KeralaLatest NewsNews

കുട്ടികളെ ഉപേക്ഷിച്ചും കൊന്നുതള്ളിയും ഒപ്പം ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചും വകവരുത്തിയും കാമുകനുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടെ നവകേരളം

അഞ്ജു പാര്‍വതി പ്രഭീഷ്

“ഒന്നരവയസ്സുക്കാരന്റെ അരുംകൊലയ്ക്ക് പിന്നിൽ അമ്മയുടെ കരാളഹസ്തം ”
ഈ വാര്‍ത്ത കേട്ട് കേരളം ഒന്നടങ്കം ഞെട്ടിത്തരിച്ചുവെന്നൊക്കെ എഴുതിയാൽ കാലികകേരളത്തിനതു വലിയ തമാശയാകും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതുപോലൊരുപാട് അമ്മമാരെ നമ്മൾ വായിച്ചും കേട്ടും കണ്ടും അറിഞ്ഞിരിക്കുന്നതിനാൽ ഇതും മറ്റേതൊരു വാർത്തയേയും പോലെ ഒന്ന് വായിച്ച്, അതിലെ അവിഹിത എലമെന്റിനു മാത്രം ചെറിയൊരു ഹൈപ്പ് കൊടുത്ത് അടുത്ത സമാനവാർത്തയ്ക്കായി കാത്തിരിക്കാൻ നമ്മൾ പ്രബുദ്ധമലയാളികൾ പഠിച്ചുക്കഴിഞ്ഞു.

കുസൃതിച്ചിറകിൽ മുറ്റത്തും അകത്തളങ്ങളിലും പാറിക്കളിക്കേണ്ടവർ രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ നിശ്ചലമേനികളായി തീരുന്നത് ചേർത്തണയ്ക്കേണ്ട കൈകൾ കൊണ്ടുതന്നെയാണെന്നോർക്കുമ്പോൾ,അവരെ എന്നേയ്ക്കുമായി ഉറക്കിക്കിടത്തുന്നത് പത്തുമാസം ചുമന്നവർ തന്നെയാണെന്നോർക്കുമ്പോൾ മാതൃത്വമെന്ന വാക്കിന് ഇന്ന് രക്തത്തിന്റെ ചൂരും ഹിംസയുടെ മുഖവും കൂടിയുണ്ടെന്നു പറയേണ്ടി വരുന്നു.

കാമുകനൊപ്പം സുഖജീവിതം നയിക്കുവാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തിയെന്ന അമ്മയെ അവിശ്വസനീയതയോടെയും അമ്പരപ്പോടെയും അറപ്പോടെയും നോക്കിക്കണ്ട മലയാളി അതൊരു ഒറ്റപ്പെട്ട സംഭവമായിട്ടായിട്ടാണ് കരുതിയത്. മരവിച്ച കുഞ്ഞു ശരീരത്തെ നിർവികാരയായി നോക്കി നിന്ന അവളിലെ മാതൃത്വം തികച്ചും അന്യമായിരുന്നു മലയാളിക്ക്. ഇന്നിപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട് ഒരുക്കി ദിവസങ്ങൾ തളളി നീക്കുന്നു അവർ. വിടരും മുമ്പേ തല്ലിക്കെടുത്തിയ സ്വാസ്തികയെന്ന ഓമനയെ പകരം വയ്ക്കാൻ എത്ര പഞ്ചാഗ്നികളിൽ വെന്തുരുകിയാലും അവൾക്ക് കഴിയുമോ? ദാമ്പത്യത്തിന്റെ അസ്വാരസ്യങ്ങൾ അല്ല അവളെ കൊണ്ടത് ചെയ്യിച്ചത്. അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തിവലയ്ക്കുളളിൽ കുടുങ്ങിപ്പോയ അവൾക്ക് ഭർത്താവും മകളും ഒരു വിലങ്ങുതടിയായി തോന്നി.ആ തോന്നലിൽ ഒരു യുവാവിനു നഷ്ടമായത് സ്വന്തം അമ്മയും മകളും ജീവിതവുമാണ്.

