Latest NewsIndiaNews

ഫെബ്രുവരി 14 – പുല്‍വാമ ഓര്‍മ്മ ദിനത്തില്‍, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ആ വീരപുത്രന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍പ്പൂക്കള്‍

ഇന്ന് ഫെബ്രുവരി 14. ഇന്ത്യയെ,ഒരു ജനതയെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ ജിഹാദി ഭീകരവാദ ആക്രമണവാർത്ത ഞെട്ടലോടെ നമ്മൾ കേട്ടിട്ട് ഒരാണ്ട് തികയുന്ന ദിവസം.സാധാരണ കശ്മീർ താഴ്‌വരയിൽ ഉണ്ടാവുന്ന ഫിദായീൻ തീവ്രവാദ ആക്രമണത്തിൽ നിന്നും തീർത്തും വിഭിന്നമായി, ഇറാഖിലും സിറിയയിലും അഫ്ഗാനിലുമെല്ലാം കാട്ടിക്കൂട്ടുന്ന ഇസ്ലാമിക ഭീകരസംഘടനകളുടെ രീതി പോലെ ഇന്ത്യൻ സൈനികരെ കൂട്ടക്കൊല ചെയ്ത ദിവസം.

ഒരു വാഹനത്തിൽ അതീവ സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ (IED Improvised explosive device) നിറച്ചു കൊണ്ട് ഇന്ത്യൻ പാരാമിലിട്ടറി സൈന്യമായ സി.ആർ പി എഫ് ന്റെ ജവാന്മാർ യാത്ര ചെയ്ത സൈനികവാഹനവ്യൂഹത്തിലേയ്ക്ക് ഇടിച്ചുകയറ്റി പൊട്ടിച്ചപ്പോൾ നമ്മുടെ രാജ്യത്തിനു നഷ്ടമായത് നാല്പത് വീരജവാന്മാരെയായിരുന്നു. ഇന്ത്യൻ സൈന്യത്തെ നേർക്കുനേർ നേരിടാൻ ആവാതെ കാശ്മീരി യുവജനതയെ “സ്വർഗ്ഗം നേടാൻ ” പ്രലോഭിപ്പിച്ചും , പണം നൽകിയും, മതഭീകരത വളർത്തിയും പാകിസ്ഥാൻ സൈന്യവും ഐ എസ് ഐയും മറ്റു ഭീകര സംഘടനകളും വളർത്തിയെടുത്ത ജിഹാദി ഭീകര സംഘടനകളിൽ ഒന്നായ ജയ്‌ഷെ മുഹമ്മദ് അതിന്റെ ഉത്തവാദിത്വം ഏറ്റെടുത്തു കൊണ്ട് സ്വയം ചാവേർ ആയി മാറിയ ആദിൽ അഹമ്മദിന്റെ വീഡിയോ അടക്കം പുറത്തു വിട്ടപ്പോൾ നമ്മുടെ രാജ്യത്തിന്റെ ധീരയോദ്ധാക്കളുടെ വീരമൃത്യുവിൽ ദുഃഖം അണപൊട്ടിയൊഴുകിയ ജനതയിൽ നിന്നും ഉയർന്നുവന്ന വികാരവിക്ഷോഭങ്ങളിൽ തിരിച്ചടി നല്കിയേ തീരൂവെന്ന മുറവിളി കൂടിയുണ്ടായിരുന്നു.

