Latest NewsNewsFootballSports

ലഫറിയുടെ അന്ത്യം തീരുമാനമായിരിക്കും ; ടൂര്‍ണമെന്റ് കമ്മിറ്റി ഇറക്കിയ നിബന്ധന കണ്ട് കണ്ണ് തള്ളി സോഷ്യല്‍മീഡിയ

നാട്ടുംപുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ റഫറിയായിരിക്കുക എന്നുപറഞ്ഞാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ല അതോരുത്തരത്തില്‍ ജീവന്‍മരണ കളിയാണ്. അടികൊണ്ട റഫറിമാരും മത്സരത്തിനിടെ പേടിച്ചോടിയ റഫറിമാരും എല്ലാം നാട്ടുംപുറത്തെ കഥകളില്‍ ഏറെയുണ്ട്. കഥകള്‍ എന്നല്ല അത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ജീവന്‍മരണ പോരട്ടത്തിനിറങ്ങുന്ന റഫറിയെ ടൂര്‍ണമെന്റ് കമ്മിറ്റി ഇറക്കുന്ന നിബന്ധനകളില്‍ ”ലഫറിയുടെ അന്ത്യം തീരുമാനമായിരിക്കും” എന്നെഴുതിയാലോ.

സെവന്‍സ് ഫുട്‌ബോളിന്റെ പ്രാരംഭകാലം തൊട്ടുള്ള ക്ലീഷേ പ്രയോഗമാണ് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്നത്, ഒരുപക്ഷെ ഇതെഴുതിയപ്പോള്‍ ”ലഫറിയുടെ അന്ത്യം തീരുമാനമായിരിക്കും” എന്നായിപ്പോയതായിരിക്കണം. യുവജനവേദി അണിയിച്ചൊരുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൈയ്യെഴുത്ത് നോട്ടീസിലാണ് ഇങ്ങനെ ഒരു പരാമര്‍ശമുള്ളത്. എന്തായാലും സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

ആരാണ് നോട്ടീസിനുപിന്നിലുള്ളതെന്നോ എവിടെയാണ് മത്സരമെന്നോ വ്യക്തമല്ല. ഇനി ഏതെങ്കിലും ട്രോളന്റെ കരവിരുതാണോ ഈ നോട്ടീസ്. കാര്യം എന്തായാലും കമ്മിറ്റിയുടെ നിബന്ധനകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇതുമാത്രമല്ല, പരിക്ക് പറ്റിയാല്‍ കമ്മിറ്റി അറിയുന്നതല്ല, ഗ്രൗണ്ട് ഫീ 150ആയിരിക്കും തുടങ്ങിയ നിബന്ധനകളുമുണ്ട്. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കളിക്കാന്‍ പാടില്ലെന്നുള്ള കര്‍ശന നിര്‍ദേശവും കമ്മിറ്റിക്കുണ്ട്.

shortlink

Post Your Comments


Back to top button