ArticleKeralaLatest NewsNewsParayathe VayyaWriters' Corner
Trending

സർഗ്ഗാത്മകതയുടെ അടയാളപ്പെടുത്തലുകളാകേണ്ട കലാലയമാഗസിനുകൾ ആഭാസത്തിന്റെ നേർസാക്ഷ്യങ്ങളാകുമ്പോൾ ! ഇതിന്റെ പേരോ നവോത്ഥാനം?

അതിന്റെ ഉദാഹരണങ്ങളായിരുന്നു കുരീപ്പുഴയുടെ കവിതയും ഹരീഷിന്റെ മീശ നോവലും ദുർഗ്ഗാനന്ദിനിയുടെ ശിവലിംഗവരയും കേരളവർമ്മയിലെ തലകീഴായി അയ്യപ്പനെ വരച്ച ഫ്ലക്സും ഏറ്റവും ഒടുവിലത്തെ ഉറ മറച്ചത് എന്ന ശീർഷകം കൊടുത്ത മാഗസീനും.

അഞ്ജു പാർവ്വതി പ്രഭീഷ്

വെറും ക്ലാസ് മുറികളിലെ പഠനങ്ങൾക്കപ്പുറം ആരോഗ്യപരമായ സാമൂഹിക-രാഷ്ട്രീയ വിദ്യാഭ്യാസം കൂടി വിദ്യാർഥികൾക്ക് പകർന്ന് നല്കിയിരുന്ന സമ്പന്നമായ ഒരു കലാലയകാലം നമുക്കുണ്ടായിരുന്നു.ആ പാഠങ്ങൾ അവരെ തിന്മകൾക്കെതിരെയും അനീതികൾക്കെതിരെയും ശബ്ദമുയർത്താൻ പ്രാപ്തരാക്കിയിരുന്നു. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും വ്യത്യാസമില്ലാതെ സഹപാഠികളെ സ്നേഹിക്കാൻ പഠിപ്പിച്ച, പഠിച്ചിറങ്ങുമ്പോൾ സമൂഹത്തിന് തങ്ങളെ ആവശ്യമുണ്ടെന്ന് യുവതയെ ബോധ്യപ്പെടുത്തിയിരുന്ന കാമ്പസുകാലം. എന്നാൽ കാലങ്ങൾക്കിപ്പുറം കലാലയങ്ങൾ ചെകുത്താൻക്കോട്ടകളായി മാറ്റംക്കൊണ്ടപ്പോൾ മാറിയത് കലാലയങ്ങളുടെ മുഖഛായ മാത്രമല്ല മറിച്ച് അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ചിന്തകൾക്കും വികാരവിചാരങ്ങൾക്കും കൂടിയാണ്. പ്രണയത്തിന്റെയും നിരാസത്തിന്റെയും പകലിരവുകൾ സമ്മാനിച്ചിരുന്ന ആ കാലം മാറി കാമത്തിന്റെയും പകയുടെയും ചോരച്ചുവപ്പ് പടർന്ന പുതിയ കാലം.

ഒരു കാലത്ത്  കലാലയങ്ങളിലെ സർഗവാസനയ്ക്ക് ഏറ്റവും സ്വാധീനമുണ്ടാക്കിയതായിരുന്നു കോളേജ് മാഗസിനുകൾ. സർഗ്ഗാത്മകതയുടെ നറുമണം പരത്തിയവയായിരുന്നു അതിലെ ഏടുകൾ. ഗൗരവമേറിയ രചനകളുടെ ശേഖരങ്ങളായിരുന്നു ഓരോ മാഗസിനും കരുതിവച്ചത്. എന്നാൽ കാലം മാറിയതോടുകൂടി അതിന്റെ ഭാഷയിലും സ്വഭാവത്തിലും മാറ്റമുണ്ടായി. വായനക്കാരെ പിടിച്ചിരുത്താൻ ഭാഷയെ അവരുടെ രീതിയിലേക്ക് മാറ്റിയപ്പോൾ വരികൾക്കുള്ളിലെ സഭ്യത എങ്ങോ പോയി മറഞ്ഞു. എന്നുമുതല്ക്കാണ് ഈ മാറ്റം തുടങ്ങിയത്? ഈ മാറ്റത്തിനു വിദ്യാർത്ഥികൾ മാത്രമാണോ കാരണക്കാർ?