നരേന്ദ്രമോദിയുടെ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയനേട്ടം കൊയ്യാൻ വേണ്ടി മാത്രം ഭീകരവാദയാക്രമണത്തെ ഒരു മറയാക്കിയ പ്രതിപക്ഷ കക്ഷികൾ ആ അവസരത്തെ മുതലെടുക്കാൻ ശ്രമിച്ചത് കണ്ടില്ലെന്നു നടിക്കാൻ യഥാർത്ഥ രാജ്യസ്നേഹികൾക്കു കഴിഞ്ഞിരുന്നില്ല. 56 ഇഞ്ചിന്റെ നെഞ്ചളവിനെ മുൻനിറുത്തി അവരിറക്കിയ പരിഹാസശരങ്ങൾക്ക് മറുപടി നല്കാൻ വെറും പതിനൊന്ന് ദിനങ്ങളേ ( പന്ത്രണ്ടാമത്തെ ദിവസം 12 മിറാഷ് വിമാനങ്ങൾ ആകാശത്തിൽ എഴുതി പുതിയൊരു വീരചരിത്രം) വേണ്ടിവന്നുള്ളൂവെന്നത് ചരിത്രം.

പുൽവാമ ആക്രമണത്തിന് പാകിസ്ഥാൻ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ങ്ങന്നത്തെ പ്രതികരണം. 40 ഇന്ത്യൻ സൈനികരുടെ വീരമൃത്യു ഒരിക്കലും പാഴാവില്ല എന്ന് അദ്ദേഹം അന്ന് പറഞ്ഞത് വെറുമൊരു പാഴ്വാക്കായിരുന്നില്ല. സൈന്യത്തിന് അതിർത്തിയിൽ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു കൊണ്ട് തിരിച്ചടി ശക്തമാക്കാൻ ആവശ്യപ്പെട്ട നരേന്ദ്ര മോഡി അണിയറയിൽ ഒരുക്കുന്ന തിരിച്ചടിക്കുള്ള തയ്യാറെടുപ്പുകൾ ഫെബ്രുവരി 26 രാവിലെ വരെ അതീവ രഹസ്യമായിരുന്നു.

തിരിച്ചടിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ഒരു ദിവസം പോലും പ്രധാനമന്ത്രി വൈകിച്ചില്ലായെന്നത് ജനം മനസ്സിലാക്കിയത് പിന്നീട് പതിനൊന്ന് ദിവസങ്ങൾക്കു ശേഷം ഫെബ്രുവരി 12നു ലോകം സാകൂതം വീക്ഷിച്ച ആ വ്യോമാക്രമണത്തിന്റെ ആസൂത്രണത്തെ കുറിച്ചറിയുമ്പോഴാണ് .അന്നാണ് ഓരോ ഭാരതീയനും ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിൽ അഭിമാനം കൊണ്ട് സ്വയം മറന്നുപോയത്.

ഇന്ത്യൻ പാരാകമാൻഡോകൾ ഉറി ഭീകരാക്രമണത്തിന് ശേഷം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചുള്ള ഭയം നിമിത്തം പുൽവാമ സംഭവം കഴിഞ്ഞ ഉടനെ നിയന്ത്രണ രേഖക്ക് അടുത്തുള്ള മുഴുവൻ ഭീകരവാദ ക്യാമ്പുകളും ഉപേക്ഷിച്ചു പാക് അതിർത്തിക്ക് അടുത്തുള്ള താവളങ്ങളിലേക്ക് പിൻവാങ്ങാൻ പാക് സൈന്യം ഭീകരരോട് ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ കര മാർഗ്ഗം ഉള്ള അപ്രതീക്ഷിത ആക്രമണം ആ സാഹചര്യത്തിൽ അസാധ്യമായി നമുക്ക് മാറിയിരുന്നു.

വ്യോമസേന തലവൻ എയർമാർഷൽ ബിരേന്ദർ സിംഗ് ധനോവ എത്തിയത് കൃത്യമായ പ്ലാനുമായി ആയിരുന്നു. LOC – നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങിയ ജെയ്‌ഷെ മുഹമ്മദ് ഭീകരർ അവരുടെ ആസ്ഥാനം പോലെ തന്നെ തന്ത്ര പ്രധാനമായ താവളം ആയ ബാലക്കോട്ടിലെ കേന്ദ്രത്തിലേക്കാണ് പോയത് എന്ന് റോയുടെ ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. അത് കൂടാതെ ജിഹാദി കൃഷിയിടം എന്നറിയപ്പെടുന്ന മുസാഫറാബാദ്, ജനസാന്ദ്രതയുള്ള ചാക്കോതി തുടങ്ങി ഭീകര കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങളും ആക്രമണ രീതിയും എയർ മാർഷൽ ധനോവ വിശദമാക്കിയിരുന്നു.

