KeralaLatest NewsNews

സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന്: ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓൺലൈനിൽ നിയമവിരുദ്ധമായി മരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിന്റെ ഇടപെടൽ കൂടി ഇതിന് ആവശ്യമാണ്. സംസ്ഥാന സർക്കാരിന് മാത്രമായി നിയന്ത്രണം ഏർപ്പെടുത്താൻ ആവില്ല. സംസ്ഥാനത്തിൽ ഓൺലൈനായി മരുന്നു വ്യാപാരം നടത്തിവന്ന മെഡ്ലൈഫ് ഇന്റർനാഷണൽ കമ്പനിയുടെ മരുന്നു വ്യാപാര ലൈസൻസ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് 2019ൽ എന്നന്നേക്കുമായി റദ്ദു ചെയ്ത് ഉത്തരവായിട്ടുണ്ട്. ഇത് വീണ്ടും പ്രചരിക്കുന്നുണ്ടെന്ന വാർത്തയെത്തുടർന്ന് അന്വേഷിച്ച് നടപടിയെടുക്കുന്നതാണ്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ അനിയന്ത്രിതമായി അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നത് അത്യന്തം ആപത്കരമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Also read : കൊറോണ വൈറസ് : ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി

ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് 1940, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് റൂൾസ് 1945 എന്നീ നിയമങ്ങൾ പ്രകാരം മരുന്നുകളുടെ ഓൺലൈൻ വിൽപ്പന അനുവദിച്ചിട്ടില്ല. വ്യാപകമായ ഓൺലൈൻ മരുന്നുവ്യാപാരം നടന്നുവരുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഓൺലൈൻ മരുന്നു വ്യാപാരം സംബന്ധിച്ച് ഊർജിതമായി അന്വേഷണം നടത്തുകയുണ്ടായി. ഓൺലൈൻ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ എല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പ്രവർത്തനം നടത്തുന്നതെന്നും ഇവയിൽ മിക്കവയും ഡോക്ടറുടെ യഥാർത്ഥ കുറിപ്പടിയില്ലാതെയാണ് മരുന്നു വിൽപ്പന നടത്തുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അതാത് സംസ്ഥാന ഡ്രഗ്സ് കൺട്രോളർമാക്ക് നടപടികൾക്കായി അറിയിപ്പ് നൽകി. എന്നാൽ നാളിതുവരെ നടപടി സ്വീകരിച്ചതായി കണ്ടെത്തിയിട്ടില്ല. അതേസമയമാണ് കേരളത്തിൽ മരുന്നു വ്യാപാരം നടത്തിവന്ന മെഡ്ലൈഫ് ഇന്റർനാഷണലിന്റെ ലൈസൻസ് റദ്ദാക്കിയത്.

അലോപ്പതി മരുന്നുകൾ വിശിഷ്യ ആന്റിബയോട്ടിക്കുകൾ, മനോരോഗ മരുന്നുകൾ (ഉറക്കഗുളികകൾ), ലൈംഗിക ഉത്തേജകമരുന്നുകൾ എന്നിവ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരവും വിപത്തുമാണ്. ഇത്തരം മരുന്നുകളുടെ അഭ്യന്തര വിപണനം വളരെ കർശനമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയന്ത്രിക്കുന്നുണ്ട്. എങ്കിലും ഔഷധ ഓൺലൈൻ വിപണനം നിയമത്തിനു കീഴിൽ കൊണ്ടുവരുന്നതിനു ഭേദഗതികൾ അതിവേഗം നടപ്പിലാക്കാനുളള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button