Latest NewsNewsIndia

സര്‍ക്കാരിനെതിരെ തന്നെ ജനങ്ങള്‍ സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ് ; സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളല്ല ; സി.എ.എ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ്

മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നോ, വഞ്ചകരെന്നോ വിളിക്കാന്‍ കഴിയുന്നതല്ലെന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച്. സമാധാനാപരമായി ഒരു നിയമത്തെ എതിര്‍ക്കുന്നത് കൊണ്ടുമാത്രം അങ്ങനെ പറയാനാകില്ലെന്ന് കോടതി പറഞ്ഞു. സിഎഎയെ എതിര്‍ത്തുകൊണ്ട് സമരം ചെയ്യുന്നതിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇത്തരം സമാധാനപരമായ സമരങ്ങളിലൂടെയാണെന്നും സമാധാനത്തിന്റെ പാതയാണ് രാജ്യത്തിലെ ജനങ്ങള്‍ ഇന്നുവരെ പിന്തുടര്‍ന്നതെന്നും കോടതി പരാമര്‍ശിച്ചു. സര്‍ക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും ടി.വി നലാവാഡെ, എം.ജി സേവ്ലിക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജനങ്ങള്‍ ഇപ്പോഴും സമാധാനപരമായ സമരമാര്‍ഗങ്ങളില്‍ വിശ്വസിക്കുന്നത് ഭാഗ്യമാണ്. ഇത്തരം ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ഭരണഘടന തയാറാക്കപ്പെട്ടതെന്നും കോടതി പറഞ്ഞു.

നേരത്തെ പ്രതിഷേധക്കാര്‍ക്ക് സമരം ചെയ്യാന്‍ അനുമതി നിഷേധിച്ച ബീഡ് ജില്ലയിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെയും മലേഗാവോണ്‍ സിറ്റി പൊലീസിന്റെയും ഓര്‍ഡറുകളും കോടതി തള്ളിയിരുന്നു. എ.ഡി.എം പുറപ്പെടുവിച്ച ഓര്‍ഡര്‍ കാരണമാണ് തങ്ങളും പ്രതിഷേധകര്‍ക്ക് അനുമതി നിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ തന്നെ ജനങ്ങള്‍ സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. എന്നാല്‍ അതുകൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടുവോ എന്നാണ് കോടതി പരിശോധിക്കുന്നതെന്ന് ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button