ബാലകോട്ട് എന്നത് പാകിസ്ഥാന്റെ ഒരു പ്രവിശ്യയാണ്. പാക് അധിനിവേശകശ്മീർ പോലെ ഒരു തർക്ക പ്രദേശം അല്ല. കൃത്യമായും പാകിസ്ഥാൻ അതിർക്കുള്ളിൽ വരുന്ന ഒരു പ്രദേശമാണ് ബാലക്കോട്ട്. അപ്പോൾ ആ കേന്ദ്രത്തെ ആക്രമിക്കുക എന്നത് ഒരു അണ്വായുധ രാജ്യത്തിൻറെ അതിർത്തിക്കുള്ളിൽ കയറി ആക്രമിക്കുക യെന്നത് തന്നെയാണ്. അതിന്റെ പ്രത്യാഘാതം എന്താവും എന്ന് പേടിച്ചു വിറച്ചിരുന്ന മുൻ സർക്കാരുകൾ കാണിച്ച അലസതയും നമ്മുടെ സ്വന്തം സൈന്യത്തിനോടു പുലർത്തിയ അവിശ്വസനീയതയും നരേന്ദ്രമോദിയെന്ന ഭരണാധികാരിക്ക് ഉണ്ടായില്ല.പുൽവാമ രാജ്യത്തിനു നല്കിയത് കണ്ണീരോർമ്മയാണെങ്കിൽ ബലാക്കോട്ടിലെ തിരിച്ചടി നല്കിയത് ഒരു ഭരണാധികാരി എന്തായിരിക്കണമെന്ന തിരിച്ചറിവാണ്.

ആക്രമണം നടത്തേണ്ടത് ,യുദ്ധം നടക്കേണ്ടത് ശത്രുവിന്റെ മണ്ണിൽ തന്നെയാവണം എന്നത് ചാണക്യന്റെ യുദ്ധ തന്ത്രം ആണ്. അത് അർത്ഥശാസ്ത്രത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. പുൽവാമ ഭീകരവാദത്തിന്റെ ഒരോർമ്മപ്പെടുത്തലാണ്. ഒപ്പം പാകിസ്ഥാനെന്ന രാജ്യത്തിനും ഭീകരസംഘടനകൾക്കും നമ്മൾ നല്കിയ വലിയൊരു താക്കിരും. പുൽവാമ നാല്പതുയോദ്ധാക്കളുടെ രക്തം കൊണ്ടെഴുതിയ വീരചരിതമാണ്.ശത്രുവിന്റെ അവസാനത്തെ ഒളിആക്രമണവും ചെറുത്ത് തോല്പിച്ചതിന്റെ ,ഭാരതത്തിന്റെ അഭിമാനം വീണ്ടെടുത്തതിന്റെ ,
അകത്തും പുറത്തുമുള്ള എല്ലാ രാജ്യദ്രോഹികളുടെയും പരാജയത്തിന്റെ ചരിത്രം കൂടിയാണത്. രക്തംചിന്തിയ ആ നാല്പതുപേർ അവരുടെ യുവത്വവും സ്വപ്നങ്ങളും ഭാരതത്തിനു വേണ്ടീ ഹോമിച്ചവരാണ്. അവരുടെ ഇന്നുകൾ നമ്മുടെ നാളേക്ക് വേണ്ടി അവർ രാഷ്ട്രത്തിനു നൽകിയവരാണ് .പുൽവാമാ ഓർമ്മദിനത്തിൽ , ആ വീരപുത്രന്മാരുടെ ഓർമ്മകൾക്കു മുന്നിൽ ടീം ഈസ്റ്റ്കോസ്റ്റിന്റെ സാദര പ്രണാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button