ഉത്തരങ്ങൾ തേടിപ്പോകേണ്ടതില്ല.പകരം നമ്മുടെ ഉള്ളിലേക്ക് ഒന്ന്  ആഴത്തിൽ കണ്ണോടിച്ചാൽ മതി. തുറന്നുക്കാട്ടലുകളേയും തുറന്നെഴുത്തുകളെയും വാഴ്ത്തപ്പെട്ടതായും പുരോഗമനപരമായും അടയാളപ്പെടുത്തിയ പൊതുസമൂഹമാണ് ഇന്നിന്റെ ഈ അപചയത്തിന്റെ മുഖ്യ കാരണമെന്നു തുറന്നു സമ്മതിച്ചേ തീരൂ.സഭ്യതയുടെ വരമ്പുകൾ പിഴുതെറിയുന്ന എന്തിനെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അതിരുകൾക്കുളളിൽ തളച്ചിട്ടപ്പോൾ നഷ്ടമായത് നല്ലൊരു സംസ്കാരമായിരുന്നു.ഭാരതീയസംസ്കൃതിയുടെയും പൈതൃകത്തിന്റെയും പരിധിയിൽ വരുന്ന എന്തിനേയും ചവിട്ടിത്തേയ്ക്കാനും തള്ളിപ്പറയാനുമുള്ള ത്വര ഇടതുപക്ഷസൈദ്ധാന്തികലോകം കാണിച്ചുതുടങ്ങിയതുമുതൽ അതിന്റെ പ്രതിഫലനം കലാലയങ്ങളേയും ബാധിച്ചുതുടങ്ങി.

സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആര്‍ത്തവം എന്ന നിരുപദ്രവമായ, ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവല്‍ക്കരിച്ചു ‘ആര്‍പ്പോ ആര്‍ത്തവം ‘ എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്കിയതിനു പിന്നിൽ ഇടതുപക്ഷബുദ്ധിജീവികൾക്കു വ്യക്തമായ ഒരു അജണ്ടയുണ്ടായിരുന്നു.ശരിക്കും പറഞ്ഞാൽ അവിടം മുതൽ തുടങ്ങുന്നു സമൂഹത്തിലെ ആ കെട്ടക്കാലം.പിന്നങ്ങോട്ട് എന്തിലുമേതിലും ഹൈന്ദവമതചിഹ്നങ്ങളെ ലാക്കാക്കി ആവിഷ്കാരസ്വാതന്ത്ര്യമെന്ന ആഭാസങ്ങൾ കവിതയായും വരകളായും പുസ്തകങ്ങളായും മാഗസിനുകളായും ആഘോഷിക്കാൻ തുടങ്ങി.അതിന്റെ ഉദാഹരണങ്ങളായിരുന്നു കുരീപ്പുരയുടെ കവിതയും ഹരീഷിന്റെ മീശ നോവലും ദുർഗ്ഗാനന്ദിനിയുടെ ശിവലിംഗവരയും കേരളവർമ്മയിലെ തലകീഴായി അയ്യപ്പനെ വരച്ച ഫ്ലക്സും ഏറ്റവും ഒടുവിലത്തെ ഉറ മറച്ചത് എന്ന ശീർഷകം കൊടുത്ത മാഗസീനും.

