍ തൊലിയിലേക്കുള്ള രക്തയോട്ടം നിലച്ചു വിയര്‍ക്കല്‍ പൂര്‍ണമായും ഇല്ലാതാകും. കടുത്ത പനി പോലെ ശരീര താപനില ഉയരും. നാഡിമിടിപ്പ് വര്‍ധിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.

ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിനു ലവണങ്ങള്‍ ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ ചൂടു മൂലമുള്ള ആഘാതം ഒരു പരിധിവരെ പരിഹരിക്കാം. മാര്‍ച്ച് പകുതി കഴിയുന്നതോടെ രാത്രി താപനില ഉയരുന്നതും മരണം വര്‍ധിക്കാന്‍ ഇട വരുത്തുന്നുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ മഴ കിട്ടി അന്തരീക്ഷ താപനില താഴുന്നതു വരെ നേരിട്ട് ഉച്ചവെയില്‍ കൊള്ളുന്നതും കഠിനമായ അധ്വാനവും ഒഴിവാക്കണം. ഇടയ്‌ക്കെങ്കിലും ജനലുകള്‍ തുറന്നിടുന്നതു നല്ലതാണ്.

രക്തത്തില്‍ സോഡിയത്തിന്റെ അളവു ക്രമാതീതമായി കുറയുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വഴിവയ്ക്കാം. ചൂടു മൂലമുള്ള നിര്‍ജലീകരണം രക്തസാന്ദ്രതയും ഹൃദയ ധമനികളില്‍ ബ്ലോക്കുള്ളവരില്‍ ഹൃദയാഘാത സാധ്യതയും വര്‍ധിപ്പിക്കുന്നതാണു കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്കു പ്രധാന കാരണം.

വ്യായാമം: 30 മുതല്‍ 45 മിനിറ്റ് വരെ ദിവസേന നടന്നാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാം. ആയുര്‍ദൈര്‍ഘ്യം കൂട്ടാനും പ്രമേഹം, രക്താതിസമ്മര്‍ദം, പക്ഷാഘാതം ഇവ കുറയ്ക്കാനും സഹായിക്കും.

ഭക്ഷണം: ഉപ്പും പഞ്ചസാരയും കൊഴുപ്പിന്റെ അംശവും പരമാവധി കുറയ്ക്കണം. അച്ചാറും ഉണക്കമീനും ഒഴിവാക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button