Latest NewsNewsIndia

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീഴുമോ? കമൽനാഥിന് തലവേദന തുടരുന്നു

ഭരണപക്ഷത്തിനോടൊപ്പമുള്ള ഒരു സ്വതന്ത്രനും ഒളിവിലാണ്. ഇദ്ദേഹവും രാജിവെക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല

ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീഴുമോ എന്നാണ് ദേശിയ രാഷ്ട്രീയത്തിൽ ഇപ്പോൾ പുകയുന്ന ചർച്ച. കമൽ നാഥ് സർക്കാരിന് തലവേദന തുടരുകയാണ്. നേരിയ ഭൂരിപക്ഷത്തിൽ ആണ് കോൺഗ്രസ് മധ്യപ്രദേശിൽ ഭരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് സർക്കാരിനെ പിന്തുണക്കുന്ന എട്ട് എംഎൽഎമാരെ കാണാതായതോടെയാണ് മധ്യപ്രദേശിൽ പ്രതിസന്ധിയാരംഭിച്ചത്. കോൺഗ്രസിന്‍റെ നാല് എംഎൽഎമാർ, ബിഎസ്പിയുടെ രണ്ട്, എസ്പി ഒന്ന്, ഒരു സ്വതന്ത്രൻ എന്നിവരെയാണു ചൊവ്വാഴ്ച രാത്രി ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആഡംബര ഹോട്ടലിലേക്ക് മാറ്റിയത്. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായാണ് ഈ നടപടിയെന്ന റിപ്പോർട്ടുകളും വൈകാതെ പുറത്തുവന്നു. അഭ്യൂഹങ്ങൾ പടരുന്നതിനിടെ എംഎൽഎമാരെ തിരിച്ചെത്തിക്കാൻ കോൺഗ്രസും രംഗത്തെത്തി.

121 അംഗങ്ങളുടെ പിന്തുണയോടെ സർക്കാർ മുന്നോട്ട് പോകവെയാണ് എട്ട് അംഗങ്ങളെ സ്വന്തം പാളയത്തിലെത്തിച്ച് ഭരണം പിടിക്കാൻ ‘ഓപ്പറേഷൻ ലോട്ടസു’മായി ബിജെപി രംഗത്തിറങ്ങിയത്. 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 114 എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 107 പേരും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോൾ തന്നെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും 121 അംഗങ്ങളുടെ പിന്തുണയോടെ കമൽനാഥ് സർക്കാർ രൂപീകരിക്കുകയായിരുന്നു.

നാല് സ്വതന്ത്രരുടെയും രണ്ട് ബിഎസ്പി, ഒരു എസ്പി എന്നീ അംഗങ്ങളുടെ പിന്തുണ തേടിയായിരുന്നു ഈ സർക്കാർ രൂപീകരണം. നിയമസഭയിൽ രണ്ട് സീറ്റുകൾ ഒഴിഞ്ഞ്കിടക്കുകയാണെന്ന കാര്യവും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. ബിജെപി റിസോർട്ടിലെത്തിച്ച എട്ടിൽ ആറ് പേരെയും തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നു.

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലായിരുന്നു ബിഎസ്പി, എസ്പി എംഎൽഎമാരെ കോൺഗ്രസ് തിരികെയെത്തിച്ചത്. നാട്ടിലെത്തിയതിനു പിന്നാലെ തന്നെ ബിജെപി തങ്ങളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഡൽഹി സന്ദർശിച്ചതാണെന്നും എംഎൽഎമാർ പറഞ്ഞതോടെ തങ്ങൾക്കെതിരെ കോൺഗ്രസ് നടത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞെന്ന് അവകാശപ്പെട്ട് ബിജെപിയും രംഗത്തെത്തി.

ALSO READ: നിയമസഭയിൽ കാണിക്കുന്ന വൃത്തികേട് പാർലമെന്റിൽ നടക്കില്ല; എംപിമാരെ സസ്പെന്‍ഡ് ചെയ്ത കാരണം എന്തെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി വി മുരളീധരന്‍

ഡൽഹിയിലേക്ക് പോയ എട്ട് എംഎൽഎമാരിൽ ആറ് പേരെയും തിരിച്ചെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞപ്പോഴും ഒരു കോൺഗ്രസ് അംഗം രാജിവെച്ചത് നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. ഹർദീപ് സിങ് എന്ന കോൺഗ്രസ് അംഗമാണ് ഇന്നലെ രാത്രി രാജിവെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. ഭരണപക്ഷത്തിനോടൊപ്പമുള്ള ഒരു സ്വതന്ത്രനും ഒളിവിലാണ്. ഇദ്ദേഹവും രാജിവെക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഹർദീപിന്‍റെ രാജിയോടെ കോൺഗ്രസിന്‍റെ അംഗബലം 113 ആയും സർക്കാരിന്‍റേത് 120 ആയും കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button