സ്വയംഭോഗത്തെ കുറിച്ച് ഒരു പെൺകുട്ടിയെഴുതിയ പോസ്റ്റിനെ തുറന്നെഴുത്തിന്റെ വിപ്ലവമായി കൊണ്ടാടിയവരാണ് നമ്മൾ.ആ നിർലോഭമായ പിന്തുണയാണ് തുടർച്ചയായി അത്തരം പോസ്റ്റുകളിടാൻ ആ പെൺകുട്ടിയെ പ്രേരിപ്പിക്കുന്നത്.ബോഡി ആർട്ടിന്റെ പേരിൽ തുണിയുരിഞ്ഞു നില്ക്കുന്നതും ന്യൂഡ് മാറ്റേർണിറ്റിയുടെ പേരിൽ നടത്തുന്ന നഗ്നതാപ്രദർശനവും പ്രോത്സാഹിപ്പിക്കുന്ന നവോത്ഥാനകേരളത്തിലെ പിള്ളാർ മാഗസീനും നവേത്ഥാനം നല്കാൻ ശ്രമിച്ചതിനെ കുറ്റപ്പെടുത്താൻ നമുക്ക് കഴിയുമോ? വേലി തന്നെയല്ലേ വിളവ് തിന്നു കാണിച്ചത്?

സമൂഹത്തിന്‌ ഹിതമല്ലാത്തത്‌ ചെയ്യുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം. എന്തെല്ലാം പരസ്യമാക്കാം, എന്തെല്ലാം രഹസ്യമാക്കണമെന്നും പരസ്യമായി ചെയ്യരുതെന്നും സമൂഹം ചില നിര്‍ദ്ദേശങ്ങളും വിലക്കുകളും കല്‍പ്പിച്ചിട്ടുണ്ട്‌. ഇതൊന്നും നിയമസംഹിതയിലുൾപ്പെട്ടതല്ല.സമൂഹത്തിന്റെ നേരായവഴിക്കുള്ള സഞ്ചാരത്തിന്‌ ആവശ്യമായതിനാല്‍ സമൂഹം തന്നെ സ്വയം പാലിച്ചു പോരുന്ന കാര്യങ്ങളാണ്‌ ഇവ.
വിശ്വാസിക്കാത്തവരും വിശ്വസിക്കുന്നവരും മാന്യമായ പ്രചാരണ ശീലം അനുവർത്തിക്കണം അതാണ് ആവിഷ്‌കാരത്തിന്റെ കാതൽ.

സർഗാത്മകതയുടെ അടയാളങ്ങളായി കലാകാരന്മാരുടെ അല്ലെങ്കിൽ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ സമൂഹം .വകവെച്ചുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. അതുകൊണ്ടാണ് ഇവിടെ നിർമ്മാല്യമെന്ന സിനിമയുണ്ടായത്. എന്നാൽ ആ സ്വാതന്ത്ര്യത്തിനുമേൽ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ദുർവ്യാഖ്യാനവും ഇരവാദമുണ്ടായപ്പോൾ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ടായി തുടങ്ങി.അതിനെ മുതലെടുക്കാൻ രാഷ്ടീയമാമകൾ അരങ്ങത്തു വന്നപ്പോൾ അരാജകത്വം ഉണ്ടായി.

മെത്രാന്റെ അംശവടി മതചിഹ്നമാകുകയും അതിനെ സർഗ്ഗാത്‌മകതക്കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നത് മതനിന്ദയാകുകയും ചെയ്യുമ്പോൾ ശാസ്താവിനെ തലകീഴായി രക്തത്തുള്ളികൾക്കൊപ്പം ചിത്രീകരിക്കുന്നത് നവോത്ഥാനവും ആകുന്ന ആഭാസകേരളത്തിൽ ഇനിയും ഉറ മറച്ചതും മറയ്ക്കാത്തതുമായ മാഗസിനുകൾ ഇറങ്ങും.കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ പോലും ലൈംഗികതതള്ളിക്കയറ്റി നവോത്ഥാനമൂല്യം കൈവരുത്തുന്നതാണല്ലോ ഇപ്പോഴത്തെ നമ്പർ 1 കേരളത്തിലെ പുതു ട്രെന്റ്.

shortlink

Post Your Comments


Back to top button