അവിടെ നിന്നുമങ്ങോട്ട് നമ്മൾ കണ്ടു, കേട്ടു ഒരുപാട് ക്രൂരതയുടെ അമ്മ മുഖങ്ങളെ. നൊന്തു പെറ്റ മകനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് അത് നിർവികാരയായി പോലീസിനോട് വിവരിച്ച ജയമോൾ!! കാമുകനൊപ്പം ഒളിച്ചോടുമ്പോൾ പിഞ്ചുബാല്യങ്ങളെ മറക്കുന്ന എണ്ണമറ്റ അമ്മമാർ!! പച്ചനോട്ടുകൾക്ക് വേണ്ടി സ്വന്തം മക്കളുടെ മാനം വിലപേശി വില്ക്കുന്ന അമ്മമാർ!! ആഗ്രഹിക്കാതെ ഉദരത്തിൽ മുളച്ചതുകൊണ്ട് മാത്രം ജനിച്ചയുടനെ ശ്വാസം മുട്ടിച്ചു ക്കൊല്ലാൻ മടിക്കാത്ത മാതൃത്വത്തെയും കഴിഞ്ഞ നാളുകളിൽ നമ്മൾ കണ്ടു. കുഴിച്ചിട്ട പിഞ്ചുശരീരം നായകൾ മാന്തിപുറത്തിട്ടപ്പോൾ ലോകമറിഞ്ഞു പെറ്റ വയറിന്റെ ക്രൂരത. അമ്മിഞ്ഞപ്പാലിറ്റിച്ചു നല്കേണ്ടതിനു പകരം മരണം നല്കിയ അമ്മമാർ പിന്നീട് നിത്യസംഭവമായി.

പക്ഷേ സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചികഭാവത്തെ മലയാളികൾ കണ്ടത് പിണറായിയിലെ സൗമ്യയിലായിരുന്നു. നിമിഷസുഖത്തിനു വേണ്ടി മാത്രം തനിക്കു ജന്മം നല്കിയവരെയും താൻ ജന്മം നല്കിയ കുരുന്നുകളെയും വിഷം കൊടുത്തു കൊന്ന ക്രൂരത !! കാമത്തിന്റെ വിശപ്പ് ബോധത്തെ ഭരിച്ചപ്പോൾ വിശന്ന വയറുകൾക്ക് വിഷമൂട്ടിയ പൈശാചികതയെ എങ്ങനെ മറക്കാൻ നമുക്ക് കഴിയും.?? മലയാളികൾ ഹൃദയംപ്പൊട്ടിക്കരഞ്ഞതും ദിവസങ്ങളോളം പ്രാർത്ഥിച്ചതും തൊടുപുഴയിലെ കുഞ്ഞുമോനു വേണ്ടിയായിരുന്നു. അവിടെയും വില്ലനായത് അമ്മയുടെ അവിഹിതം. ഇപ്പോഴിതാ തയ്യിലെ വിയാനും കൊല്ലപ്പെട്ടതും അമ്മയുടെ അവിഹിതബസത്തിന്റെ ഇരയായി തന്നെയാണ്.

അവിഹിതത്തിന്റെ ബലിക്കല്ലിൽ തച്ചുടയ്ക്കപ്പെടുന്ന ഒന്നായി മാതൃത്വവും കുഞ്ഞുമേനികളും മാറുമ്പോൾ നമുക്ക് ഈ പാതകത്തിൽ പങ്കില്ലെന്നു പിലാത്തോസിനെപ്പോലെ കൈകഴുകാൻ കേരളീയപൊതുസമൂഹത്തിനു കഴിയുമോ?
ശിഥിലമായ കുടുംബബന്ധത്തിന്റെ ഇരയെന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ നമുക്ക് ഈ സ്ത്രീകളെ ന്യായീകരിക്കാം. പക്ഷേ ഒരു നിമിഷത്തെ വികാരത്തളളിച്ചയിൽ സംഭവിച്ച കൈപ്പിഴ ആയിരുന്നില്ല അനുശാന്തിയും സൗമ്യയും ശരണ്യയും നടത്തിയ പാതകങ്ങൾ. സമർത്ഥമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങൾ ആയിരുന്നു ഇവയെല്ലാം.

അവിഹിതങ്ങൾക്ക് പുരോഗമനവാദത്തിന്റെ പുറംതോടുക്കൊണ്ട് സംരക്ഷണമൊരുക്കുന്ന കേരളത്തിലെ നവോത്ഥാനനായകർക്ക് ഈ അരുംകൊലകളിൽ നിന്നും പിന്തിഞ്ഞുനില്ക്കാനാവില്ല. തുല്യതാവാദമെന്ന ഓമനപ്പേരിൽ പൊതുസമൂഹം സ്ത്രീകൾക്ക് നല്കുന്ന അമിതപ്രാധാന്യവും പരിരക്ഷയുമാണ് ശരണ്യമാരെ സൃഷ്ടിക്കുന്നത്.കുടുംബബന്ധങ്ങളേക്കാൾ മൂല്യമുള്ളതാണ് സ്വന്തം സ്വത്വമെന്ന മിഥ്യാബോധമാണ് പലപ്പോഴും സ്ത്രീകളെ അവിഹിതങ്ങളിലേയ്ക്ക് നയിക്കുന്നത്. സ്വന്തം സുഖത്തിനേക്കാൾ വലുതല്ല പെറ്റകുഞ്ഞുപ്പോലും എന്ന തരത്തിൽ പുതിയ തലമുറയിലെ പെൺകുട്ടികൾ മാറിപ്പോയിട്ടുണ്ടെങ്കിൽ അതിനുത്തരവാദി നമ്മൾ തന്നെയാണ്.

സ്വയംഭോഗപോസ്റ്റിടുന്നതും ബോഡി ആർട്ടെന്ന പേരിൽ തുണിയുരിയുന്നതും ന്യൂഡ്മെറ്റേർണിറ്റി ഫോട്ടോഷൂട്ടും തെരുവുകളിലെ പരസ്യചുംബനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും രാത്രിയിൽ ആൺസുഹൃത്തുക്കൾക്കൊപ്പമുള്ള ചുറ്റിയടിക്കലും ലിവിങ് ടുഗെദറും താലിപ്പൊട്ടിക്കലുമാണ് പുരോഗമനമെന്നു പറഞ്ഞ് കയ്യടിച്ചുപ്രോത്സാഹനം കൊടുക്കുമ്പോൾ നാമറിയുന്നില്ല അത് ശരണ്യമാരിൽ നല്കുന്ന മാനസികധൈര്യം.

പരിചയമില്ലാത്തൊരുവൻ അസമയത്ത് നമ്മുടെ പരിസരത്തുചുറ്റികറങ്ങുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നതുപ്പോലും മോറൽ പോലീസിങ്ങ് ആവുന്ന ഇക്കാലത്ത് അവിഹിതങ്ങൾക്ക് തഴച്ചുവളരാനുള്ള സ്പേസ് നമ്മൾ തന്നെ കൊടുക്കുന്നു. ധാര്‍മ്മികമായ ജീവിതത്തിന്, പാരമ്പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത ജീവിതരീതിയിലേക്ക് സമൂഹത്തെ തള്ളി വിട്ടവരാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍. ഭാരതീയമായ എല്ലാത്തിനെയും പുച്ഛിക്കുകയും തള്ളുകയും അനാദരവോടെ കാണുകയും അങ്ങനെ കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ഇടതുപ്രസ്ഥാനങ്ങളാണ് ഇന്നത്തെ സാമൂഹിക പ്രതിസന്ധിക്ക് കാരണക്കാര്‍.നൂറ് ശതമാനം സാക്ഷരതയുണ്ടെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കൊച്ചു കേരളത്തിൽ അമ്മയെന്ന വികാരത്തിനു പുതിയ നിർവ്വചനങ്ങൾ തേടുമ്പോൾ ഒന്നേ ചോദിക്കാനുള്ളൂ-ഇതോ നവോത്ഥാന നവകേരളം?

shortlink

Related Articles

Post Your Comments

Related Articles


Back to top button